image

17 Jan 2022 12:30 AM GMT

Mutual Fund

മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ അറിയാം

MyFin Desk

മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ അറിയാം
X

Summary

ആഗോളതലത്തിൽ മ്യൂച്വൽ ഫണ്ടുകൾ സാധാരണക്കാരായ നിക്ഷേപകരുടെ ഒരു പ്രധാന നിക്ഷേപ മാർഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്


ഒരു നിക്ഷേപകന് വ്യക്തിഗത ഓഹരികളിൽ നേരിട്ടോ, അല്ലെങ്കിൽ പരോക്ഷമായോ, ഒരു ധനകാര്യ മധ്യവർത്തി വഴിയോ നിക്ഷേപിക്കാം. എങ്കിലും ആഗോളതലത്തിൽ...

ഒരു നിക്ഷേപകന് വ്യക്തിഗത ഓഹരികളിൽ നേരിട്ടോ, അല്ലെങ്കിൽ പരോക്ഷമായോ, ഒരു ധനകാര്യ മധ്യവർത്തി വഴിയോ നിക്ഷേപിക്കാം. എങ്കിലും ആഗോളതലത്തിൽ മ്യൂച്വൽ ഫണ്ടുകൾ സാധാരണക്കാരായ നിക്ഷേപകരുടെ ഒരു പ്രധാന നിക്ഷേപ മാർഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനു പല കാരണങ്ങളുണ്ട്.

പ്രൊഫഷണൽ മാനേജ്മെന്റ് (Professional management):

ഒരു ശരാശരി നിക്ഷേപകന് മൂലധന വിപണി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. അതിനാൽ അദ്ദേഹത്തിന് ഒരു വിദഗ്ദ്ധന്റെ സഹായം ആവശ്യമാണ്. വിദഗ്ദ്ധരുടെ സേവനങ്ങൾ ചെലവേറിയത് മാത്രമല്ല, ഒരു യഥാർത്ഥ വിദഗ്ദ്ധനെ തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടാണ്. കമ്പനികളുടെ പ്രകടനവും സാധ്യതകളും വിശകലനം ചെയ്യാൻ ആവശ്യമായ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള പ്രൊഫഷണൽ മാനേജർമാരാണ് മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നത്. അവർ ഒരു സംഘടിത നിക്ഷേപ തന്ത്രം സാധ്യമാക്കുന്നു. അത് ഒരു വ്യക്തിഗത നിക്ഷേപകന് അസാധ്യമാണ്.

പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം

ഒരു നിക്ഷേപകൻ തന്റെ എല്ലാ ഫണ്ടുകളും ഒരേ മേഖലയിൽ നിക്ഷേപിച്ചാൽ അത് അയാളുടെ റിസ്‌ക് വർധിപ്പിക്കുന്നു. മ്യൂച്വൽ ഫണ്ടുകൾ വിവിധ വ്യവസായങ്ങളിലും, മേഖലകളിലുമായി നിരവധി കമ്പനികളിൽ നിക്ഷേപം നടത്തുന്നു. ഈ വൈവിധ്യവൽക്കരണം നിക്ഷേപത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നു.

ഇടപാട് ചെലവുകളിൽ കുറവ്

മൂലധന വിപണിയിലെ നേരിട്ടുള്ള നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ ഫണ്ടുകൾ വഴിയുള്ള നിക്ഷേപം താരതമ്യേന ചെലവ് കുറഞ്ഞതാണ്.

പണലഭ്യത

പലപ്പോഴും നിക്ഷേപകർക്ക് കൈവശം വച്ചിരിക്കുന്ന സെക്യൂരിറ്റികൾ എളുപ്പത്തിൽ വിൽക്കാൻ കഴിയില്ല. അതേസമയം മ്യൂച്വൽ ഫണ്ടുകളുടെ കാര്യത്തിൽ, ഇത് ഒരു ഓപ്പൺ-എൻഡഡ് (വീണ്ടും വാങ്ങാൻ കഴിയുന്ന) പദ്ധതിയാണെങ്കിൽ, യൂണിറ്റുകൾ വിറ്റ് നിക്ഷേപം എളുപ്പത്തിൽ പണമാക്കി മാറ്റാം. അഥവാ അതൊരു ക്ലോസ്-എൻഡഡ് (ഒരു കാലയളവ് കഴിഞ്ഞാൽ പുതിയ നിക്ഷേപം അനുവദിക്കാത്ത) പദ്ധതിയാണെങ്കിൽ അത് ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിൽക്കാൻ കഴിയും.

സൗകര്യം

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് പേപ്പർവർക്കുകൾ കുറയ്ക്കുകയും, സമയം ലാഭിക്കുകയും, നിക്ഷേപം എളുപ്പമാക്കുകയും ചെയ്യുന്നു.

ഫ്ളെക്സിബിലിറ്റി

മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപ പദ്ധതികളുടെ ഒരു കൂട്ടം (family) തന്നെ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് അവരുടെ കൈവശമുള്ള ഓഹരികളും ബോണ്ടുകളും എല്ലാം ഒരു പദ്ധതിയിൽ നിന്ന് മറ്റൊന്നിലേക്ക് എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്.

നികുതി ആനുകൂല്യങ്ങൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആദായ നികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്.

സുതാര്യത

മ്യൂച്വൽ ഫണ്ടുകൾ എല്ലാ മാസവും അവരുടെ പോർട്ട്ഫോളിയോ സുതാര്യമായി പ്രഖ്യാപിക്കുന്നു. ഇതിലൂടെ നിക്ഷേപകർക്ക് അവരുടെ പണം എവിടെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് അറിയാൻ സാധിക്കും. കൂടാതെ പോർട്ട്ഫോളിയോയിൽ അവർ തൃപ്തരല്ലെങ്കിൽ അവർക്ക് ഒരു ചെറിയ അറിയിപ്പ് വഴി പണം പിൻവലിക്കാനുമാകും.

സ്ഥിരത

മ്യൂച്വൽ ഫണ്ടുകൾക്ക് വലിയ തോതിലുള്ള ഫണ്ടുകൾ ഉണ്ട്. ഇത് ഉപയോഗിച്ച് അവർക്ക് ഓഹരി വിപണിയിലെ വലിയ നഷ്ടങ്ങളിൽ പതറാതെ തുടർ നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. കൂടാതെ, മ്യൂച്വൽ ഫണ്ടുകൾ പണ വിപണിയിലും, മൂലധന വിപണിയിലും പണലഭ്യത വർധിപ്പിക്കുന്നു.

ഇക്വിറ്റി ഗവേഷണം

മ്യൂച്വൽ ഫണ്ടുകൾക്ക് വലിയ ഫണ്ടുകളും, ഇക്വിറ്റി റിസർച്ച് ടീമുകളും ഉള്ളതിനാൽ നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങളും, ഡാറ്റയും നൽകാൻ പ്രാപ്തരാണ്.

നിക്ഷേപകരുടെ താൽപ്പര്യ സംരക്ഷണം

സെബിയുടെ നിയന്ത്രണത്തിലുള്ളതിനാൽ, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾ കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് സാധാരണക്കാരായ നിക്ഷേപകർക്ക് എല്ലാ രീതിയിലും ആശ്വാസം പകരുന്നു.