image

11 May 2022 7:47 AM GMT

Travel & Tourism

താമരക്കാടും അസ്തമയവും കാണാം, വെള്ളായണിയിലേക്ക് പോയാലോ

Manasa R Ravi

Summary

ആശങ്കകളും തിരക്കുകളും ജീവിതത്തെ നിശ്ചലമാക്കുമ്പോഴാണ് യാത്രകൾ പോകാറുള്ളത്. നിന്ന നിൽപ്പിനു ഗൂഗിൾ മാപ്പ് നോക്കി സ്കൂട്ടിയെടുത്തൊരു പോക്ക് പോകാറാണ് പതിവ്. മറികടക്കാനാകില്ലെന്ന് മനസ്സ് മടുപ്പിക്കുന്ന വേദനകളെ, വീശിയടിക്കുന്ന കാറ്റിന്റെ ഊഷ്മളതകൊണ്ട് ഈ യാത്രകൾ മായിച്ചു കളയാറുമുണ്ട്. അങ്ങനെ ഈയിടയ്ക്ക് വളരെ അപ്രതീക്ഷിതമായി പോയൊരിടമാണ് വെള്ളായണി. കായൽ പരപ്പിന്റെയും താമര പാടങ്ങളുടെയും നടുവിലൂടെ നീണ്ട് കിടക്കുന്ന നാട്ട് പാത. നഗരത്തിന്റെ കാലുഷ്യങ്ങളില്‍ നിന്ന് ഗ്രാമീണതയുടെ ധ്യാനാത്മകമായ ഒരിറ്റ് തണുപ്പിലേക്ക് ചെന്നെത്തുന്ന നിർവൃതി. ഇടുങ്ങിയ നാട്ടുപാതയുടെ ഇരുവശവും സഞ്ചാരികൾക്കായി സിമന്റ് […]


ആശങ്കകളും തിരക്കുകളും ജീവിതത്തെ നിശ്ചലമാക്കുമ്പോഴാണ് യാത്രകൾ പോകാറുള്ളത്. നിന്ന നിൽപ്പിനു ഗൂഗിൾ മാപ്പ് നോക്കി സ്കൂട്ടിയെടുത്തൊരു പോക്ക് പോകാറാണ് പതിവ്. മറികടക്കാനാകില്ലെന്ന് മനസ്സ് മടുപ്പിക്കുന്ന വേദനകളെ, വീശിയടിക്കുന്ന കാറ്റിന്റെ ഊഷ്മളതകൊണ്ട് ഈ യാത്രകൾ മായിച്ചു കളയാറുമുണ്ട്. അങ്ങനെ ഈയിടയ്ക്ക് വളരെ അപ്രതീക്ഷിതമായി പോയൊരിടമാണ് വെള്ളായണി. കായൽ പരപ്പിന്റെയും താമര പാടങ്ങളുടെയും നടുവിലൂടെ നീണ്ട് കിടക്കുന്ന നാട്ട് പാത. നഗരത്തിന്റെ കാലുഷ്യങ്ങളില്‍ നിന്ന് ഗ്രാമീണതയുടെ ധ്യാനാത്മകമായ ഒരിറ്റ് തണുപ്പിലേക്ക് ചെന്നെത്തുന്ന നിർവൃതി. ഇടുങ്ങിയ നാട്ടുപാതയുടെ ഇരുവശവും സഞ്ചാരികൾക്കായി സിമന്റ് ബെഞ്ചുകൾ ഒരുക്കിയിട്ടുണ്ട്. നാട്ടുപച്ചയും നീലിമയും കലർന്ന സ്വച്ഛമായ അന്തരീക്ഷത്തിൽ കായല്‍ കാണാൻ ഓരങ്ങളിൽ അങ്ങിങ്ങായി നിൽക്കുന്ന സഞ്ചാരികൾ, മഞ്ഞ വെയിൽ ചാരുതയിൽ മെല്ലെ നീങ്ങുന്ന താമര വള്ളങ്ങൾ. ഇടവഴികളും കൃഷിയും പശുക്കളും മീന്‍പിടുത്തവും ഇവിടുത്തെ പതിവ് കാഴ്ചകൾ ആണെന്ന് തോന്നുന്നു. ദിശാബോധമില്ലാതെ അനന്തതയിലേക്ക് കണ്ണ് പായിച്ചിരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് കാറ്റിന്റെ വീട് അന്വേഷിക്കുന്ന കവിത വന്നു. എന്തൊരു ശാന്തമാണവിടം. ഇടവഴികളും വളവുകളും ചീരപ്പാടങ്ങളും പച്ചക്കറികളാല്‍ സമൃദ്ധമായ തൊടികളും നിറഞ്ഞ ഭൂമികയാണ് വെള്ളായണി. വെള്ളായണിയുടെ കായല്‍ അകങ്ങളിലേക്ക് ഊളിയിട്ടാല്‍ കാണാവുന്ന വൈവിധ്യം ആ ദേശത്തിന്റെ അകം വഴി സഞ്ചരിക്കുമ്പോഴും അനുഭവവേദ്യമാകും. പഴയൊരു ആക്സസ് 125 ല്‍ സുഹൃത്തിനോടൊന്നിച്ച് പുതിയ വഴികള്‍ കണ്ടെത്തുകയായിരുന്നു. മുഖ്യപാതയ്ക്ക് സമാന്തരമായി ശാഖോപശാഖകളായി പടര്‍ന്ന് കിടക്കുന്ന അസംഖ്യം പാതകള്‍ ഏതൊരു ദേശപരിസരത്തും കാണാം. നാടിന്റെ ഉറവയും ഉയിരും പാതയും വെളിച്ചവും അതാവും.

