image

11 Jan 2022 1:40 AM GMT

Banking

റിക്കവറി ഏജന്റ് ഭയപ്പെടുത്തുന്നുണ്ടോ? പരാതി നല്‍കാം

MyFin Desk

റിക്കവറി ഏജന്റ് ഭയപ്പെടുത്തുന്നുണ്ടോ? പരാതി നല്‍കാം
X

Summary

കുടിശിക വരുത്തിയ ആളിന്റെ അന്തസ് ഹനിക്കുന്ന വിധത്തിലാവരുത് ഇത്തരം റിക്കവറി പ്രവര്‍ത്തനങ്ങള്‍ എന്ന് ആര്‍ ബി ഐ കൃത്യമായി നിര്‍ദേശിക്കുന്നു.


ബോധപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ വായ്പകളുടെ ഇ എം ഐ മുടക്കം വരുന്നത് ഒരു കുറ്റമല്ല. പല അപ്രതീക്ഷിത സംഭവങ്ങള്‍ ഒരാളുടെ...

ബോധപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ വായ്പകളുടെ ഇ എം ഐ മുടക്കം വരുന്നത് ഒരു കുറ്റമല്ല. പല അപ്രതീക്ഷിത സംഭവങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കും. തൊഴില്‍ നഷ്ടപ്പെടുന്നത്, ശമ്പളം കുറയുന്നത്, പല തരത്തിലുളള രോഗങ്ങള്‍ അപ്രതീക്ഷിതമായി ബാധിക്കുന്നത് ഇതെല്ലാം ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാക്കും. അപകടം, മരണം, പ്രകൃതി ക്ഷോഭം ഇവയെല്ലാം നിത്യേന എന്നോണം ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. വരുമാനം പ്രതീക്ഷിച്ച് വായ്പ എടുത്ത് ഒരോ സംരഭങ്ങളില്‍ മുതല്‍ മുടക്കുന്നവരാണ് നമ്മളള്‍. പക്ഷെ അപ്രതീക്ഷിത സാഹചര്യം പ്രതീക്ഷകളെ മാറ്റിമറിക്കുമ്പോള്‍ അത് വായ്പ തിരിച്ചടവിലാണ് ആദ്യം പ്രതിഫലിക്കുക. വായ്പകളുടെ ഇ എം ഐ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക ഇതെല്ലാം അടവ് മുടങ്ങാന്‍ തുടങ്ങും. ഇവിടെയാണ് റിക്കവറി ഏജന്റുമാരുടെ രംഗപ്രവേശം.

വായ്പ റിക്കവറി


ക്രെഡിറ്റ് കാര്‍ഡിലെ കുടിശിക അടയ്ക്കാനാവാതെ വന്നാല്‍ അക്കൗണ്ടുടമയെ അടവ് മുടക്കം വരുത്തിയവരുടെ പട്ടികയിലേക്ക് മാറ്റും. ഇത്തരം അക്കൗണ്ടുകള്‍ റിക്കവറി ഏജ ന്റുമാരില്ലേക്ക് മാറ്റുകയാണ് പിന്നീട് ചെയ്യുക. അതോടെ നിങ്ങള്‍ക്കും ബാങ്കിനും ഇടയില്‍ ഈ പുതിയ ടീം കൂടി എത്തും. നിങ്ങളില്‍ നിന്ന് കുടിശിക പരിച്ചെടുക്കുകയാണ് അവരുടെ ദൗത്യം.

