image

11 Jan 2022 1:07 AM GMT

Kudumbashree

പ്രളയാനന്തരം വരുമാനം ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ 'എറൈസ്' പദ്ധതി

MyFin Desk

പ്രളയാനന്തരം വരുമാനം ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ എറൈസ് പദ്ധതി
X

Summary

പ്രളയാനന്തരം വരുമാനം ലക്ഷ്യമിടുന്നവരോ നിങ്ങള്‍ എങ്കില്‍ അറിയാം എറൈസിനെ


ഇതു വരെ കാണാത്ത കാലാവസ്ഥാ മാറ്റങ്ങളാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് ആശങ്കയോടെ നോക്കിയിരുന്ന പല പാരിസ്ഥിതിക...

 

ഇതു വരെ കാണാത്ത കാലാവസ്ഥാ മാറ്റങ്ങളാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് ആശങ്കയോടെ നോക്കിയിരുന്ന പല പാരിസ്ഥിതിക വെല്ലുവിളികളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി. 2018 മുതല്‍ മഹാപ്രളയങ്ങളുടെ പിടിയിലാണ് കേരളം. രൂക്ഷമായ ചൂടും ആവര്‍ത്തിച്ചുള്ള അതി കഠിനമായ മേഘവിസ്‌ഫോടനങ്ങളും മുമ്പില്ലാത്ത വിധം ജീവനാശത്തിന് കാരണമാകുന്നു. ഇതില്‍ വീടുകളും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ആവര്‍ത്തിച്ചുള്ള പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കുന്നതിനും അതിലൂടെ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് വരുമാനമാര്‍ഗം കാണിച്ചുകൊടുക്കുന്നതിനുമുളള കുടുംബശ്രീ സംരഭമാണ് 'എറൈസ്' (ARISE- Acquiring Resilience and Identify through Sustainable Employment).

പ്രളയാനന്തരം വരുമാനം

സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50,000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നതിനായി എറൈസ് സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം നേടാം. കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാര്‍ക്കും ഇതിന്റെ ഭാഗമായി പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുകയാണ് പദ്ധതി ചെയ്യുന്നത്. ഒപ്പം കുടുംബശ്രീയുടെ നേതൃത്വത്തില്‍ മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിക്കുക എന്നതും ഈ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്.

2018 ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയമാണ് സംസ്ഥാനത്ത് വലിയ നാശം വിതച്ചത്. കുടുംബശ്രീ ഇതുസംബന്ധിച്ച് നടത്തിയ സര്‍വേ പ്രകാരംപ്രളയാനതന്തര സേവന മേഖലകള്‍ കണ്ടെത്തി ഇവിടെ പ്രവര്‍ത്തിക്കുന്നതിന് പരിശീലനം നല്‍കുകയായിരുന്നു. ഒരു തൊഴില്‍ മേഖലായായി വികസിപ്പിക്കപ്പെടുന്നതോടെ വരുമാന സ്രോതസായും ഇത് മാറുന്നു.

അടിസ്ഥാന പണിക്കാര്‍

പ്ലാനിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്‌സ് റിപ്പയര്‍ തുടങ്ങിയ ടെക്‌നിക്കല്‍ കോഴ്‌സുകളും ഡേ കെയര്‍, ഹൗസ്‌കീപ്പിംഗ്, സെയില്‍സ്, ഡാറ്റാ എന്‍ട്രി, ലോണ്‍ട്രി & അയണിംഗ്, ഹൗസ് മെയ്ഡ് തുടങ്ങി നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങളായ ഐ റ്റി ഐ, പോളിടെക്‌നിക് എന്നിവ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്ത അക്രഡിറ്റഡ് പരിശീലന ഏജന്‍സികള്‍ മുഖേനയുമാണ് ഗുണഭോക്താക്കള്‍ക്ക് പരിശീലനം ലഭ്യമാക്കുന്നത്. ഹ്രസ്വകാല കോഴ്‌സുകളായാണ് എറൈസ് പരിശീലന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

എറൈസ് പദ്ധതിയില്‍ 50,000 ആളുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി മുതല്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ 10,000 ആളുകള്‍ 10 മേഖലകളിലായി പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 3000 ആളുകള്‍ പരിശീലനം നേടുകയും അറുപതോളം പഞ്ചായത്തുകളില്‍ 90 മള്‍ട്ടി ടാസ്‌ക് ടീമുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.