image

20 May 2022 7:28 AM GMT

Travel & Tourism

ഹൈറേഞ്ച് പ്രേമികൾക്കായി സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഹിൽസ്റ്റേഷനുകൾ ഇതാ

Manasa R Ravi

ഹൈറേഞ്ച് പ്രേമികൾക്കായി സൗത്ത് ഇന്ത്യയിലെ ഏറ്റവും  മികച്ച ഹിൽസ്റ്റേഷനുകൾ ഇതാ
X

Summary

നല്ല മഞ്ഞുള്ള താഴ്വരയും ചെങ്കുത്തായ മലഞ്ചെരിവുകളും എല്ലാം മനസ്സിലേക്ക് കടന്നു വരുമ്പോൾ ആദ്യം നമ്മൾ ആലോചിക്കുന്നത് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായിരിക്കും. പക്ഷേ അതേ ഫീൽ നൽകുന്ന മനോഹരമായ സ്ഥലങ്ങൾ നമ്മുടെ സൗത്ത് ഇന്ത്യയിലുമുണ്ട്. ഹിമാലയത്തിന്റെ എതിരാളികൾ എന്ന് വിളിക്കാവുന്ന ഹിൽസ്റ്റേഷനുകൾ. ഹിമാലയവും ഉത്തരാഖണ്ഡുമൊന്നും പോയിവരാനുള്ള സമയമില്ലതാനും എന്നാൽ ഒരു കിടിലൻ ട്രെക്കിങ്ങോട് കൂടിയ യാത്ര ആസ്വദിക്കുകയും വേണം. അങ്ങനെയുള്ള യാത്രാഭ്രാന്തൻമാർക്കായിട്ടുള്ള സ്ഥലങ്ങളാണ് താഴെ പറയുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നവർക്കല്ലാം അറിയാവുന്ന ഹിൽസ്റ്റേഷനുകൾ തന്നെയാണ് ഇതെങ്കിലും […]


നല്ല മഞ്ഞുള്ള താഴ്വരയും ചെങ്കുത്തായ മലഞ്ചെരിവുകളും എല്ലാം മനസ്സിലേക്ക് കടന്നു വരുമ്പോൾ ആദ്യം നമ്മൾ ആലോചിക്കുന്നത് ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളായിരിക്കും. പക്ഷേ അതേ ഫീൽ നൽകുന്ന മനോഹരമായ സ്ഥലങ്ങൾ നമ്മുടെ സൗത്ത് ഇന്ത്യയിലുമുണ്ട്. ഹിമാലയത്തിന്റെ എതിരാളികൾ എന്ന് വിളിക്കാവുന്ന ഹിൽസ്റ്റേഷനുകൾ. ഹിമാലയവും ഉത്തരാഖണ്ഡുമൊന്നും പോയിവരാനുള്ള സമയമില്ലതാനും എന്നാൽ ഒരു കിടിലൻ ട്രെക്കിങ്ങോട് കൂടിയ യാത്ര ആസ്വദിക്കുകയും വേണം. അങ്ങനെയുള്ള യാത്രാഭ്രാന്തൻമാർക്കായിട്ടുള്ള സ്ഥലങ്ങളാണ് താഴെ പറയുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നവർക്കല്ലാം അറിയാവുന്ന ഹിൽസ്റ്റേഷനുകൾ തന്നെയാണ് ഇതെങ്കിലും അടുത്തൊരു ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ അധികം കൺഫ്യൂഷനില്ലാതെ പോയിവരാവുന്നതാണ്.

കൂർഗ്, കർണാടക

ഇന്ത്യയുടെ സ്‌കോട്ട്ലൻഡ് എന്നാണ് പശ്ചിമഘട്ടത്തിലെ കിഴക്കൻ ചെരിവിൽ സ്ഥിതിചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ അറിയപ്പെടുന്നത്. കുടക് എന്നും അറിയപ്പെടുന്ന കൂർഗിന്റെ പ്രകൃതി ഭംഗി ഏതു കാലാവസ്ഥയിലും ആസ്വദിക്കാം. സാഹസിക പ്രേമികൾക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടമാണിത്. നിത്യഹരിത വനങ്ങളും സമതല പ്രദേശവും കോടമഞ്ഞ് മൂടിയ മലനിരകളും കാപ്പി, തേയിലത്തോട്ടങ്ങളും കൊണ്ട് ആകർഷകമായ പ്രദേശമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ മുതൽ 1715 മീറ്റർ വരെ ഉയരത്തിലാണ് ഈ പ്രദേശമുള്ളത്. നിരവധി സുഖവാസ കേന്ദ്രങ്ങളാണ് കുടക് കേന്ദ്രീകരിച്ചുള്ളത്. ബാരെപ്പോലെ നദി, കാവേരി നദി എന്നിവിടങ്ങളിൽ റിവർ റാഫ്റ്റിംഗിന് സൗകര്യമുണ്ട്. കാപ്പി പൂവിടുന്ന സമയത്ത് കുടകിൽ മുഴുവൻ കാപ്പിപ്പൂവിന്റെ സുഗന്ധം നിറയും. തോട്ടങ്ങൾ മുഴുവൻ വെള്ളപ്പരവതാനി വിരിച്ചപോലെയാകുമപ്പോൾ.സ്വപ്‌നതുല്യമായൊരു യാത്രയായിരിക്കും മനംമയക്കുന്ന ആ കാപ്പിസുഗന്ധം ആസ്വദിച്ച് പോകുമ്പോൾ.

