image

18 Jan 2022 3:10 AM GMT

Banking

ജോലി മാറുമ്പോള്‍ നിലവിലെ സാലറി അക്കൗണ്ടിന് എന്തു സംഭവിക്കും?

MyFin Desk

ജോലി മാറുമ്പോള്‍ നിലവിലെ സാലറി അക്കൗണ്ടിന് എന്തു സംഭവിക്കും?
X

Summary

കമ്പനി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുകയും അക്കൗണ്ട് കൈവശം വയ്ക്കുകയും ചെയ്യുന്ന അതേ ബാങ്കിലാണ് ജീവനക്കാരുടെ സാലറി അക്കൗണ്ടുകള്‍ സാധാരണമായി ആരംഭിക്കുന്നത്


സാലറി അക്കൗണ്ട് ഉള്ളവരാണ് നമ്മളില്‍ പലരും. തൊഴില്‍ നല്‍കുന്ന സ്ഥാപനംപ്രതിമാസ ശമ്പളം നല്‍കുന്നതിന് ജീവനക്കാരുടെ പേരില്‍...

സാലറി അക്കൗണ്ട് ഉള്ളവരാണ് നമ്മളില്‍ പലരും. തൊഴില്‍ നല്‍കുന്ന സ്ഥാപനം
പ്രതിമാസ ശമ്പളം നല്‍കുന്നതിന് ജീവനക്കാരുടെ പേരില്‍ ആരംഭിക്കുന്നതാണ്
സാലറി അക്കൗണ്ട്. കമ്പനി ബാങ്കിംഗ് ഇടപാടുകള്‍ നടത്തുകയും അക്കൗണ്ട് കൈവശം വയ്ക്കുകയും ചെയ്യുന്ന അതേ ബാങ്കിലാണ് ജീവനക്കാരുടെ സാലറി അക്കൗണ്ടുകള്‍ സാധാരണമായി ആരംഭിക്കുന്നത്. സാലറി അക്കൗണ്ടിനെ വേണമെങ്കില്‍ സേവിംഗ്സ് അക്കൗണ്ട് എന്ന് വിശേഷിപ്പിക്കാം.

നിരവധി പ്രത്യേകതകളുള്ളതാണ് സാലറി അക്കൗണ്ട്. ഈ അക്കൗണ്ട് സജീവമായി തുടരുന്നതിന് ഒരു വ്യക്തിക്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധമില്ല. സൗജന്യ ഡ്രാഫ്റ്റ് അല്ലെങ്കില്‍ പേ ഓര്‍ഡറുകളുടെ സൗകര്യം സാലറി അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. മാത്രമല്ല, ഇവിടെ ഡെബിറ്റ് കാര്‍ഡില്‍ വാര്‍ഷിക ചാര്‍ജുകളോ ഇഷ്യൂവന്‍സ് ചാര്‍ജുകളോ ഉള്‍പ്പെടുന്നില്ല. നിങ്ങളുടെ നിലവിലെ ജോലിയില്‍ മാറ്റമുണ്ടാകുകയും മൂന്നു മാസത്തിലേറെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റാകാതെയിരിക്കുകയും ചെയ്താല്‍ സ്വയമേവ അവ സേവിംഗ്സ് അക്കൗണ്ടായി മാറും. ഇങ്ങനെ സേവിംഗ്സ് അക്കൗണ്ടായി അവ മാറിയാല്‍ സാലറി അക്കൗണ്ടിന്റെ ആനുകൂല്യങ്ങളെന്നും തന്നെ പിന്നീട് ഈ അക്കൗണ്ടില്‍ ലഭ്യമായിരിക്കില്ല.

അക്കൗണ്ട് മാറ്റാം

ഒരാള്‍ നിലവിലെ ജോലി വിടുന്നതോടെ സാലറി അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടായി മാറുക സ്വാഭാവികം. കാരണം മൂന്ന് മാസത്തിലേറെ അക്കൗണ്ടില്‍ ശമ്പളം ക്രെഡിറ്റ് ആകാതിരിക്കും. പിന്നീട് പുതിയ സ്ഥാപനത്തില്‍ ജോലിക്ക് ചേരുമ്പോള്‍ ഇതിനെ വീണ്ടും സാലറി അക്കൗണ്ട് ആക്കി മാറ്റാന്‍ ശ്രമിക്കാം.

ഇതിനായി പുതിയ സ്ഥാപനത്തിന് നിങ്ങളുടെ ബാങ്കില്‍ തന്നെ അക്കൗണ്ട്് ഉണ്ടോ എന്ന പരിശോധിക്കുകയാണ് ആദ്യ ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ അതേ സാലറി അക്കൗണ്ട് തന്നെ തുടരാന്‍ ജീവനക്കാരന് പുതിയ തൊഴിലുടമയോട് അഭ്യര്‍ത്ഥിക്കാം. ഇനി മറിച്ചാണെങ്കില്‍ ജീവനക്കാരന്‍ കമ്പനിയുമായി ബന്ധപ്പെട്ട ബാങ്കില്‍ പുതിയ ശമ്പള അക്കൗണ്ട് തുറക്കേണ്ടതുണ്ട്. അതോടെ പഴയ സാലറി അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടായി മാറും.

മിനിമം ബാലന്‍സും എടിഎമ്മും

സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പല ബാങ്കുകളും പിഴ ഈടാക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതു കൊണ്ട് സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ ഒരു നിശ്ചിത തുക അക്കൗണ്ടില്‍ മിനിമം അക്കൗണ്ട് ബാലന്‍സായി സൂക്ഷിക്കണം. അതിനാല്‍ സാലറി അക്കൗണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുമ്പോള്‍ അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണം.

മാത്രമല്ല നിങ്ങളുടെ പഴയ സാലറി അക്കൗണ്ട് ഒരു സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റുന്നതിന് മുന്‍പ് നിങ്ങളുടെ വീടിന് സമീപമോ ജോലിസ്ഥലത്തിന് സമീപമോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് എളുപ്പത്തതില്‍ എത്തിചേരാന്‍ കഴിയുന്നിടത്തോ ഈ ബാങ്കിന്റെ എ ടി എം സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തുക

പുതിയ വിലാസം

ജീവനക്കാരുടെ സാലറി അക്കൗണ്ടില്‍ ബാങ്കുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് സാധാരണമായി തൊഴിലിടത്തിലെ വിലാസമാണ് നല്‍കുന്നത്. അതിനാല്‍ സാലറി അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റുമ്പോള്‍ ബാങ്കുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് വിലാസം മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചു കൊണ്ട് സാലറി അക്കൗണ്ടിനെ സേവിംഗ്സ് അക്കൗണ്ടാക്കി മാറ്റാം.