image

14 Jan 2022 11:35 PM GMT

Banking

അറിയാം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ

MyFin Desk

അറിയാം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനെ
X

Summary

ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ഐഐഎമ്മുകള്‍ സ്ഥാപിച്ചത്.


ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികാരപരിധിയിലുള്ള, മാനേജ്മെന്റ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള...

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികാരപരിധിയിലുള്ള, മാനേജ്മെന്റ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം). പ്രാഥമികമായി ബിരുദാനന്തര ബിരുദം, ഡോക്ടറല്‍, എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ക്കൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലെ ചില അധിക കോഴ്‌സുകളും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ഐഐഎമ്മുകള്‍ സ്ഥാപിച്ചത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആക്റ്റ്, 2017 പാസാക്കിയതിന് ശേഷം, മാനവ വിഭവശേഷി വികസന മന്ത്രാലയം ഐഐഎമ്മുകളെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ഈ നിയമത്തിലൂടെ, ഐഐഎമ്മുകള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ സ്വയംഭരണാവകാശം ലഭിച്ചു. രണ്ടു വര്‍ഷ ദൈര്‍ഘ്യമുള്ള മുഴുവന്‍ സമയ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ) പ്രോഗ്രാമുകളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്.

ഐഐഎം അഹമ്മദാബാദ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഇന്‍ഡോര്‍, ലഖ്നൗ, കോഴിക്കോട് എന്നീ ആറ് പ്രമുഖ ഐഐഎമ്മുകള്‍ ആഗോള എംബിഎ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു മുഴുവന്‍ സമയ പ്രോഗ്രാമായി ഒരു വര്‍ഷത്തെ എംബിഎ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ പ്രവൃത്തിപരിചയമുള്ള ബിരുദധാരികള്‍ക്കായി ചില ഐഐഎമ്മുകള്‍ രണ്ട് വര്‍ഷത്തെ പാര്‍ട്ട് ടൈം (എക്സിക്യൂട്ടീവ്) എംബിഎയും വാഗ്ദാനം ചെയ്യുന്നു.

1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം രാഷ്ട്രത്തിന്റെ വികസനത്തിന് മേല്‍നോട്ടം വഹിക്കാനും നയിക്കാനും ആസൂത്രണ കമ്മീഷനെ ചുമതലപ്പെടുത്തി. 1950-കളുടെ അവസാനത്തില്‍, വ്യാവസായിക നയത്തിന്റെ ഭാഗമായി ഇന്ത്യയില്‍ സ്ഥാപിതമായ ധാരാളം പൊതുമേഖലാ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ മാനേജര്‍മാരെ കണ്ടെത്തുന്നതില്‍ കമ്മീഷന്‍ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ തുടങ്ങി.

ഈ പ്രശ്‌നം പരിഹരിക്കാന്‍, 1959-ല്‍ പ്ലാനിംഗ് കമ്മീഷന്‍ പ്രൊഫസര്‍ ജോര്‍ജ്ജ് റോബിന്‍സിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്ഥാപിക്കുന്നതിന് സഹായിക്കാന്‍ ക്ഷണിച്ചു. അദ്ദേഹത്തിന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്ന പേരില്‍രണ്ട് എലൈറ്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കല്‍ക്കട്ടയും അഹമ്മദാബാദും ഈ രണ്ട് പുതിയ സ്ഥാപനങ്ങള്‍ക്കായി തിരഞ്ഞെടുത്തു. കല്‍ക്കട്ടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യമായി സ്ഥാപിതമായത്, 1961 നവംബര്‍ 13-നാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കല്‍ക്കട്ട അല്ലെങ്കില്‍

ഐഐഎം കല്‍ക്കട്ട എന്ന് നാമകരണം ചെയ്യപ്പെട്ടു. എഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍, ഫോര്‍ഡ് ഫൗണ്ടേഷന്‍, ഇന്ത്യന്‍ വ്യവസായം എന്നിവയുടെ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചത്. അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്ത മാസം സ്ഥാപിതമായി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഐഐഎം അഹമ്മദാബാദിന്റെ പ്രാരംഭ ഘട്ടത്തില്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളും ഒരു പ്രധാന പങ്ക് വഹിച്ചു.

1996-ല്‍ കോഴിക്കോടും ഇന്‍ഡോറിലും ഐഐഎമ്മുകള്‍ സ്ഥാപിക്കപ്പെട്ടു. 2005-ലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനത്തെത്തുടര്‍ന്ന് സ്ഥാപിതമായ ഏഴാമത്തെ ഐഐഎം ആയിരുന്നു ഐഐഎം ഷില്ലോംഗ്. 2007 മുതല്‍, പതിനാല് പുതിയ ഐഐഎമ്മുകള്‍ സ്ഥാപിച്ചു, മൊത്തം ഐഐഎമ്മുകളുടെ എണ്ണം 20 ആയി. ഐഐഎം ജമ്മുവാണ് ഏറ്റവും പുതിയതാണ്, 2016 -ല്‍ ആരംഭിച്ചു.