image

12 Jan 2022 11:21 PM GMT

Cards

ചെക്ക് മടങ്ങിയോ?, അറിയാം നിയമ വഴി

MyFin Desk

ചെക്ക് മടങ്ങിയോ?, അറിയാം നിയമ വഴി
X

Summary

ചെക്കുകളെ പരമാര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വണ്ടിചെക്ക്


ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറും ഡിജിറ്റല്‍ പണവിനിമയവുമെല്ലാം സജീവമാകുന്നതിന് മുമ്പ് പണമിടപാടുകള്‍ നടത്തുന്നതിന് പ്രധാനപ്പെട്ട...

ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറും ഡിജിറ്റല്‍ പണവിനിമയവുമെല്ലാം സജീവമാകുന്നതിന് മുമ്പ് പണമിടപാടുകള്‍ നടത്തുന്നതിന് പ്രധാനപ്പെട്ട ഒരു സാധ്യതയായിരുന്നു ചെക്കുകള്‍. എന്നാല്‍ പുതിയ ഇലക്ട്രോണിക് യുഗത്തില്‍ ചെക്കുകളുടെ ഉപയോഗം കുറഞ്ഞുവെങ്കിലും സജീവമായി തന്നെ ഇന്നും നിലനില്‍ക്കുന്നു. ചെക്കുകളെ പരമാര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വണ്ടിചെക്ക് അഥവാ ചെക്ക് മടങ്ങുന്ന അവസ്ഥ. ഇത് വലിയ ക്രിമിനല്‍ കേസുകെട്ടായി മാറുന്നു. ഇന്ത്യന്‍ കോടതികളില്‍ ഇന്ന് കെട്ടിക്കിടക്കുന്ന വണ്ടിച്ചെക്ക് കേസുകളുടെ എണ്ണം 35 ലക്ഷമാണെന്നും ഇതിന്റെ വിചാരണ വേഗത്തിലാക്കണമെന്നും സുപ്രീകോടതി പറഞ്ഞിരുന്നു.

വണ്ടിച്ചെക്ക്

ഒരാള്‍ക്കോ ഒരു സ്ഥാപനത്തിനോ പണം കൈമാറാന്‍ അക്കൗണ്ടുടമ നല്‍കുന്നതാണ് ചെക്ക്. ഇത് പണം കൈമാറാമെന്ന് രേഖപ്പെടുത്തപ്പെട്ട ഉറപ്പാണ്. അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാത്തതടക്കമുള്ള വിവിധ കാരണങ്ങളാല്‍ ബാങ്ക് ഈ പണം നല്‍കാതെ മടക്കുമ്പോഴാണ് ചെക്ക് മടങ്ങുക എന്ന് പറയുന്നത്. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങുന്നത് ഇന്ത്യയില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്.

ഇക്കാരണങ്ങള്‍ കൊണ്ട് മടങ്ങാം

നിലവില്‍ ചെക്ക് ബൗണ്‍സായാല്‍ അതിന്റെ കാരണമന്വേഷിച്ച് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതാണ് രീതി. അക്കൗണ്ടില്‍ പണമില്ലായ്മ, തീയതിയുടെ പ്രശ്‌നം, തുക എഴുതിയതിലെ പൊരുത്തക്കേട്, ചെക്കിലെ ഓവര്‍ റൈറ്റിംഗ്,കീറല്‍, ചെക്കിന്റെ കാലപ്പഴക്കം, ഓവര്‍ ഡ്രാഫ്റ്റ് പരിധി ലംഘനം, അക്കൗണ്ട് നമ്പറിലെ പൊരുത്തക്കേട് മുതലായവ മൂലമാകും ചെക്ക് മടങ്ങുക. പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ ചെക്ക് നല്‍കിയ ആള്‍ ആവശ്യപ്പെട്ടാലും മടങ്ങും.

നിയമ നടപടി

ഇങ്ങനെ സംഭവിച്ചാല്‍ ബൗണ്‍സായതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള 'ചെക്ക് റിട്ടേണ്‍ മെമ്മോ' ബാങ്കില്‍നിന്ന് ലഭിക്കും. ഇതോടെ മെമ്മോ ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ചെക്ക് ഇഷ്യു ചെയ്തയാള്‍ക്കു വക്കീല്‍നോട്ടീസ് അയയ്ക്കാം. 15 ദിവസത്തിനുള്ളില്‍ പണം നല്‍കുകയോ നിയമ നടപടി അഭിമുഖീകരിക്കുകയോ വേണം എന്നാവശ്യപ്പെട്ടാകും കത്ത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ചെക്ക് നല്‍കിയ ആള്‍ പണം നല്‍കണം. ഇതില്‍ പരാജയപ്പെട്ടാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ സെക്ഷന്‍ 138 അനുസരിച്ച് ക്രിമിനല്‍ പരാതി മജിസ്ട്രേറ്റ് കോടതിയില്‍ 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാം. നോട്ടീസ് കൈപറ്റാതിരുന്നാലും നിയമ നടപടികളുമായി മുന്നോട്ടു പോകാം.