image

6 May 2022 7:59 AM GMT

Economy

സമ്പദ്ഘടനകളില്‍ മാന്ദ്യ ഭീതി, കരകയറാനാകാതെ ലോക വിപണികള്‍

Bijith R

Market Close
X

Summary

ആഗോള വിപണികളിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ കനത്ത ഓഹരി വില്‍പ്പനയ്ക്കിടയാക്കി. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഫലം കാണുന്നതിന് പലിശ നിരക്ക് ഇനിയും ഉയര്‍ത്തേണ്ടി വരുമെന്ന ഭീതി വിപണികളിലുണ്ട്. ഇത് പല രാജ്യങ്ങളുടെയും സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കും. ഈ പശ്ചാത്തലത്തിലാണ് ഓഹരി വിപണികള്‍ കരകയറാനാവാതെ വലയുന്നത്. സെന്‍സെക്സ് 866.65 പോയിന്റ് (1.56 ശതമാനം) നഷ്ടത്തില്‍ 54,835.58 ലേക്കും, നിഫ്റ്റി 271.40 പോയിന്റ് (1.63 ശതമാനം) ഇടിഞ്ഞ് 16,411.25 ലേക്കും എത്തി. ഏഷ്യയിലെ മറ്റു വിപണികളില്‍, ഹോങ്കോംഗിലെ ഹാങ് സെങ് സൂചിക […]


ആഗോള വിപണികളിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ കനത്ത ഓഹരി വില്‍പ്പനയ്ക്കിടയാക്കി. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഫലം കാണുന്നതിന് പലിശ നിരക്ക് ഇനിയും ഉയര്‍ത്തേണ്ടി വരുമെന്ന ഭീതി വിപണികളിലുണ്ട്. ഇത് പല രാജ്യങ്ങളുടെയും സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കും. ഈ പശ്ചാത്തലത്തിലാണ് ഓഹരി വിപണികള്‍ കരകയറാനാവാതെ വലയുന്നത്.

സെന്‍സെക്സ് 866.65 പോയിന്റ് (1.56 ശതമാനം) നഷ്ടത്തില്‍ 54,835.58 ലേക്കും, നിഫ്റ്റി 271.40 പോയിന്റ് (1.63 ശതമാനം) ഇടിഞ്ഞ് 16,411.25 ലേക്കും എത്തി. ഏഷ്യയിലെ മറ്റു വിപണികളില്‍, ഹോങ്കോംഗിലെ ഹാങ് സെങ് സൂചിക 3.81 ശതമാനം താഴ്ന്നു. ഷാങ്ഹായ് കോംപോസിറ്റ് 2.16 ശതമാനം ഇടിഞ്ഞു. ദക്ഷിണകൊറിയയിലെ കോസ്പിയും, സിംഗപ്പൂരിലെ സ്ട്രെയിറ്റ് ടൈംസും യഥാക്രമം 1.23 ശതമാനവും, 1.55 ശതമാനവും നഷ്ടത്തില്‍ കലാശിച്ചു.

വോളട്ടിലിറ്റി ഇന്‍ഡെക്സ് ,(VIX-ഇത് വിപണിയില്‍ ഹ്രസ്വകാലത്തേക്ക് സംഭവിച്ചേക്കാവുന്ന ചാഞ്ചാട്ടം കണക്കാക്കുന്നതിനുള്ള ഉപാധിയാണ്) 4.71 ശതമാനം ഉയര്‍ന്ന് 21.25 ലെത്തി. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെയാണ്.

ട്രസ്റ്റ്പ്ലറ്റസ് വെല്‍ത്ത് മാനേജിംഗ് പാര്‍ട്ണര്‍ വിനീത് ബഗ്രി പറയുന്നു: "കേന്ദ്ര ബാങ്കുകളുടെ നിരന്തരമായ നിരക്കുയര്‍ത്തലുകള്‍ നിക്ഷേപകരില്‍ ആശങ്കയുളവാക്കുന്നുണ്ട്. ആര്‍ബിഐയുടെ അപ്രതീക്ഷിതമായ നിരക്ക് വര്‍ദ്ധനയും വിപണിയെ ഞെട്ടിച്ചിരുന്നു. യുഎസ് ഫെഡും മറ്റ് കേന്ദ്ര ബാങ്കുകളും മുമ്പ് നിശ്ചയിച്ചതിനെക്കാള്‍ വേഗത്തില്‍ നിരക്ക് വര്‍ദ്ധനയിലേക്ക് പോകുമെന്ന ഭീതി വിപണികളിലുണ്ട്. ഇത് വികസിത രാജ്യങ്ങളെ മാന്ദ്യത്തിലേക്ക് തള്ളി വിട്ടേക്കാം."
ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച്ച പലിശ നിരക്ക് 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ ഒരു ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന ആശങ്കകളെ ശക്തമാക്കുന്നു.

"എല്ലാറ്റിനുമുപരി, ചൈനയില്‍ നിലനില്‍ക്കുന്ന ശക്തമായ ലോക്ഡൗണ്‍ ആഗോള വിതരണ ശൃംഖലയെ തടസപ്പെടുത്തുന്നു. ക്രൂഡ് വിലകളും നിരന്തരമായി ഉയരുന്നത് വിതരണ ശൃംഖലയില്‍ സംഭവിക്കുന്ന തടസങ്ങളെപ്പറ്റിയുള്ള ആശങ്കയിലാണ്," മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റീട്ടെയില്‍ റിസര്‍ച്ച് ഹെഡ് സിദ്ധാര്‍ത്ഥ് ഖേംക പറഞ്ഞു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരത്തിനെത്തിയ 2,615 ഓഹരികള്‍ വന്‍ നഷ്ടത്തില്‍ കലാശിച്ചു. എന്നാല്‍, 758 ഓഹരികള്‍ ലാഭത്തിലായിരുന്നു. ഫിനാന്‍ഷ്യല്‍, ടെക്നോളജി മേഖലകളായിരുന്നു ഏറ്റവുമധികം നഷ്ടം സഹിച്ചത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, ആഗോള വിപണികളെ തകര്‍ത്ത മുഖ്യ കാരണങ്ങളിലൊന്ന് പണപ്പെരുപ്പത്തിന്റെ തിരിച്ചുവരവാണ്.

കേന്ദ്ര ബാങ്കുകളുടെ പണപ്പെരുപ്പത്തിനെതിരായ പോരാട്ടങ്ങളെ വിപണി സംശയദൃഷ്ടിയോടെയാണ് കാണുന്നത്. കാരണം, ഇവയുടെ അനന്തരഫലം ആഗോള മാന്ദ്യമായിരിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. നിക്ഷേപകര്‍ ഈ അവസരത്തില്‍ സംയമനം പാലിക്കണം. ഉയര്‍ന്ന റിസ്‌കുള്ള തീരുമാനങ്ങളൊന്നും എടുക്കരുത്. വില കുറയുമ്പോള്‍, മികച്ച ഓഹരികള്‍ സൂക്ഷമതയോടുകൂടി വാങ്ങാവുന്നതാണ്.

ഓഹരി വിപണിയിലെ ദൗര്‍ബല്യം രൂപയുടെ മൂല്യത്തിലും ഇന്ന് പ്രതിഫലിച്ചു. യുഎസ് ഡോളറിനെതിരെ ഇന്ന് 76.92 ലാണ് രൂപ ക്ലോസ് ചെയ്തത്.