image

27 Jan 2022 7:44 AM GMT

Market

ഓഹരിയെക്കുറിച്ച് അറിയാം

MyFin Desk

ഓഹരിയെക്കുറിച്ച് അറിയാം
X

Summary

ഒരു കമ്പനിയുടെ, അല്ലെങ്കില്‍ ബിസിനസിന്റെ, ഉടമസ്ഥാവകാശത്തിന്റെ (ownership) ഒരു പങ്ക്/ യൂണിറ്റ് ആണ് ഓഹരി (share). ഒരു കമ്പനിയുടെ ഉടമസ്ഥാവകാശത്തെ അതിന്റെ സ്ഥാപകര്‍/ പ്രമോട്ടര്‍മാര്‍ കോടിക്കണക്കിന് യൂണിറ്റുകളായി വിഭജിക്കുകയും, അവ പൊതുജനത്തിന് വിതരണം ചെയ്ത് മൂലധനം സമാഹരിക്കുകയും ചെയ്യുന്നു. ഓരോ ഓഹരിക്കും (യൂണിറ്റിനും) ഒരു മുഖവില (face value)  ഉണ്ടാകും. സാധാരണ പത്ത് രൂപയാണ് മുഖവിലയായി നിശ്ചയിക്കുക. ഇതിന് പുറമേ, കമ്പനിയുടെ ലാഭക്ഷമതയുടേയും, വളര്‍ച്ചാസാധ്യതകളുടെയും അടിസ്ഥാനത്തില്‍ ഒരു പ്രീമിയം തുക കൂടി മുഖവിലയോട് ചേര്‍ക്കുന്നു. ഉയര്‍ന്ന ലാഭക്ഷമതയുള്ള […]


ഒരു കമ്പനിയുടെ, അല്ലെങ്കില്‍ ബിസിനസിന്റെ, ഉടമസ്ഥാവകാശത്തിന്റെ (ownership) ഒരു പങ്ക്/ യൂണിറ്റ് ആണ് ഓഹരി (share). ഒരു കമ്പനിയുടെ ഉടമസ്ഥാവകാശത്തെ അതിന്റെ സ്ഥാപകര്‍/ പ്രമോട്ടര്‍മാര്‍ കോടിക്കണക്കിന് യൂണിറ്റുകളായി വിഭജിക്കുകയും, അവ പൊതുജനത്തിന് വിതരണം ചെയ്ത് മൂലധനം സമാഹരിക്കുകയും ചെയ്യുന്നു. ഓരോ ഓഹരിക്കും (യൂണിറ്റിനും) ഒരു മുഖവില (face value) ഉണ്ടാകും. സാധാരണ പത്ത് രൂപയാണ് മുഖവിലയായി നിശ്ചയിക്കുക. ഇതിന് പുറമേ, കമ്പനിയുടെ ലാഭക്ഷമതയുടേയും, വളര്‍ച്ചാസാധ്യതകളുടെയും അടിസ്ഥാനത്തില്‍ ഒരു പ്രീമിയം തുക കൂടി മുഖവിലയോട് ചേര്‍ക്കുന്നു.
ഉയര്‍ന്ന ലാഭക്ഷമതയുള്ള കമ്പനികളുടെ പ്രീമിയവും ഉയര്‍ന്നതായിരിക്കും. ഇത് രണ്ടും ചേര്‍ന്ന തുകയായിരിക്കും ഒരു ഓഹരിയുടെ ആദ്യ വിലയായി (issue price) കമ്പനി പ്രാഥമിക ഓഹരി വില്‍പ്പനയില്‍ (IPO) നിശ്ചയിക്കുക. ഐ പി ഓ-ക്ക് ശേഷം ഓഹരികള്‍ വിപണിയില്‍ (stock exchange) ലിസ്റ്റ് ചെയ്യുന്ന ആദ്യ ദിവസം തന്നെ ഓഹരിയുടെ യഥാര്‍ത്ഥ വിപണിവില (market price) എത്രയെന്ന് നിശ്ചയിക്കപ്പെടും. ഇത് ഐ പി ഓ-യിലെ ഇഷ്യു പ്രൈസിനേക്കാള്‍ ഉയര്‍ന്നതാവാനും, താഴ്ന്നതാവാനും സാധ്യതയുണ്ട്. വില ഉയര്‍ന്നാല്‍ ഓഹരി കൈവശമുള്ളവര്‍ക്ക് അവ വിപണിയില്‍ വിറ്റ് ലാഭമെടുക്കാം. ഇതാണ് പ്രധാന നേട്ടം.
ഓഹരി ഉടമകളുടെ മറ്റൊരു വരുമാനം കമ്പനി ഉല്‍പാദിപ്പിക്കുന്ന ലാഭമാണ്. ലാഭത്തിന്റെ ഒരു പങ്ക് (dividend) എല്ലാ ഓഹരി ഉടമകള്‍ക്കും അവരുടെ കൈവശമുള്ള ഓഹരികളുടെ അനുപാതം അനുസരിച്ച് വിതരണം ചെയ്യുന്നു. ഇതിന് പുറമേ ഓഹരി ഉടമകള്‍ക്ക് ബോണസും (bonus) ലഭിക്കാറുണ്ട്. കമ്പനി നഷ്ടത്തിലായാല്‍ ഓഹരി ഉടമകളും നഷ്ടം സഹിക്കേണ്ടി വരും. മറ്റൊന്ന് ഓഹരി ഉടമകള്‍ക്ക് ലഭിക്കുന്ന വോട്ടവകാശമാണ് (voting rights). കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (annual general meeting) എല്ലാ ഓഹരി ഉടമകള്‍ക്കും ക്ഷണം ലഭിക്കും. ഈ യോഗത്തില്‍ വെച്ചായിരിക്കും നിര്‍ണ്ണായകമായ, നയപരമായ പല തീരുമാനങ്ങളും കമ്പനി മാനേജ്‌മെന്റ് എടുക്കുന്നത്. ഇവയ്ക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ഓഹരി ഉടമകള്‍ക്കുണ്ട്. അങ്ങനെ അവര്‍ക്ക് കമ്പനിയുടെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ അവസരം ലഭിക്കുന്നു.