image

20 March 2022 9:21 PM GMT

People

ഭവന നിർമാണ മേഖലയും 'അഫോഡബിൾ' സ്വപ്നങ്ങളും

ഭവന നിർമാണ മേഖലയും അഫോഡബിൾ സ്വപ്നങ്ങളും
X

Summary

കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല ഒരു ഉയിർത്തെഴുന്നേൽപിൻറെ പാതയിലാണിപ്പോൾ. ഒട്ടനവധി പുതിയ പദ്ധതികൾ ഓരോ ദിവസവും പരസ്യം ചെയ്യപ്പെടുന്നു. മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു വരുന്നു. ഒരു വർഷം മുമ്പനുഭവിച്ചിരുന്ന തൊഴിലാളികളുടെ അഭാവവും മിക്കവാറും മാറിക്കഴിഞ്ഞു. ചുരുക്കത്തിൽ ഒരു റിയൽ എസ്റ്റേറ്റ് ബൂമിനുള്ള സാധ്യതയാണ് ഓഹരി വിപണിയിൽ പോലും കാണുന്നത്. എന്നാൽ, കോവിഡിന്റെ എല്ലാ ബാധ്യതകളും തൂത്തെറിഞ്ഞ് വിപണിയിൽ സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുമ്പോഴും ഒട്ടനവധി കടമ്പകളാണ് ഭവന നിർമാണ മേഖലയിലെ വമ്പൻമാർക്ക് ചാടിക്കടക്കാനുള്ളത്. ഭവന വായ്പക്കുള്ള പലിശ നിരക്ക് […]


കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല ഒരു ഉയിർത്തെഴുന്നേൽപിൻറെ പാതയിലാണിപ്പോൾ. ഒട്ടനവധി പുതിയ പദ്ധതികൾ ഓരോ ദിവസവും പരസ്യം ചെയ്യപ്പെടുന്നു. മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു വരുന്നു. ഒരു വർഷം മുമ്പനുഭവിച്ചിരുന്ന തൊഴിലാളികളുടെ അഭാവവും മിക്കവാറും മാറിക്കഴിഞ്ഞു. ചുരുക്കത്തിൽ ഒരു റിയൽ എസ്റ്റേറ്റ് ബൂമിനുള്ള സാധ്യതയാണ് ഓഹരി വിപണിയിൽ പോലും കാണുന്നത്.

എന്നാൽ, കോവിഡിന്റെ എല്ലാ ബാധ്യതകളും തൂത്തെറിഞ്ഞ് വിപണിയിൽ സ്ഥാനമുറപ്പിക്കാൻ ശ്രമിക്കുമ്പോഴും ഒട്ടനവധി കടമ്പകളാണ് ഭവന നിർമാണ മേഖലയിലെ വമ്പൻമാർക്ക് ചാടിക്കടക്കാനുള്ളത്. ഭവന വായ്പക്കുള്ള പലിശ നിരക്ക് വീണ്ടും വീണ്ടും താഴ്ത്തി ആ മേഖലയെ കൈപിടിച്ചുയർത്താൻ ആർബിഐ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണക്കാരനെ ആകർഷിക്കാൻ കഴിയുന്നതിലുമധികമായ് നിർമ്മാണച്ചിലവുകൾ ഉയർന്നു പോകുന്നു. പോരാത്തതിന് റഷ്യ-യുക്രൈൻ യുദ്ധത്തോടെ സിമെന്റിന്റെയും കമ്പിയുടേയുമെല്ലാം വില കുത്തനെ ഉയർന്നിട്ടുണ്ട്. നിർമാണ മേഖലയിലെ ഈ അനിശ്ചിതത്വത്തെ മറികടക്കാൻ ഇനിയും സമയമെടുക്കും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആർക്കും വേണ്ടതാണ് തലക്കുമുകളിൽ ഒരു കൂര എന്നുള്ളപ്പോഴും അത് തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുന്നതായിരിക്കണമെന്ന്‌ എല്ലാവരും ചിന്തിക്കുന്നു. ഇവിടെ തടസ്സമാകുന്നത് എന്താണ്?

ഒരു പ്രധാന കാരണം ജോലിസ്ഥിരതയിലുള്ള വിശ്വാസക്കുറവാണ്. കോവിഡിന്റെ ആഘാതത്തിൽ ഒട്ടനവധി സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുകയോ അവരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്തിരുന്നു. ഇനിയും അങ്ങനെയൊരവസ്ഥ ഉണ്ടായേക്കുമോ എന്ന ഭീതി പലരിലും ഉണ്ട്. ഈ സാഹചര്യത്തിൽ കയ്യിലുള്ള പണം വല്ല ഭവനനിർമാണക്കമ്പനിയിലും കൊണ്ടിടാൻ ആർക്കും താത്പര്യമില്ല. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകൾ ബുക്കിങ്ങിൽ പിന്തളളപ്പെട്ടത് ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

മറ്റൊന്ന്, പണം അടച്ചാലും വീട് സമയത്ത് പണിതു കിട്ടുമോയെന്നാണ് പലരുടെയും സംശയം. അവരെ കുറ്റം പറയാൻ നമുക്കാവില്ല. റേറ (RERA) സഹിതം പല നിയമങ്ങളുമുണ്ടെങ്കിലും കോവിഡ് വന്നതോടെ എല്ലാം അയഞ്ഞു. പണമടച്ചെങ്കിലും വർഷങ്ങളായി വീടിനായ് കാത്തിരിക്കുന്നവർ ആയിരങ്ങളാണ്. ആർബിഐ യുടെ ആറുമാസത്തെ ആശ്വാസ പദ്ധതികൾ ഏറ്റെടുത്തവരാകട്ടെ പലിശക്കു മുകളിലെ പലിശയടക്കാൻ ബദ്ധപ്പെടുന്നു.

