image

13 Jan 2022 5:26 AM GMT

Banking

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ പണിയാകും

MyFin Desk

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ പണിയാകും
X

Summary

ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച്
പരിധിക്കനുസരിച്ച് പിന്‍വലിക്കാവുന്ന പണത്തിനും പരിമിതിയുണ്ട്.


ഡെബിറ്റ് കാര്‍ഡില്‍ നിന്നെന്ന പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. ഒരോ കാര്‍ഡിന്റെയും പരിധി അനുസരിച്ച്...

 

ഡെബിറ്റ് കാര്‍ഡില്‍ നിന്നെന്ന പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാം. ഒരോ കാര്‍ഡിന്റെയും പരിധി അനുസരിച്ച് ഇങ്ങനെ പണം പിന്‍വലിച്ച് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാം. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്.

വായ്പ

ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇങ്ങനെ പണം പിന്‍വലിക്കുമ്പോള്‍ അത് വായ്പയായിട്ടാണ് നമുക്ക് ലഭിക്കുന്നത്. ഡെബിറ്റ് കാര്‍ഡുപയോഗിക്കുമ്പോള്‍ നമ്മുടെ അക്കൗണ്ടിലുള്ള പണമാണ് നമ്മള്‍ സ്വന്തമാക്കുന്നത്. ഇതാണ് ഇതു തമ്മിലുള്ള വ്യത്യസം. വായ്പയായി പണം നല്‍കുന്നതുകൊണ്ട് ഇതിനെ ക്രെഡിറ്റ് കാര്‍ഡ് അഡ്വാന്‍സ് എന്നാണ് ബാങ്കുകള്‍ വിളിക്കുന്നത്.

തുക ഒരുപോലെയല്ല

ക്രെഡിറ്റ് കാര്‍ഡിന്റെ പ്രധാന പ്രവര്‍ത്തനം കാര്‍ഡുപയോഗിച്ചുള്ള സാമ്പത്തിക ഇടപാട് ആണ്. അതില്‍ അധികമായി ചേര്‍ത്തിട്ടുള്ള ഒരു സാധ്യത മാത്രമാണ് പണം പിന്‍വലിക്കല്‍. സാധാരണ നിലയില്‍ ഒരോ കാര്‍ഡിനും ഉയര്‍ന്ന പരിധിയുണ്ട്. ആ പരിധിക്കനുസരിച്ച് പിന്‍വലിക്കാവുന്ന പണത്തിനും പരിമിതിയുണ്ട്. ഒരോ കാര്‍ഡ് അനുസരിച്ചാണ് പിന്‍വലിക്കാനുള്ള തുകയുടെ പരിധിയും. ഇവിടെ കാര്‍ഡുകള്‍ക്കനുസരിച്ച് മാത്രമല്ല ഒരോ ബാങ്കുകള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍. ഒരു കാര്യം ഓര്‍ക്കേണ്ടത് എല്ലാ ബാങ്കുകളും ഇങ്ങനെ ഒരു സാധ്യത നല്‍കുന്നില്ല.

ചാര്‍ജുണ്ട്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇങ്ങനെ പണം പിന്‍വലിക്കുമ്പോള്‍ രണ്ട് വിധത്തിലാണ് നിങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നത്. ഒന്ന് ഇവിടെ നിങ്ങള്‍ അധിക ചാര്‍ജ് നല്‍കേണ്ടി വരും. ഒപ്പം എടുക്കുന്ന തുകയ്ക്ക് പലിശയും നല്‍കണം. പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ അധികമായി നല്‍കുന്നതായതുകൊണ്ടാണ് ഇതിന് ചാര്‍ജ് ഈടാക്കുന്നത്. ഇവിടെ ഇങ്ങനെ ഈടാക്കുന്ന അധിക തുകയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് അഡ്വാന്‍സ് ഫീ എന്നാണ് പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇങ്ങനെ ഒരോ പ്രാവശ്യം പണം പിന്‍വലിക്കുമ്പോഴും എടുക്കുന്ന പണത്തിന്റെ നിശ്ചിത ശതമാനം ചാര്‍ജായി ബാങ്കുകള്‍ ഈടാക്കും.

300-500

സാധാരണ പിന്‍വലിക്കുന്ന തുകയുടെ 2.5 മുതല്‍ 3 ശതമാനം വരെയാണ് ഇങ്ങനെ ഈടാക്കുക. ഇവിടെ ചുരുങ്ങിയ തുകയും നിശ്ചയിച്ചിട്ടുണ്ട്. 300 മുതല്‍ 500 രൂപ വരെയാണ് ഇത്. അതായത് ഒരോ പ്രാവശ്യം പിന്‍വലിക്കുമ്പോഴും ചുരുങ്ങിയത് 300-500 രൂപ ഇങ്ങനെ നഷ്ടമാകും. ഈ തുക നിങ്ങളുടെ അടുത്ത ബില്ലില്‍ ചേര്‍ക്കും. ഇത് കൂടാതെ ഫിനാന്‍സ് ചാര്‍ജും ഉണ്ടാകും. ഇത് തുക പിന്‍വലിച്ച ദിവസം മുതല്‍ തിരിച്ചടയ്ക്കുന്ന ദിവസം വരെയാണ് എടുക്കുക. മറ്റൊരു കാര്യം ഒരു ദിവസം ഒന്നിലധികം തവണ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ ഓരോന്നിനും മുകളില്‍ പറഞ്ഞ ചാര്‍ജുകള്‍ ബാധകമായിരിക്കും.

ഇതു കൂടാതെയാണ് തുക കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ ആയില്ലെങ്കില്‍ വരുന്ന പലിശ. ഇത് 36 ശതമാനത്തിന് മുകളിലേക്കാണ്. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് കഴിയുന്നതും പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്.