image

3 Feb 2022 5:18 AM GMT

MSME

വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍ ആർക്കൊക്കെ സഹായകരം?

MyFin Desk

വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍ ആർക്കൊക്കെ സഹായകരം?
X

Summary

നിക്ഷേപകര്‍ നല്ല വരുമാനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവയില്‍ നിക്ഷേപിക്കുന്നത്


ഇക്വിറ്റി, അല്ലെങ്കില്‍ ഉടമസ്ഥാവകാശ ഓഹരിയ്ക്ക്, പകരമായ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള ഫണ്ടുകളാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ (Venture Capital Funds- VC...

ഇക്വിറ്റി, അല്ലെങ്കില്‍ ഉടമസ്ഥാവകാശ ഓഹരിയ്ക്ക്, പകരമായ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള ഫണ്ടുകളാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ (Venture Capital Funds- VC Funds). സ്റ്റാര്‍ട്ടപ്പുകളിലും പ്രാരംഭ ഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന ബിസിനസുകളിലുമാണ് ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത്. ഉയര്‍ന്ന വളര്‍ച്ചാ സാധ്യത പ്രതീക്ഷിച്ചാണ് ഇത്തരം ഇടങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത്. ന്യൂ ടെക്നോളജി കമ്പനികള്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും വി സി ഫണ്ടുകള്‍ മൂലധനം സമാഹരിക്കാനുള്ള പ്രധാന സ്രോതസാണ്. നിക്ഷേപകര്‍ നല്ല വരുമാനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവയില്‍ നിക്ഷേപിക്കുന്നത്.

കുറഞ്ഞ പ്രവര്‍ത്തന പാരമ്പര്യവും, അപര്യാപ്തമായ ഫണ്ടുകളുമുള്ള സംരംഭകര്‍ക്ക് അവരുടെ ബിസിനസ് ആരംഭിക്കുന്നതിനുള്ള മൂലധനം ലഭ്യമാക്കുന്നതിനും പരിചയ സമ്പന്നരായ ബിസിനസ് എക്സിക്യൂട്ടീവുകളില്‍ നിന്ന് മാര്‍ഗനിര്‍ദേശം നേടാനും വി സി ഫണ്ടുകള്‍ അവസരമൊരുക്കുന്നു. ബിസിനസുകളിലെ പരിചയക്കുറവും സ്റ്റാര്‍ട്ടപ് ബിസിനസുകളുടെ ഉയര്‍ന്ന അപകടസാധ്യതയും കാരണം പുതുതലമുറ സംരംഭകര്‍ക്ക് പലപ്പോഴും ബാങ്കുകള്‍ ധനസഹായം നല്‍കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ വി സി ഫണ്ടുകള്‍ അവര്‍ക്ക് ആശ്വാസമാകുന്നു.

കമ്പനികള്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ ശേഖരിക്കുന്നത് അഞ്ച് ഘട്ടങ്ങളിലൂടെയാണ്. ആരംഭ ഘട്ടം 'സീഡ് സ്റ്റേജ്' എന്നറിയപ്പെടുന്നു. ഈ സമയത്ത് സംരംഭകന്‍ തങ്ങളുടെ കമ്പനി ലാഭകരമായ ഒരു നിക്ഷേപ അവസരമാണെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റിനെ ബോധ്യപ്പെടുത്തണം. ബിസിനസ് വളര്‍ച്ചയ്ക്കുള്ള സാധ്യത കാണിക്കുന്നുണ്ടെങ്കില്‍ കമ്പിനിയുടെ വികസനത്തിനോ, മാര്‍ക്കറ്റ് ഗവേഷണത്തിനോ, ബിസിനസ് പ്ലാന്‍ വികസനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വി സി ഫണ്ട് അനുവദിക്കുന്നു. രണ്ടാം ഘട്ടമായ 'സ്റ്റാര്‍ട്ടപ്പ് സ്റ്റേജ്' ല്‍ കമ്പനി, മാര്‍ക്കറ്റ് റിസര്‍ച്ച് പൂര്‍ത്തിയാക്കി കൃത്യമായ റിസര്‍ച്ച് പ്ലാന്‍ ഉണ്ടാക്കിയിരിക്കും. പുതിയ ഉല്‍പ്പന്നങ്ങളുടെയോ, സേവനങ്ങളുടെയോ പരസ്യം ചെയ്യുന്നതിനും, വിപണനം ചെയ്യുന്നതിനും ഈ ഘട്ടത്തില്‍ പണത്തിന്റെ ആവശ്യമുണ്ട്. അധിക ധനം കണ്ടെത്തുന്നതിന് കമ്പനി ഈ ഘട്ടത്തില്‍ പുതിയ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കും.

മൂന്നാം ഘട്ടമായ 'ഫസ്റ്റ് സ്റ്റേജ്' ല്‍ കമ്പനി യഥാര്‍ത്ഥമായി നിര്‍മാണത്തിലേക്കും, വില്‍പ്പനയിലേക്കും കാലെടുത്തു വെയ്ക്കുന്നു. ഈ സമയം മുന്‍ഘട്ടങ്ങളെക്കാള്‍ കൂടുതല്‍ മൂലധനം ആവശ്യമാണ്.

നാലാം ഘട്ടമായ 'എക്‌സ്പാന്‍ഷന്‍ സ്റ്റേജ്' ല്‍ കമ്പനി തന്റെ ഉല്‍പ്പന്നങ്ങളെയും, സേവനങ്ങളെയും വില്‍ക്കാന്‍ തുടങ്ങിയിരിക്കും. ഈ സമയം തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപുലീകരണത്തിനും, പ്ലാന്റ് വികസനത്തിനുമെല്ലാം അധിക പണം ആവശ്യമായി വരുന്നു.

അഞ്ചാം ഘട്ടം അറിയപ്പെടുന്നത് 'ബ്രിഡ്ജ് സ്റ്റേജ്' എന്നാണ്. ഇത് ഒരു പൊതുകമ്പിനിയായി മാറാനുള്ള പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സമയം മെച്യൂരിറ്റി സ്റ്റേജിലെത്തിയ കമ്പനിയ്ക്ക് വിപണിയിലെ എതിരാളികളെ (competitors) ഏറ്റെടുക്കുന്നതിനും, ലയനങ്ങള്‍ക്കും, ഐ പി ഒ നടത്തുന്നതിനും അധിക ഫണ്ട് ആവശ്യമുണ്ട്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റിന് ഈ ഘട്ടത്തില്‍ തന്റെ ഓഹരികള്‍ വിറ്റ് നല്ല വരുമാനമുണ്ടാക്കി കമ്പിനിയില്‍ നിന്നും പുറത്തു കടക്കാനും (exit) സാധിക്കും.