image

14 March 2023 10:15 AM GMT

Regulators

പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ക്ക് പൂട്ടുവീഴും, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രത്തിന്റെ മൂക്കുകയര്‍

Myfin Desk

pre-installed apps in android phones
X

Summary

  • സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ ഉള്‍പ്പടെയുള്ള വന്‍കിട ബ്രാന്‍ഡുകളെല്ലാം തന്നെ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ വഴിയുള്ള വരുമാനത്തെ ആശ്രയിക്കുന്നുണ്ട്.


ഇന്ത്യന്‍ വിപണിയിലെത്തുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മുന്‍ കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ മുതല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പുത്തന്‍ അപ്‌ഡേറ്റുകള്‍ വരെ ഇനി കേന്ദ്ര സര്‍ക്കാര്‍ റഡാറില്‍. ഡിജിറ്റല്‍ സുരക്ഷ ഉറപ്പ് വരുത്തുന്ന ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതോടെ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്ന (പ്രീ ഇന്‍സ്റ്റാള്‍ഡ്) ആപ്പുകളില്‍ നിന്നും ലഭിച്ചിരുന്ന വന്‍ വരുമാനം മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്കും നഷ്ടമാകും.

സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ ഉള്‍പ്പടെയുള്ള വന്‍കിട ബ്രാന്‍ഡുകളെല്ലാം തന്നെ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ വഴിയുള്ള വരുമാനത്തെ ആശ്രയിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ നീക്കം ഏറ്റവുമധികം പ്രഹരമാകുക ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്കാകും. 2020ല്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് മുതല്‍ ടെക്ക് സുരക്ഷയില്‍ സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ച് പോരുന്നത്.

നിലവില്‍ വിപണിയിലുള്ള മിക്ക സ്മാര്‍ട്ട് ഫോണുകളിലും ഇത്തരം പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകളുണ്ട്. ഇവ നീക്കം ചെയ്യാനും സാധിക്കാത്ത വിധമാണ് ഫോണുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇവയുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റുകള്‍ നടക്കുന്നുണ്ടോ എന്നും ഉപഭോക്താവിന്റെ എന്തെങ്കിലും വിവരങ്ങള്‍ ഇതുവഴി ചോരുന്നുണ്ടോ എന്നും അറിയുവാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ ഇക്കാര്യം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.