image

27 Jan 2022 11:39 AM GMT

Market

കോള്‍ ഓപ്ഷനുകള്‍ ഗുണകരമോ?

MyFin Desk

കോള്‍ ഓപ്ഷനുകള്‍ ഗുണകരമോ?
X

Summary

കോള്‍ ഓപ്ഷന്‍ നടത്താനായി തീരുമാനിച്ച വിലയെ സ്‌ട്രൈക്ക് പ്രൈസ് എന്നു പറയുന്നു.


കോള്‍ ഓപ്ഷന്‍ ഒരു സാമ്പത്തിക കരാറാണ്. ഓപ്ഷന്‍ കൈവശമുള്ളയാളിന്, ഒരു നിശ്ചിത കാലയളവിനുള്ളില്‍, ഒരു നിശ്ചിത വിലയ്ക്ക്, ആസ്തികള്‍ അടിസ്ഥാനമായുള്ള (underlying assets) ഡെറിവേറ്റീവുകള്‍ വാങ്ങാനുള്ള അധികാരം ലഭിക്കുന്നു. ഈ ആസ്തികള്‍ ഓഹരികളോ, ബോണ്ടുകളോ മറ്റു ചരക്കുകളോ ആവാം. ആസ്തിയുടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ കോള്‍ ഓപ്ഷന്‍ വാങ്ങുന്നത്. കോള്‍ ഓപ്ഷന്‍ നടത്താനായി തീരുമാനിച്ച വിലയെ സ്‌ട്രൈക്ക് പ്രൈസ് എന്നു പറയുന്നു. കൂടാതെ വില്‍പ്പന നടത്തുന്ന സമയത്തെ വിപണി വിലയെ സ്‌പോട്ട് പ്രൈസ് എന്നും വിളിക്കുന്നു. കോള്‍ ഓപ്ഷന്‍ വാങ്ങുന്നതിനായി ഒരു നിശ്ചിത തുക മുന്‍കൂറായി നല്‍കണം. ഇതിനെ ഓപ്ഷന്‍ പ്രീമിയം (option premium) എന്നു വിളിക്കുന്നു. ഓപ്ഷന്‍ ട്രേഡിങ് നടന്നില്ലെങ്കില്‍ ഈ തുക തിരിച്ചു ലഭിക്കുന്നതല്ല (non-refundable).

കോള്‍ ഓപ്ഷനുകള്‍ വാങ്ങിയവര്‍ക്ക് അത് അവസാനിക്കുന്ന ദിവസം വരെ കൈവശം വെയ്ക്കാം, അല്ലെങ്കില്‍ അതിനു മുന്‍പായി ഓപ്ഷന്‍ കരാറുകള്‍ വില്‍ക്കാം. കരാര്‍ അവസാനിക്കുന്ന ദിവസം ആസ്തിയുടെ വില (spot price), ഉറപ്പിച്ച വിലയെക്കാള്‍ (strike price) താഴെയാണെങ്കില്‍ ഈ കരാര്‍ വാങ്ങുന്നയാള്‍ക്ക് ഒഴിവാക്കാം. അപ്പോള്‍ മുന്‍കൂറായി നല്‍കിയ തുക (option premium) നഷ്ടപ്പെടും. ഈ തുകയായിരിക്കും അപ്പോള്‍ അയാളുടെ പരമാവധി നഷ്ടം.

