image

17 Jan 2022 4:59 AM GMT

Bond

ചില്ലറ നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാം

MyFin Desk

ചില്ലറ നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാം
X

Summary

പദ്ധതിക്കു കീഴില്‍ നിക്ഷേപകര്‍ക്ക് ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി ആര്‍ബിഐയില്‍ തുറക്കാനും സാധിക്കും


'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയില്‍ ഡയറക്ട് പദ്ധതി' വഴി ചില്ലറ നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ (ജി-സെക്) അഥവാ ഗില്‍റ്റില്‍...

'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയില്‍ ഡയറക്ട് പദ്ധതി' വഴി ചില്ലറ നിക്ഷേപകര്‍ക്ക് ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ (ജി-സെക്) അഥവാ ഗില്‍റ്റില്‍ ഇനി നേരിട്ട് നിക്ഷേപിക്കാം. ആര്‍ ബി ഐയുടെ കീഴിലുള്ള പദ്ധതിയായതിനാല്‍ തികച്ചും സുരക്ഷിതമാണിത്. പദ്ധതിക്കു കീഴില്‍ നിക്ഷേപകര്‍ക്ക് ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി ആര്‍ബിഐയില്‍ തുറക്കാനും സാധിക്കും. ഗില്‍റ്റിന്റെ വാങ്ങലും വില്‍പ്പനയും ഓണ്‍ലൈനായി സാധ്യമാകുന്ന പദ്ധതിയാണിത്.

ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍

കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍, ട്രഷറി ബില്ലുകള്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തുടങ്ങിയവയാണ് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍. ഇത്തരം ഗവണ്‍മെന്റ് സെക്യൂരിറ്റികളിലുള്ള നിക്ഷേപങ്ങള്‍ക്ക് നഷ്ടസാധ്യത കുറവാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമെല്ലാം ഈ പദ്ധതി ഗുണമുള്ളതാണ്. 2021 ഫെബ്രുവരിയിലാണ് 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയില്‍ ഡയറക്ട് പദ്ധതി' പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

പദ്ധതിയില്‍ അംഗമാകാം

പദ്ധതിക്കായി അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡി പോലുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖ വേണം. ഇ-മെയില്‍ വിലാസം മൊബൈല്‍ ഫോണ്‍ നമ്പര്‍ ഇവ നിര്‍ബന്ധമാണ്. ഈ അക്കൗണ്ട് ഒറ്റയ്‌ക്കോ മറ്റൊരാളുമായി ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടായോ ആരംഭിക്കം. https://rbiretaildirect.org.in എന്ന വൈബ്പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീട്ടെയില്‍ ഡയറക്ട് പദ്ധതിയില്‍ പങ്കുചേരാം.

സെക്യൂരിറ്റികള്‍ സ്വന്തമാക്കാം

പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രാഥമിക ലേലത്തില്‍ പങ്കെടുത്ത് ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ സ്വന്തമാക്കാം. ഇതില്‍ കുറഞ്ഞ നിക്ഷേപം പതിനായിരം രൂപയാണ്. ബിഡ് നല്‍കുമ്പോള്‍ അടയ്ക്കേണ്ട തുക എത്രയാണെന്ന് കാണിക്കുകയും അക്കൗണ്ടില്‍ നിന്നും തുകയെടുക്കുകയും ചെയ്യുന്നു. റീഫണ്ടുണ്ടെങ്കില്‍ സെറ്റില്‍മെന്റ് ദിവസം ഈ തുക അക്കൗണ്ടില്‍ വരും. ഈ പദ്ധതി പ്രകാരമുള്ള പണ ഇടപാടുകളുടെ വിവരങ്ങളടങ്ങിയ സ്റ്റേറ്റ്മെന്റ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും. ഈ അക്കൗണ്ട് ഈടായി നല്‍കി വായ്പയെടുക്കാനും സാധിക്കും.