image

11 Jan 2022 1:37 AM GMT

Cards

പുതുവര്‍ഷത്തില്‍ എടിഎം ചാര്‍ജുകള്‍ കൂടി, പണം നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കാം

MyFin Desk

പുതുവര്‍ഷത്തില്‍ എടിഎം ചാര്‍ജുകള്‍ കൂടി, പണം നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കാം
X

Summary

അറിഞ്ഞോ എടിഎം ചാര്‍ജുകള്‍ കൂടി


2022 ജനുവരി മുതല്‍ എടിഎം ഉപയോഗം പരിധി കഴിഞ്ഞാല്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കും. പുതിയ സാഹചര്യത്തില്‍ പണം നഷ്ടമാകാതിരിക്കാന്‍ എടിഎം ഇടപാടുകള്‍...

 

2022 ജനുവരി മുതല്‍ എടിഎം ഉപയോഗം പരിധി കഴിഞ്ഞാല്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കും. പുതിയ സാഹചര്യത്തില്‍ പണം നഷ്ടമാകാതിരിക്കാന്‍ എടിഎം ഇടപാടുകള്‍ നടത്തുമ്പോള്‍ അധിക ശ്രദ്ധ പുലര്‍ത്താം. അനുവദനീയമായ സൗജന്യ പ്രതിമാസ പരിധിക്കപ്പുറം പണവും പണേതരവുമായ എടിഎം ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇത്.

2022 ജനുവരി 1 മുതല്‍, സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കവിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഇടപാടൊന്നിന് 20 രൂപയ്ക്ക് പകരം 21 രൂപ നല്‍കേണ്ടിവരും. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് എല്ലാ മാസവും സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പെടെ അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. മെട്രോ സെന്ററുകളിലെ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകളും നടത്താനാകും.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവിലുള്ള തുക പോരെന്നും ഇടപാടുകാരില്‍ നിന്ന് കൂടുതല്‍ തുക പിടിക്കണമെന്നും ആവശ്യപ്പെട്ട് എടി എം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആര്‍ബിഐയ്ക്ക് കത്ത് നല്‍കിയിരുന്നു. എടിഎം നടത്തിപ്പ് ആദായകരമല്ലെന്നും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും അതുകൊണ്ട് ഇടപാട് ഒന്നിന് കൂടുതല്‍ തുക ഈടാക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. രാജ്യത്തെ എടിഎമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ 2019 ല്‍ ചുമതലപ്പെടുത്തിയ സമിതിയും ഇന്റര്‍ചേഞ്ച് തുക വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പണം നഷ്ടപെടാതിരിക്കാന്‍ എടിഎം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. കോവിഡ് മൂലമുള്ള നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനയും സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതത്തില്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. സൗജന്യ എടിഎം ഉപയോഗം കൃത്യമായി പാലിക്കുകയും ആവശ്യത്തിന് പണം കൈയ്യില്‍ കരുതുന്നതും നല്ലതാണ്.