സ്‌ട്രൈക്ക് പ്രൈസിനേക്കാള്‍ കൂടുതലാണ് സ്‌പോട്ട് പ്രൈസ് എങ്കില്‍ കോള്‍ ഓപ്ഷനിലൂടെ അയാള്‍ക്ക് ലാഭം ലഭിക്കുന്നു. അതായത്, വില്‍ക്കുമ്പോള്‍ അധികമായി ലഭിച്ച തുകയില്‍ നിന്നും പ്രീമിയം തുക കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന വ്യത്യാസമാണ് അയാളുടെ ലാഭം. ഉദാഹരണമായി, ഒരാള്‍ 100 രൂപ വിപണി വില വരുന്ന ഒരു ഓഹരിയ്ക്ക് മൂന്നു മാസത്തേക്ക് 130 രൂപ strike price ല്‍ കോള്‍ ഓപ്ഷന്‍ ചെയ്യുന്നു. അടിസ്ഥാന ആസ്തിയുടെ വില വര്‍ധിച്ചതിനാല്‍ 3 മാസത്തിനുള്ളില്‍ ഇയാള്‍ക്ക് ഈ ഓഹരിയക്ക് 150 രൂപ ലഭിച്ചു എന്നിരിക്കട്ടെ. അപ്പോള്‍ ഒരു ഓഹരിയില്‍ അയാള്‍ക്ക് 20 രൂപ അധികം ലഭിക്കുന്നു. ഈ ലഭിക്കുന്ന തുകയില്‍ നിന്നും പ്രീമിയമായി നല്‍കിയ തുക കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് കോള്‍ ഓപ്ഷനിലെ അയാളുടെ മൊത്തം ലാഭം. നേരെ മറിച്ച് 130 രൂപയ്ക്ക് 3 മാസത്തേയ്ക്ക് കരാറിലേര്‍പ്പെട്ട് ഓഹരിയുടെ വില കുറഞ്ഞ് 110 ആയി എന്നിരിക്കട്ടെ. അപ്പോള്‍ അയാള്‍ക്ക് ഈ കരാര്‍ ഒഴിവാക്കാം. പ്രീമിയമായി നല്‍കിയ പണമായിരിക്കും അപ്പോഴുള്ള അയാളുടെ ആകെ നഷ്ടം.

മറ്റൊരു ഉദാഹരണം, നിങ്ങള്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു വീട് കണ്ട് ഇഷ്ടപ്പെട്ടു എന്നു കരുതുക. നിങ്ങള്‍ക്ക് ഉടനടി വാങ്ങാന്‍ താല്‍പര്യമില്ല. പകരം 3 വര്‍ഷത്തിനു ശേഷം, വീടിന്റെ ലൊക്കേഷന്‍ വികസിച്ചതിനു ശേഷം വാങ്ങാന്‍ താല്‍പര്യപ്പെടുന്നു. വീട് നിര്‍മിക്കുന്ന ബില്‍ഡറില്‍ നിന്നും ഒരു കോള്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് കരുതുക. 3 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം രൂപയ്ക്ക് ഈ വീട് നിങ്ങള്‍ക്ക് വാങ്ങാനൊരു ഓപ്ഷന്‍. ഇതിന് നിങ്ങള്‍ ഒരു അഡ്വാന്‍സ് നല്‍കണം (പ്രീമിയം). ഇത് non-refundable ആണ്. പ്രീമിയം രണ്ട് ലക്ഷം രൂപയായി കണക്കാക്കാം. രണ്ടു വര്‍ഷത്തിനുശേഷം വീടിന്റെ നിര്‍മാണവും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായി എന്നു കരുതുക. അപ്പോള്‍ നിങ്ങള്‍ക്ക് കോള്‍ ഓപ്ഷന്‍ ഉപയോഗിക്കാം. Agreement തുകയായ 40 ലക്ഷം നല്‍കി, കാലാവധിക്കുള്ളില്‍ വീട് സ്വന്തമാക്കാം. ആ സമയത്ത് വീടിന്റെ വില 50 ലക്ഷം ആയെന്നു കരുതുക. എങ്കിലും ബില്‍ഡര്‍ക്ക് നിങ്ങളുമായുണ്ടാക്കിയ കോള്‍ ഓപ്ഷന്‍ ലംഘിക്കാനാവില്ല, വീട് 40 ലക്ഷത്തിന് നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ 3 വര്‍ഷം കഴിഞ്ഞുപോയാല്‍, ഈ കോള്‍ ഓപ്ഷന്‍ ഇല്ലാതാകും. അപ്പോള്‍ നിങ്ങള്‍ക്ക് വിപണിവില നല്‍കേണ്ടി വരും. (കരാര്‍ അസാധുവാകും). ഇങ്ങനെയാണ് കോള്‍ ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നത്.