image

16 Jan 2022 4:47 AM GMT

MSME

അറിയാം സംസ്ഥാന സര്‍ക്കാര്‍ നികുതികളെ

MyFin Desk

അറിയാം സംസ്ഥാന സര്‍ക്കാര്‍ നികുതികളെ
X

Summary

പ്രൊഫഷണല്‍ ടാക്സ്, വാറ്റ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, കാര്‍ഷിക വരുമാന നികുതി എന്നിവ സംസ്ഥാനം ഈടാക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ചില നികുതികളാണ്.


സര്‍ക്കാര്‍ നികുതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രൊഫഷണല്‍ ടാക്സ്, വാറ്റ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, കാര്‍ഷിക...

സര്‍ക്കാര്‍ നികുതികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രൊഫഷണല്‍ ടാക്സ്, വാറ്റ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, കാര്‍ഷിക വരുമാന നികുതി എന്നിവ സംസ്ഥാനം ഈടാക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ചില നികുതികളാണ്.

താഴെപ്പറയുന്നവയാണ് സംസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട നികുതികള്‍…

മൂല്യവര്‍ധിത നികുതിയും (Value Added Tax - VAT) വില്‍പ്പപന നികുതിയും

സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ 65-70 ശതമാനം വരെ സംഭാവന ചെയ്യുന്നത് ഈ രണ്ടു നികുതികളുമാണ്. പെട്രോള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം എന്നിവയിന്മേല്‍ വില്‍പ്പന നികുതി ചുമത്തപ്പെടുമ്പോള്‍ ചുരുക്കം ചില സാധനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവയുടെ മേല്‍ എല്ലാം മൂല്യവര്‍ധിത നികുതി ചുമത്തപ്പെടുന്നു. ഒരു ഉത്പന്നത്തിന്റെ ഉത്പാദനം മുതല്‍ അത് ഉപഭോക്താവിന്റെ
കൈകളില്‍ എത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന വര്‍ധനവിന്മേല്‍ ചുമത്തുന്നതാണ് മൂല്യവര്‍ധിത നികുതി. ഇത് ഉത്പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് ഒരു ശതമാനം, നാല് ശതമാനം, 12.5 ശതമാനം എന്നിങ്ങനെ മൂന്നു നിരക്കുകളിലാണ് നിലവില്‍ ചുമത്തപ്പെടുന്നത്.

വില്‍പ്പന നികുതിയും വാറ്റും

2005ന് മുമ്പ്, വിവിധ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് വില്‍പ്പന നികുതി എന്ന് അറിയപ്പെട്ടിരുന്നത്. 2005 ന് ശേഷം ചരക്കുകളുടെ വില്‍പ്പനയ്ക്ക് വാറ്റ് അല്ലെങ്കില്‍ മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തി. വാറ്റ് ഓരോ സംസ്ഥാനവും തീരുമാനിക്കുകയും അത് വ്യാപാരികള്‍ ഉപഭോക്താക്കളിലേക്ക് കൈമാറിക്കൊണ്ട് നികുതി ശേഖരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് വില്‍ക്കുന്ന ചരക്കുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വാറ്റ് നിശ്ചയിക്കുന്നത്. നിര്‍വചിക്കപ്പെട്ട വിഭാഗങ്ങളിലൊന്നും പെടാത്ത സാധനങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. തരംതിരിക്കാത്ത വസ്തുക്കളുടെ വാറ്റ് അടിസ്ഥാനമാക്കി, ഏറ്റവും ഉയര്‍ന്ന നികുതിയുള്ള അഞ്ച് സംസ്ഥാനങ്ങളാണ് ഗുജറാത്ത്, തമിഴ്നാട്, സിക്കിം, ത്രിപുര, മഹാരാഷ്ട്ര എന്നിവ.

പ്രൊഫഷണല്‍ നികുതി

സംസ്ഥാന ഗവണ്‍മെന്റ് നിശ്ചയിക്കുകയും ഈടാക്കുകയും ചെയ്യുന്ന മറ്റൊരു നികുതിയാണ് പ്രൊഫഷണല്‍ ടാക്സ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകാവകാശമായതിനാല്‍, ഈ നികുതിയും ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. തൊഴിലിലൂടെ വരുമാനം നേടുന്ന ഏതൊരാളും നികുതി അടയ്‌ക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഇതിന് ഉദാഹരണമാണ്. വ്യക്തിയുടെ വാര്‍ഷിക വരുമാനം കണക്കാക്കി എല്ലാ മാസവും നികുതി അടയ്ക്കണം. ചില സംസ്ഥാനങ്ങള്‍ ഇത് പ്രതിമാസ വരുമാനത്തെയും മറ്റുള്ളവ വാര്‍ഷിക വരുമാനത്തെയും
അടിസ്ഥാനമാക്കിയാണ് ഈടാക്കുന്നത്. പ്രൊഫഷണല്‍ ടാക്സ് ഈടാക്കാത്ത സംസ്ഥാനങ്ങളുമുണ്ട്.