യെർക്കാട്, തമിഴ്‌നാട്

തമിഴ്‌നാട്ടിലെ മലനിരകളുടെ റാണിയാണ് യേർക്കാട്. ഷേർവരായൻ മലനിരകളുടെ ഭാഗമായി പൂർവ്വ ഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന യേർക്കാട് ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ പിന്നെ ആളുകൾ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ്. തെക്കിന്റെ രത്‌നം എന്നറിയപ്പെടുന്ന ഇവിടം കാടുകൾ കൊണ്ടും മലനിരകൾ കൊണ്ടും സമ്പന്നമായ ഒരിടമാണ്. ഇവിടത്തെ കാലാവസ്ഥ ഹിമാലയത്തിന്റെ അതേ പ്രതീതിയാണ് യാത്രികർക്ക് സമ്മാനിക്കുന്നത്. ബിഗ് ലേക്ക് എന്നറിയപ്പെടുന്ന യേർക്കാഡ് ലേക്കാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. യേർക്കാഡിന്റെ ഹൃദയഭാഗത്തായി പച്ചപ്പുകൾ കൊണ്ട് ചുറ്റും പൊതിഞ്ഞ് സ്ഥിതി ചെയ്യുന്ന ഈ തടാകം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. സഞ്ചാരികൾക്കായി തടാകത്തിൽ ബോട്ടിംഗും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച്, കാപ്പിത്തോട്ടങ്ങളും ഇവിടെ സന്ദർശിക്കാവുന്നതാണ്.

പീരുമേട്, കേരളം

തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലയോര പ്രദേശമാണ് പീരുമേട്. തോട്ടങ്ങളുടെ പട്ടണം എന്ന് ഇതിനെ വിളിക്കാം. കടൽ നിരപ്പിൽ നിന്ന് 915 മീറ്റർ ഉയരത്തിൽ ചെറുകുന്നുകളും, തോട്ടങ്ങളുമുളള,സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിൾ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്. പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് പീരുമേട് എന്ന പേരിന്റെ ഉത്ഭവമെന്നു കരുതുന്നു. മനോഹരമായ ചെറിയ വെള്ളച്ചാട്ടങ്ങളും പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പാഞ്ചാലിമേട്, പരുന്തും പാറ വാഗമൺ എന്നിവ പീരുമേടിലേയ്ക്കുള്ള യാത്രയിൽ കാണാം. ത്രില്ലിംഗ് ട്രെക്കിംഗ് വഴികളാൽ സമ്പന്നമാണിവിടം. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങൾ വേനൽക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോൾ ഇതൊരു സർക്കാർ അതിഥി മന്ദിരമാണ്.

അരക്കു താഴ്വര, ആന്ധ്രാപ്രദേശ്

പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവു ചൂടിൽ നിന്നും മാറി തണുപ്പിന്റ കുളിരണിഞ്ഞ നാട്. തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്ന പേരിലും പ്രശസ്തമാണ് അരക്ക് വാലി. സമുദ്ര നിരപ്പിൽ നിന്നും 600 മീ. മുതൽ 900 മീ.വരെ ഉയരത്തിലാണ് അരക്കു താഴ്വര സ്ഥിതി ചെയ്യുന്നത്. കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയും ചുരങ്ങളിൽ നിന്നുള്ള ഇറക്കവും കയറ്റവുമൊക്കെ സഞ്ചാരികൾക്ക് അനന്യമായ ദൃശ്യവിസ്മയം ഒരുക്കുന്നു. മിക്ക തെലുങ്ക് സിനിമകളുടേയും ഇഷ്ട ലൊക്കേഷനായ അരക്ക് എന്ന സുന്ദരയിടത്തെക്കുറിച്ചാണ് പറയുന്നത്. വിശാഖ പട്ടണത്തിനു 114 കിലോമീറ്റർ അകലെയായി ഒറിസയുടെ അതിരുകൾക്ക് സമീപമാണ് അരക്കു താഴ്വരയുടെ സ്ഥാനം. ചുരങ്ങളിലൂടെയുള്ള യാത്രയിൽ റോഡിനിരുവശവും നിബിഡവനമാണ്. തണുപ്പു നിറഞ്ഞ കാലാവസ്ഥയായതിനാൽ പലപ്പോഴും അരക്കു താഴ്വരയെ ഹിമാലയൻ പ്രദേശങ്ങളോടാണ് ഉപമിക്കാറ്.

ഊട്ടി, തമിഴ്‌നാട്

ഊട്ടിയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. നമ്മൾ മലയാളികൾക്ക് ഫാമിലി ടൂറായാലും സ്റ്റഡി ടൂറായാലും ഇനി ചുമ്മാ ഒന്ന് എവിടേയ്‌ക്കെങ്കിലും പോകണമെന്ന് തോന്നിയാലുമെല്ലാം ആദ്യം ചിന്തയിൽ തെളിയുന്നത് ഊട്ടിയെന്ന പേരാണ്. ഹിൽ സ്റ്റേഷനുകളുടെ രാജ്ഞി എന്നും അറിയപ്പെടുന്ന ഊട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ഊട്ടിയുടെ മുഖമുദ്രയായ നീലഗിരി മൗണ്ടൻ റെയിൽവേയാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണം. പൈതൃക ട്രെയിൻ സർവീസായ ഇതിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെയുള്ള യാത്രയാണിത്.ഊട്ടിയുടെ കാലാവസ്ഥ ഏറ്റവും മനോഹരമായി സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. പെട്ടെന്ന് കേരളത്തിൽ നിന്നും പോയി വരാവുന്ന, ഒരു ഹിമാലയൻ അനുഭവം സാധ്യമാകുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഊട്ടി ലിസ്റ്റിൽ നമ്പർ വണ്ണായി തന്നെ എഴുതിച്ചേർത്തോളു.