image

18 Sep 2022 10:15 PM GMT

Stock Market Updates

ഫെഡ് നിരക്ക് വ്യക്തമാകാന്‍ വിപണികള്‍ കാത്തിരിക്കുന്നു

Suresh Varghese

ഫെഡ് നിരക്ക് വ്യക്തമാകാന്‍ വിപണികള്‍ കാത്തിരിക്കുന്നു
X

Summary

ഏഷ്യന്‍ വിപണികള്‍ മിക്കവയും ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.22ന് 0.04 ശതമാനം താഴ്ച്ചയിലാണ്. ഷാങ്ഹായ് കോമ്പസിറ്റ്, ചൈന എ50, എന്നീ സൂചികകള്‍ മാത്രമാണ് നേരിയ ലാഭം കാണിയ്ക്കുന്നത്. ബുധനാഴ്ച്ച പുറത്ത് വരാനിരിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കു വര്‍ധനയെ സംബന്ധിച്ച് എല്ലാ നിക്ഷേപകരും ആശങ്കയിലാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഏഷ്യൻ വിപണികളിലെ ഓഹരി നിക്ഷേപത്തില്‍ നിന്ന് വിദേശ സ്ഥാപനങ്ങള്‍ വിട്ടു നില്‍ക്കാനാണ് സാധ്യതയേറെ. ഏറെ സുരക്ഷിതമായ ഡോളറിലേക്കോ […]


ഏഷ്യന്‍ വിപണികള്‍ മിക്കവയും ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.22ന് 0.04 ശതമാനം താഴ്ച്ചയിലാണ്. ഷാങ്ഹായ് കോമ്പസിറ്റ്, ചൈന എ50,
എന്നീ സൂചികകള്‍ മാത്രമാണ് നേരിയ ലാഭം കാണിയ്ക്കുന്നത്. ബുധനാഴ്ച്ച പുറത്ത് വരാനിരിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കു വര്‍ധനയെ സംബന്ധിച്ച് എല്ലാ നിക്ഷേപകരും ആശങ്കയിലാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുന്നത് വരെ ഏഷ്യൻ വിപണികളിലെ ഓഹരി നിക്ഷേപത്തില്‍ നിന്ന് വിദേശ സ്ഥാപനങ്ങള്‍ വിട്ടു നില്‍ക്കാനാണ് സാധ്യതയേറെ. ഏറെ സുരക്ഷിതമായ ഡോളറിലേക്കോ അമേരിക്കന്‍ ബോണ്ടുകളിലേക്കോ നിക്ഷേപം തിരികെ പോകാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ ഇന്ത്യയുള്‍പ്പടെയുള്ള വിപണികളില്‍ ഇന്നും നാളെയും ഏറെ ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കാം.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ സെപ്റ്റംബറില്‍ ഇതുവരെ 12,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഓഹരികളില്‍ നടത്തിയിട്ടുള്ളത്. ഓഗസ്റ്റിനെ അപേക്ഷിച്ച് ഇത് വലിയ കുറവാണ്. 51,000 കോടി രൂപയുടെ നിക്ഷേപമാണ് ഓഗസ്റ്റില്‍ നടത്തിയത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിപണിയിലെ അനിശ്ചിതത്വങ്ങള്‍ മൂലമാകാം വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങി നില്‍ക്കുന്നത്. ഈ നില വിപണിയ്ക്ക് അത്ര സഹായകരമല്ല.
ക്രൂഡ് ഓയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ വര്‍ധനവ് കാണിയ്ക്കുന്നു. 93 ഡോളറിനടുത്താണ് ബ്രെന്റ് ക്രൂഡിന്റെ ഇപ്പോഴത്തെ നിരക്ക്. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുന്നതും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കൂടുതല്‍ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചതും എണ്ണയുടെ ഉപഭോഗം ഉയരാന്‍ ഇടയാകുമെന്ന് വിപണി കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കരായ ചൈനയില്‍ പ്രമുഖ വ്യവസായ കേന്ദ്രങ്ങളിലെല്ലാം മാസങ്ങളായി ഉത്പാദനം മരവിപ്പിച്ച് നിറുത്തിയിരിക്കുകയായിരുന്നു. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങളും യാത്രകളും പുനരാരംഭിക്കാന്‍ കാരണമാകും.
യുഎസ് ഫെഡ് നിരക്ക്
നാളെയാണ് യുഎസ് ഫെഡിന്റെ നിര്‍ണായകമായ പണനയ മീറ്റിംഗ് ആരംഭിക്കുക. ബുധനാഴ്ച്ച രാത്രിയോടെ തീരുമാനം വ്യക്തമാകും. ഇതുവരെ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് 75 ബേസിസ് പോയിന്റിന്റെ നിരക്ക് വര്‍ധനവ് ഉണ്ടാവാം. എന്നാല്‍ ചില കേന്ദ്രങ്ങള്‍ 100 ബേസിസ് പോയിന്റ് വരെ വര്‍ധനവ് പ്രവചിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. കടുത്ത തീരുമാനങ്ങളിലേക്ക് ഒറ്റയടിയ്ക്ക് പോവുക എന്ന നിലപാട് ഫെഡ് സ്വീകരിക്കാറില്ല. പ്രത്യേകിച്ചും, ഫെഡിന്റെ തീരുമാനങ്ങള്‍ ഒരു മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,595 രൂപ (സെപ്റ്റംബര്‍ 19)
ഒരു ഡോളറിന് 79.96 രൂപ (സെപ്റ്റംബര്‍ 19, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 91.98 ഡോളര്‍ (സെപ്റ്റംബര്‍ 19, 09.00 am)
ഒരു ബിറ്റ്‌കൊയ്ന്റെ വില 18,803.56 ഡോളര്‍ (സെപ്റ്റംബര്‍ 19, 09.00 am; കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)