തിരുവനന്തപുരത്തെ വെള്ളായണി എന്ന ഗ്രാമം ഒരു കായലിനാല്‍ കേള്‍വി കേട്ടതാണ്. എഡ്വാര്‍ഡ് ആല്‍ബിയുടെ ഹൂ അഫ്രൈയ്ഡ് വിര്‍ജീന വൂള്‍ഫ് എന്ന വിഖ്യാത നാടകശീര്‍ഷകത്തിന്റെ സ്ഫൂവെന്നോണം വി കെ എന്‍ 'വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ് പേടി'എന്ന പ്രയോഗം നടത്തിയിരുന്നു. ആ നിലയില്‍ ഈ ദേശനാമം മലയാളവായനക്കാരിലും പ്രസിദ്ധമാണ്. ഒരു കായലോര ഗ്രാമം വാഗ്ദാനം ചെയ്യുന്ന വൈവിധ്യങ്ങളെല്ലാം ആപാദചൂഢം ഈ ഗ്രാമത്തിന്റെ ഉള്‍പ്രദേശങ്ങളെയും കിനാവ് പോലെ പുണര്‍ന്നു നില്‍ക്കുന്നു. തിരുവനന്തപുരത്ത് നിന്ന് ബൈപാസിലൂടെ ഗൂഗിള്‍ മാപ്പിന്റെ വഴിയെ 'ചോയിച്ച് ചോയിച്ചാണ്' വെള്ളായണി പിടിക്കാന്‍ പോയത്. പോകുന്ന വഴി ഗ്രാമവളവുകളും നഗരത്തിന്റെ മധ്യവും ഉള്‍പ്പെടും. ചൂഴ്ന്ന് ചൂഴ്ന്ന് ഹൃദയത്തിലേക്ക് പോകുമ്പോലെ ഒരു ദേശത്തിലേക്ക് പോകുമ്പോള്‍ പല മനുഷ്യരേയും ഇടങ്ങളേയും കാണാം.

വൈകുന്നേരമായിരുന്നു. വെയില്‍ കാട്ടുപൊന്തകളെയും കായലിലൂടെ വള്ളമൂന്നുന്ന വൃദ്ധശരീരത്തെയും തൊട്ടൊഴുകുന്നുണ്ടായിരുന്നു. 'പ്രകാശം ജലം പോലെയാണ്' എന്ന മാര്‍ക്കേസ് വാക്യമോര്‍ത്തു. താമരപ്പാടങ്ങള്‍ കണ്ടപ്പോള്‍ 'താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു' എന്ന പാട്ടോര്‍ത്തു. ചകിരിനാരുമായി വള്ളമേറി കായലിലേക്ക് പോകുന്ന ചേട്ടനും കായലിനു ചുറ്റും വണ്ടിയില്‍ പോകുമ്പോള്‍ അരികില്‍ ചായക്കട നടത്തുന്ന ചേച്ചിയും ദേശത്തിന്റെ അടയാളം വഹിക്കുന്ന മനുഷ്യരാണ്. ഒരു കായല്‍ അതിലൂടെ പാറിനടക്കുന്ന ദേശാന്തരങ്ങളെ ചിറകില്‍ വഹിച്ച പറവകള്‍, കായലിലെ മരക്കുറ്റിയിലിരുന്ന് സസൂക്ഷ്മം ഇര തേടുന്ന പക്ഷി. അങ്ങനെ നിത്യതയുമായുള്ള അവസാനിക്കാത്ത ഉടമ്പടിയായി ഒരു കായല്‍പരപ്പ് മാറുന്നു.