പണം തിരിച്ച് പിടിക്കുക എന്നുള്ളതില്‍ കുറഞ്ഞ് ഒരു ലക്ഷ്യവുമില്ലാത്ത ഇവര്‍ ഏത് തലം വരെയും ഇതിനായി പോകും. പരാതികളെ തുടര്‍ന്ന് പഴയ രീതിയിലുളള ശല്യമില്ലെങ്കിലും ഇപ്പോഴും ഇത് തുടരുന്നുണ്ട്. പണം തിരിച്ച് പിടിയ്ക്കാന്‍ അവര്‍ എന്തു നടപടിയും സ്വീകരിക്കും. അപമാനിക്കുക, അസമയത്ത് ഫോണ്‍ കോള്‍ ചെയ്യുക, ഭീഷണിപ്പെടുത്തുക ഇങ്ങനെയെല്ലാം. എന്നാല്‍ ഇത്തരം പരാതികള്‍ വ്യാപകമായതോടെ ആര്‍ ബി ഐ തന്നെ ഇതിനെതിരെ രംഗത്ത് വരികയും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


ഏതെങ്കിലും കാരണവശാല്‍ ഇതുപോലൊരു അവസരം മുഖാമുഖം കാണേണ്ടി വന്നാല്‍ ചില മുന്‍കരുതലെടുക്കുന്നത് നല്ലതാണ്. അവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്നും അതിരു കടന്നാല്‍ പോലീസില്‍ പരാതിപ്പെടുമെന്നും ആദ്യമേ തന്നെ ഇത്തരം റിക്കവറി ഏജന്റിനെ ധരിപ്പിക്കണം. താമസസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ നിങ്ങളെ കാണാനെത്തുകയാണെങ്കില്‍ ഐ ഡി കാര്‍ഡ് നിര്‍ബന്ധമായും ചോദിക്കണം. അവരില്‍ നിന്ന് ഏത് ബാങ്ക്, ഏത് എജന്‍സി തുടങ്ങിയ വിവരങ്ങള്‍ സംയമനത്തോടെ ചോദിച്ചറിയണം. ഇത്തരം ആളുകള്‍ക്ക് നിങ്ങളെ വിളിക്കാവുന്ന സമയം പകല്‍ മാത്രമാണ്. അസമയത്തുള്ള കോളുകള്‍ പ്രോത്സാഹിപ്പിക്കരുത്.

ആര്‍ ബി ഐ നിര്‍ദേശം


ഒരു മനുഷ്യന്റെ അന്തസ് തകര്‍ക്കും വിധം പെരുമാറുന്നത് നിയമവിരുദ്ധമാണ്. കുടിശിക വരുത്തിയ ആളിന്റെ അന്തസ് ഹനിക്കുന്ന വിധത്തിലാവരുത് ഇത്തരം റിക്കവറി പ്രവര്‍ത്തനങ്ങള്‍ എന്ന് ആര്‍ ബി ഐ കൃത്യമായി നിര്‍ദേശിക്കുന്നു. സഭ്യമായ ഭാഷയും മാന്യമായ പെരുമാറ്റവും എല്ലാവരും അര്‍ഹിക്കുന്നു. ഇതനുസരിച്ച് കുടിശികയായ തുക കാര്‍ഡുടമകളില്‍ നിന്ന് ആവശ്യപ്പെടുമ്പോള്‍ മാന്യത പാലിച്ചിരിക്കണം. ഏതെങ്കിലും വിധത്തില്‍ ഇത് ലംഘിച്ചാല്‍ ബാങ്കിനെതിരെ അടവ് മുടക്കം വരുത്തിയ കാര്‍ഡ്/ ഇ എം ഐ ഉടമയ്ക്ക് പരാതി നല്‍കാം.

പരാതി നല്‍കാം


ഏതെങ്കിലും വിധത്തില്‍ ഇതിനെതിരെ ബാങ്കോ റിക്കവറി ഏജന്റോ പ്രവര്‍ത്തിച്ചാല്‍ ബാങ്കിനെതിരെ ഉപഭോക്താവിന് പരാതി പെടാം. ബാങ്ക് പരാതി ഗൗരവമായി എടുത്തില്ലെങ്കില്‍ പോലിസില്‍ പരാതി നല്‍കാമെന്ന് ആര്‍ ബി ഐ വ്യക്തമാക്കുന്നു.