സ്റ്റാമ്പ് ഡ്യൂട്ടി

സ്റ്റാമ്പ് ഡ്യൂട്ടി എന്നത് ഔദ്യോഗിക രേഖകളായ വിവാഹ രജിസ്ട്രേഷനുകള്‍ അല്ലെങ്കില്‍ ഒരു വസ്തുവുമായി ബന്ധപ്പെട്ട രേഖകള്‍ മുതലായവയ്ക്ക് അടയ്ക്കുന്ന നികുതിയാണ്. ഒരു രേഖയില്‍ അടയ്‌ക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി തുക, ആ ഇടപാടിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. സ്റ്റാമ്പ് ഡ്യൂട്ടി രണ്ട് തരത്തില്‍ അടയ്ക്കാം, ആദ്യത്തേത് പേപ്പറിന് മുകളില്‍ സ്റ്റാമ്പ് പതിച്ച രേഖകള്‍ ഉപയോഗിച്ചും മറ്റൊന്ന് ഔദ്യോഗിക രേഖയില്‍ സ്റ്റാമ്പ് ഒട്ടിച്ചുമാണ്. ഈ പേപ്പറുകള്‍ ഉപയോഗിക്കുന്നതിന്റെ പ്രയോജനം, അവ ഒരു കോടതിയില്‍ തെളിവായി സ്വീകരിക്കാം എന്നതാണ്.

ആഢംബര നികുതി

ആഢംബര നികുതി എന്നത് ഹോട്ടലുകളോ, ആഢംബര താമസ സൗകര്യം നല്‍കുന്ന സ്ഥാപനങ്ങളോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ്. മിക്ക സംസ്ഥാന സര്‍ക്കാരുകളും ഈടാക്കേണ്ട നികുതി തുക നിശ്ചയിക്കുന്ന ഒരു പട്ടിക പ്രഖ്യാപിക്കുന്നു. ജിമ്മുകള്‍, വ്യക്തിഗത പരിശീലകര്‍, വിരുന്ന് ഹാളുകള്‍ തുടങ്ങിയ വിനോദത്തിനോ വിശ്രമത്തിനോ പൗരന്മാര്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ക്ക് ചില
സര്‍ക്കാരുകള്‍ക്ക് ഈ നികുതി ഈടാക്കുന്നു.

വിനോദ നികുതി

വിനോദം നല്‍കുന്ന സ്രോതസ്സുകളില്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഒരു തീരുവയാണ് വിനോദ നികുതി. സിനിമാ ടിക്കറ്റുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എക്‌സിബിഷനുകള്‍, സ്‌പോര്‍ട്‌സ് ഇവന്റുകള്‍ എന്നിവയ്ക്ക് പോലും ഈ നികുതി ഈടാക്കാം. ഒരു സംസ്ഥാന ഗവണ്‍മെന്റ് നികുതിയായതിനാല്‍ ഒരോ സംസ്ഥാനത്തിനും നിരക്ക് വ്യത്യാസപ്പെടുന്നു. ചില സംസ്ഥാനങ്ങള്‍ നികുതി ഈടാക്കുന്നില്ല. സ്ഥാപനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി, വിനോദ രീതി എന്നിവയനുസരിച്ചാണ് നികുതി തുക നിശ്ചയിക്കുന്നത്.

മോട്ടോര്‍ വാഹന നികുതി

ഒരു സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഈടാക്കുന്ന നികുതിയാണിത്. കാര്‍ ഉള്‍പ്പെടുന്ന സെഗ്മെന്റ്, കാറിന്റെ എന്‍ജിന്റെ ശേഷി, ആളുകളെ കൊണ്ടുപോകാനുള്ള കാറിന്റെ ശേഷി, മറ്റ് ചില ഘടകങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് നികുതി തുക നിശ്ചയിക്കുന്നത്. റോഡ് ടാക്സും ഇതിലൊരു വിഭാഗമാണ്. റോഡ് ടാക്സ് രണ്ട് തരത്തില്‍ അടയ്ക്കാം, ആദ്യത്തേത് വാര്‍ഷിക പേയ്‌മെന്റും രണ്ടാമത്തേത് ഒറ്റത്തവണ അടയ്ക്കുന്നതും. ഒറ്റത്തവണ അടയ്ക്കുന്നത് ആജീവനാന്ത റോഡ് ടാക്സ് എന്ന് അറിയപ്പെടുന്നു.