22 April 2026 1:09 PM IST
ഫ്ലെക്‌സിക്യാപ് ഫണ്ടിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണോ? ചില കാര്യങ്ങൾ ശ്രദ്ധിക്കൂ
MyFin Desk
Summary
എന്താണ് ഫ്ലെക്സികാപ് ഫണ്ട്, മികച്ച ഒരു ഫണ്ട് നിക്ഷേപത്തിനായി എങ്ങനെ തിരഞ്ഞെടുക്കാം.
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ വേറിട്ടു നില്‍ക്കുന്നൊരു വിഭാഗമാണ് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകള്‍. ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി വിഭാഗങ്ങളിലും വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് (ഡയനാമിക് അലോക്കേഷന്‍) നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമാണ് ഈ ഫണ്ടുകളുടെ മുഖമുദ്ര. സെബി നിഷ്‌കര്‍ഷിച്ചിട്ടുള്ള നിർദേശങ്ങൾ പ്രകാരം, ഫണ്ടിന്റെ 65 ശതമാനമെങ്കിലും നിക്ഷേപം ഓഹരിയില്‍ ഉണ്ടായിരിക്കണം എന്നതൊഴിച്ചാല്‍, ഏതു മാര്‍ക്കറ്റ് ക്യാപ് വിഭാഗം തിരഞ്ഞെടുക്കുന്നതിനും ഫണ്ട് മാനേജര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
വിപണിയിലെ മാറ്റങ്ങളോട് കൃത്യമായി പ്രതികരിക്കാനുള്ള ശേഷിയാണ് ഫ്‌ലെക്‌സിക്യാപ് ഫണ്ടുകളുടെ യഥാര്‍ത്ഥ കരുത്ത്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു നിര്‍ണായക കാര്യമുണ്ട്. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള പല ഫ്‌ളെക്‌സിക്യാപ് ഫണ്ട് സ്‌കീമുകളിലും നിക്ഷേപത്തിന്റെ 65 മുതല്‍ 70 ശതമാനം വരെ വിന്യസിച്ചിരിക്കുന്നത് ലാര്‍ജ്ക്യാപ് ഓഹരികളിലാണ്.
തത്ഫലമായി ഇത്തരം ഫണ്ടുകള്‍ ഒരു സാധാരണ ലാര്‍ജ്ക്യാപ് ഫണ്ടിന് തുല്യമായി മാറുന്നു. ഇത് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ വൈവിധ്യവത്കരണം (ഡൈവേഴ്‌സിഫിക്കേഷന്‍) എന്ന അടിസ്ഥാന പ്രമാണത്തില്‍ നിന്നുള്ള വ്യതിചലനമാണ്.
ഇത് നിക്ഷേപകരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം, മിക്ക നിക്ഷേപകരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ ഇക്വിറ്റി ഫണ്ടുകള്‍, ഇന്‍ഡക്‌സ് ഫണ്ടുകള്‍ അല്ലെങ്കില്‍ എന്‍.പി.എസ് എന്നിവയിലൂടെ ഇതിനകം തന്നെ ലാര്‍ജ്ക്യാപ് ഓഹരികള്‍ക്ക് മതിയായ എക്‌സ്‌പോഷര്‍ ലഭിച്ചിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ നിക്ഷേപവും ലാര്‍ജ്ക്യാപ് വിഭാഗം ഓഹരികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് വൈവിധ്യവല്‍ക്കരണം ഇല്ലാതാക്കുന്നു.
അച്ചടക്കത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ഫ്‌ളെക്‌സിക്യാപ് ഫണ്ട് ആണെങ്കില്‍ വിപണിയുടെ ചാക്രികത (മാര്‍ക്കറ്റ് സൈക്കിള്‍സ്) അനുസരിച്ചും നഷ്ട സാധ്യത (റിസ്‌ക്ക്), വാല്യൂവേഷന്‍സ്, എന്നിവയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചും പോര്‍ട്ട്‌ഫോളിയോ പുനസംഘടിപ്പിക്കും. റീ ബാലന്‍സിംഗിന് പകരം, ഫണ്ടിലെ വിവിധ ഓഹരി വിഭാഗങ്ങളിലേക്കുള്ള എക്‌സ്‌പോഷര്‍ അനുയോജ്യമായവിധം ക്രമീകരിച്ചുകൊണ്ട് മുന്നിലുള്ള അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിയും.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ അപകടസാധ്യതകള്‍ക്ക് വിധേയമായതിനാൽ തന്നെ എല്ലാ സ്‌കീം സംബന്ധമായ രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക എന്നതും പ്രധാനമാണ്.
(ലേഖകൻ ദേവിപ്രസാദ് നായർ ഹീലിയോസ് ഇന്ത്യ ബിസിനസ് മേധാവിയാണ്)
പഠിക്കാം & സമ്പാദിക്കാം
Home