സ്റ്റാമ്പ് ഡ്യൂട്ടി റജിസ്ട്രേഷൻ 10 ശതമാനമായി വർദ്ധിപ്പിച്ചതും കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ക്ഷീണം വരുത്തി.

പക്ഷെ, ഈ സന്നിഗ്ദ്ധതകൾക്കിടയിലും ഭവന നിർമാണ മേഖല വളർച്ച നേടുമെന്നുതന്നെയാണ് നിരീക്ഷകരുടെ വിശ്വാസം. ദീപഖ് പരേഖിനെ പോലെയുള്ള വമ്പന്മാർ ഈ അഭിപ്രായം തന്നെയാണ് പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ 50 വർഷത്തിനിടയിലെ വീടുവാങ്ങാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് അദ്ദേഹം പറയുമ്പോൾ കുറഞ്ഞ പലിശ നിരക്കാണ് ആദ്യം ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് മിക്ക ബാങ്കുകളുടെയും ഭവന വായ്‌പ്പാ നിരക്ക് 7 ശതമാനത്തിനടുത്താണ്. രണ്ടു വര്ഷം മുൻപ് കോവിഡിന്റെ അതിപ്രസരം ഉണ്ടാവുന്നതിനും മുൻപ് അത് 10 ശതമാനത്തിനടുത്തായിരുന്നു.

അതുപോലെ ആശ്വാസം പകരുന്ന ഒന്നാണ് 2025-ഓടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 13 ശതമാനം റിയൽ എസ്റ്റേറ്റിൽ നിന്നായിരിക്കുമെന്ന ചില പഠനങ്ങൾ.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള (89,866.19 കോടി രൂപ) ഭവന നിർമാണ കമ്പനിയായ ഡി എൽ എഫ്-ന്റെ ഓഹരിവില കഴിഞ്ഞ 12 മാസത്തിനിടക്ക് 24.70 ശതമാനമാണ് ഉയർന്നത്. തൊട്ടടുത്തുള്ള മാക്രോറ്റെക് ഡെവലപ്പേഴ്സിന്റെ (വിപണി മൂല്യം 53,476.10 കോടി രൂപ) ഓഹരിവില കഴിഞ്ഞ ഒരു ദിവസം 5.09 ശതമാനം ഉയർന്നു.

റിയൽ എസ്റ്റേറ്റ് മേഖലയിലെ വിപണി മൂല്യത്തിൽ എട്ടാം സ്ഥാനം മാത്രമുള്ള ശോഭ ലിമിറ്റഡ് (6,978.28 കോടി രൂപ) ന്റെ ഓഹരി വില കഴിഞ്ഞ 12 മാസത്തിനിടക്ക് ഉയർന്നത് 60.56 ശതമാനമാണ്.

അടുത്തകാലത്തിറങ്ങിയ ചില കണക്കുകളിൽ ഒരു കോടി രൂപയിലധികം വിലയുള്ള വീടുകളുടെ വില്പനയിൽ കാര്യമായ കുതിച്ചുകയറ്റം കണ്ടപ്പോൾ അഫോഡബിൾ വീടുകളുടെ വില്പന കുറവായിരുന്നു. ഫലത്തിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നം ഇടത്തരക്കാരന് ഇന്നും ഒരു മരീചികയായി തന്നെ തുടരുകയാണ്.

ലോകമെമ്പാടുമുള്ള സോഹോ (Zoho) എന്ന ഭീമൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനായ ശ്രീധർ വെമ്പു ചെന്നൈയിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് തന്റെ കമ്പനി സ്ഥാപിച്ചു പ്രവർത്തിക്കുന്നത്.

നഗര കേന്ദ്രീകൃതമായ വീടുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും നിന്നകന്ന് നഗര പ്രാന്തങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാറിത്താമസിക്കാനുള്ള മാനസികാവസ്ഥ കൊറോണക്കാലത്ത് വർക്ക് ഫ്രം ഹോമിലൂടെ പലരും ആർജിച്ചിരുന്നു. അത് അനുകരിച്ചാൽ നഗരത്തിലെ വില കൂടിയ കെട്ടിടങ്ങളിൽ നിന്നൊഴിഞ്ഞ വില കുറഞ്ഞ നല്ല ഗൃഹങ്ങൾ സ്വതമാക്കാൻ പലർക്കും കഴിഞ്ഞേക്കും.

ഒന്നോർത്താൽ, ഭവന നിർമാണ മേഖലയ്ക്ക് ശോഭനമായ ഒരു ഭാവിയുണ്ടെന്നു കാണുമ്പോൾ തന്നെ എല്ലാവര്ക്കും പാർപ്പിടം എന്ന ആവശ്യത്തിലേക്കെത്താൻ നാമിനിയും ബഹുദൂരം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയി​ന്റി​ന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)