image

11 Jan 2022 4:16 AM GMT

Learn & Earn

ക്രെഡിറ്റ് റേറ്റിംങ് ഇതാണ്

MyFin Desk

ക്രെഡിറ്റ് റേറ്റിംങ് ഇതാണ്
X

Summary

സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാനുള്ള കടക്കാരന്റെ കഴിവിനെയാണ് ക്രെഡിറ്റ് റേറ്റിംങ് എന്നു പറയുന്നത്.


സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാനുള്ള കടക്കാരന്റെ കഴിവിനെയാണ് ക്രെഡിറ്റ് റേറ്റിംങ് എന്നു പറയുന്നത്. അപേക്ഷകന്റെ വായ്പാ യോഗ്യത (credti...

സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാനുള്ള കടക്കാരന്റെ കഴിവിനെയാണ് ക്രെഡിറ്റ് റേറ്റിംങ് എന്നു പറയുന്നത്. അപേക്ഷകന്റെ വായ്പാ യോഗ്യത (credti worthiness) വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് ക്രെഡിറ്റ് റേറ്റിംങ് സഹായിക്കുന്നു. വായ്പാ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, അംഗീകരിക്കുന്നതിനും, വായ്പയുടെ പലിശനിരക്കുകള്‍ തീരുമാനിക്കുന്നതിലും ക്രെഡിറ്റ് റേറ്റിംങുകള്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു.

നിലവില്‍ നിരവധി ഏജന്‍സികള്‍ ക്രെഡിറ്റ് റേറ്റിംങ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനികളുടേയും, വ്യക്തികളുടേയും മുന്‍കാല പേയ്മെന്റ് സ്വഭാവങ്ങളും, മറ്റ് ഘടകളും പരിശോധിച്ച ശേഷമാണ് വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത്.

ബാങ്കുകളില്‍ നിന്ന് എല്ലാ മാസവും ശേഖരിക്കുന്ന ക്രെഡിറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ പഠനം ആരംഭിക്കുന്നത്. ക്രെഡിറ്റ് റേറ്റിംങ് നടത്തുന്നതിനായി ഒരു അഭ്യര്‍ത്ഥന ലഭിച്ചു കഴിഞ്ഞാല്‍, ഏജന്‍സികള്‍ വിവരശേഖരണം നടത്തുകയായി. ഇതേതുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് കമ്പനികളേയോ, വ്യക്തികളേയോ ഗ്രേഡ് ചെയ്യുന്നത്. പലപ്പോഴും ക്രെഡിറ്റ് റേറ്റിംങുകള്‍ നിര്‍ണയിക്കുന്നതില്‍ ഓരോ കമ്പനികളും വ്യത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും വായ്പാ ചരിത്രം (credit history), വായ്പാ ദൈര്‍ഘ്യം (loan tenure), ക്രെഡിറ്റിന്റെ എണ്ണം, ക്രെഡിറ്റ് വിനിയോഗം, സാമ്പത്തികം, വായ്പയുടെ സ്വഭാവം എന്നീ പൊതു ഘടകങ്ങളെ ഉപയോഗിക്കുന്നു. കടം വാങ്ങുന്നവര്‍ക്ക് മികച്ച പലിശ നിരക്ക്, എളുപ്പത്തിലുള്ള വായ്പാ പ്രക്രിയ എന്നിവ ലഭ്യമാകാന്‍ ഇത്തരം റേറ്റിംങുകള്‍ കൊണ്ട് സാധിക്കുന്നു. അതേസമയം കടം കൊടുക്കുന്നതിലെ സുരക്ഷ, മികച്ച വായ്പാ തീരുമാനം എന്നിവ നിര്‍ണയിക്കാന്‍ വായ്പാ ദാതാക്കള്‍ക്കും റേറ്റിംങുകള്‍ സഹായകമാകുന്നു.

സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍സ് (എസ് ആന്റ് പി), മൂഡീസ്, ഫിച്ച് റേറ്റിംങ്സ് എന്നിവയാണ് ആഗോളതലത്തില്‍ പ്രധാനപ്പെട്ട മൂന്ന് ക്രെഡിറ്റ് ഏജന്‍സികള്‍. 1987 ല്‍ ആരംഭിച്ച ക്രെഡിറ്റ് റേറ്റിംങ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (ക്രിസില്‍) ആണ് ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് റേറ്റിംങ് ഏജന്‍സി. ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംങ് ഏജന്‍സികൂടിയാണിത്. കമ്പനികള്‍, സര്‍ക്കാരുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ നല്‍കുന്ന സെക്യൂരിറ്റികള്‍ക്ക് എഎഎ, എഎ1, എഎ2, എഎ3, എ1,എ2,എ3 എഎബി,ബിഎ3,സിസിസി തുടങ്ങി വിവിധതരം റേറ്റിംങുകളാണ് നല്‍കുന്നത്. കടം വാങ്ങുന്ന വ്യക്തിക്കോ, കമ്പനിക്കോ അത് തിരികെ നല്‍കാനുള്ള കഴിവും സാധ്യതയും ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് കാണിക്കുന്നതാണ് എഎഎ റേറ്റിംഗ്. ഏറ്റവും സുരക്ഷിതമായ സെക്യൂരിറ്റിയായി കണക്കാക്കുന്നതും ഇതിനെ തന്നെയാണ്.

ഒരു കമ്പനിക്ക് അതിന്റെ റേറ്റിംങില്‍ ഇടിവ് സംഭവിച്ചാല്‍ നിക്ഷേപകര്‍ അതിനെ കൈവിടാറുണ്ട്. ഉയര്‍ന്ന വരുമാനം (higher returns) ഉറപ്പുവരുത്തിയാല്‍ മാത്രമേ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനും സാധിക്കുകയുള്ളു. ഇത് തീര്‍ത്തും അപകടകരമായ സ്ഥിതിവിശേഷമാണ്. അതുപൊലെതന്നെ ഒരു രാജ്യത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ മികവുറ്റതായി വിലയിരുത്തപ്പെട്ടില്ലെങ്കില്‍ രാജ്യത്തിന്റെ റേറ്റിംങില്‍ ആഗോള ഏജന്‍സികള്‍ കുറവ് വരുത്താറുണ്ട്. ഇത് ആ രാജ്യത്തിലേക്കെത്തുന്ന വിദേശ നിക്ഷേപങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു.