image

9 May 2022 7:32 AM GMT

People

ഡിജിറ്റൽ ബാങ്കുകൾ വായ്‌പ സൗകര്യങ്ങൾ വർധിപ്പിക്കുമോ?

Jayan Mangad

ഡിജിറ്റൽ ബാങ്കുകൾ വായ്‌പ സൗകര്യങ്ങൾ വർധിപ്പിക്കുമോ?
X

Summary

സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 നു 75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കുകൾ തുറക്കാനുള്ള പദ്ധതിയിട്ടിരിക്കയാണല്ലോ കേന്ദ്രസർക്കാർ. ഈ പുതിയ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ (ഡിബിയു; DBU) ബാങ്കിംഗ് സേവനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യത കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ആശയപരമായി, ഇന്റർനെറ്റ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ ഡെലിവർ ചെയ്യാവുന്ന ഏത് ബാങ്കിംഗ് ഉൽപ്പന്നവും സേവനവും ലഭ്യമാക്കാൻ ഒരു ഡിബിയു-വിന് കഴിയും. ഡിജിറ്റൽ ബിസിനസ് ഫെസിലിറ്റേറ്റർമാരുമായോ ബിസിനസ് […]



സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 നു 75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കുകൾ തുറക്കാനുള്ള പദ്ധതിയിട്ടിരിക്കയാണല്ലോ കേന്ദ്രസർക്കാർ. ഈ പുതിയ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ (ഡിബിയു; DBU) ബാങ്കിംഗ് സേവനങ്ങളുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ ലഭ്യത കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അഭിപ്രായപ്പെട്ടിട്ടുള്ളത്.

ആശയപരമായി, ഇന്റർനെറ്റ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ ഡെലിവർ ചെയ്യാവുന്ന ഏത് ബാങ്കിംഗ് ഉൽപ്പന്നവും സേവനവും ലഭ്യമാക്കാൻ ഒരു ഡിബിയു-വിന് കഴിയും. ഡിജിറ്റൽ ബിസിനസ് ഫെസിലിറ്റേറ്റർമാരുമായോ ബിസിനസ് കറസ്‌പോണ്ടന്റുമാരുമായോ അവരുടെ പ്രവർത്തനങ്ങൾ ഇതുവരെ വ്യാപാരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഡിബിയു-കൾക്ക് സാധിക്കുമെന്നതും വളരെ പ്രത്യാശ നൽകുന്നു.

പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, ലോക്കൽ ഏരിയ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ എന്നിവ ഒഴികെ മുൻകാലങ്ങളിൽ ഡിജിറ്റൽ ബാങ്കിംഗ് അനുഭവമുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളെ ടയർ-1 മുതൽ ടയർ-6 വരെയുള്ള കേന്ദ്രങ്ങളിൽ ഡിബിയു-കൾ തുറക്കാൻ അനിവദിക്കാം എന്നതാണ് ആർബിഐ മാർഗ്ഗനിർദ്ദേശം. ഡിബിയു-കൾക്ക് ബാങ്കിംഗ് സേവന സൗകര്യങ്ങൾ ഇൻസോഴ്‌സ് ചെയ്യാനോ ഔട്ട്‌സോഴ്‌സ് ചെയ്യാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവ നിലവിലുള്ള ബാങ്കിംഗ് ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രത്യേകമായി സ്ഥാപിക്കണം. എന്നിരുന്നാലും, ഡിബിയു-കൾക്ക് അവരുടെ കോർ ബാങ്കിംഗ് സിസ്റ്റം മറ്റു സമാന്തര സ്ഥാപങ്ങളുമായി പങ്കിടാൻ പ്രയാസമുണ്ടാവില്ല.

ഇത്തരം ബാങ്കുകളുടെ ലൈസൻസിംഗും നിയന്ത്രണവും സംബന്ധിച്ച ഒരു കരടുരേഖ 2021 നവംബറിലാണ് നിതി ആയോഗ് പ്രസിദ്ധീകരിച്ചത്. ബാങ്കിംഗ് മേഖല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കാൻ പര്യാപ്തമായ രീതിയിൽ പരമാവധി പേരിലേക്ക് ബാങ്കിങ് സേവനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ ഡിജിറ്റൽ സാങ്കേതിക വിദ്യ സഹായിക്കും എന്നതായിരുന്നു നിതി ആയോഗിന്റെ പ്രത്യാശ.

പ്രത്യേക സേവനങ്ങൾ നൽകുന്ന ബാങ്കിംഗ് സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക വിനിമയങ്ങൾ വിപുലീകരിക്കുന്നതിനുമായി വാദിച്ച 2014 -ലെ നചികേത് മോർ കമ്മിറ്റി റിപ്പോർട്ടിന് അനുസൃതമായാണ് ഡിബിയു-കളുടെ രൂപീകരണം. പേയ്‌മെന്റ് ബാങ്കുകളുടെയും ചെറുകിട ധനകാര്യ ബാങ്കുകളുടെയും രൂപീകരവും വളർച്ചയുമാണ് ഈ റിപ്പോർട്ട് ലക്ഷ്യമാക്കുന്നത് .

ചെറുകിട കച്ചവടക്കാർക്കും മറ്റുമുള്ള വായ്പാസൗകര്യങ്ങൾ കാര്യക്ഷമമാക്കാൻ ഡിബിയു-കൾ ഉപയോഗപ്പെടുത്താവുന്നതാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ മാത്രം നിലവിലുള്ള വായ്പാ വിടവ് 25 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നതിനാൽ ഡിബിയു-കളുടെ വരവ് വളരെ നിർണായകമാണ്.

ഇൻക്ലൂസീവ് ബാങ്കിംഗ് പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഡിബിയു സംവിധാനങ്ങൾ മുന്നോട്ടു നയിക്കുമെങ്കിലും ഈ മേഖലയിൽ പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. ബാങ്കിങ് നയങ്ങളിൽ തിരുത്തലുകൾ വരുത്തിയിട്ടും ഇന്ത്യൻ ബാങ്കിംഗ് മേഖലയ്ക്ക് സമീപ വർഷങ്ങളിൽ കാര്യമായ ഫലപ്രാപ്തി നേടാനായില്ല . അതേസമയം പെൻഷൻ, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്ക് മാർക്കറ്റുകൾ തുടങ്ങിയ മറ്റ് സാമ്പത്തിക മേഖലകൾ കുതിച്ചുയർന്നു.

ബാങ്കുകൾ അഭിമുഖീകരിക്കുന്ന പരിമിതികളുടെ പ്രധാന സൂചകങ്ങളിലൊന്ന് സ്വകാര്യമേഖലയ്ക്ക് നൽകിവരുന്ന ബാങ്ക് വായ്പയുടെ സ്തംഭനാവസ്ഥയാണ്. ഇത് ഒരു ദശാബ്ദത്തോളമായി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 50% ആയി തുടരുന്നു.

ഇതിനു വിപരീതമായി ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ (120%), മലേഷ്യ (121%), തായ്‌ലൻഡ് (143%), ദക്ഷിണ കൊറിയ (152%), എന്നിവിടങ്ങളിൽ സ്വകാര്യമേഖലയ്ക്ക് ലഭ്യമാകുന്ന ആഭ്യന്തര വായ്‌പ വളരെ ഉയർന്ന തോതിലാണ്. ചൈനയും (165%) സ്വകാര്യ സംരംഭകർക്ക് വലിയ തോതിൽ വായ്‌പ സൗകര്യം ഏർപ്പെടുത്തുന്നുണ്ട് .

എന്നിരുന്നാലും, മറ്റ് പല സൂചികകളുടെയും കാര്യത്തിൽ ഇന്ത്യൻ ബാങ്കുകൾ കൂടുതൽ കാര്യക്ഷമത പുലർത്തുന്നു. 2020 അവസാനിച്ച കഴിഞ്ഞ ദശകത്തിലെ കണക്കുകൾ കാണിക്കുന്നത് ബാങ്ക് ആസ്തികളിലെ നികുതിയാനന്തര വരുമാനം ഇന്ത്യയിൽ ശരാശരി 0.5% ആണ്. ഇത് ജർമ്മനി, ഫ്രാൻസ്, യുകെ, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നിവയെ അപേക്ഷിച്ച് തുലോം കൂടുതലാണ്. എന്നാൽ ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവയെ അപേക്ഷിച്ച് നേരിയ തോതിൽ കുറവാണെങ്കിലും സ്വീഡനിലും ചൈനയിലും റഷ്യയിലും യുഎസിലും അതിന്റെ പകുതിയിൽ താഴെ മാത്രമേയുള്ളൂ എന്ന കാര്യം നാം ഓർക്കണം. അതുപോലെ ഈ കാലയളവിൽ ഇന്ത്യയിൽ ബാങ്ക് ഇക്വിറ്റിയുടെ നികുതിയാനന്തര റിട്ടേൺ 7% ആയിരുന്നു. ഇത് താരതമ്യേന ഉയർന്നതാണ്.

എന്നാൽ, മറ്റ് കാര്യക്ഷമതാ സൂചകങ്ങളായ ഓഫീസ്‌ ആവശ്യങ്ങള്‍ മൂലധനപ്പലിശ മുതലായവയ്‌ക്കുള്ള ചെലവുകളുടെ അനുപാതവും മൊത്തം ആസ്തികളുമായുള്ള ബാങ്ക് ചെലവും വരുമാനവും തമ്മിലുള്ള അനുപാതവും വിപരീത ഫലങ്ങളാണ് കാണിക്കുന്നത്. ജർമ്മനി, ജപ്പാൻ, ഫ്രാൻസ്, ചൈന, സിംഗപ്പൂർ, യുകെ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ബാങ്ക് ഓവർഹെഡ് ചെലവുകളുടെ അനുപാതം കൂടുതലാണ്.

ബാങ്ക് വായ്പയുടെ ലഭ്യതയിലെ നിയന്ത്രണങ്ങളുടെ കാരണങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ, നിഷ്‌ക്രിയ ആസ്തികളുടെ വലിയ പങ്ക് ക്രെഡിറ്റ് മാർക്കറ്റുകളുടെ വികാസത്തിന് ഒരു പ്രധാന തടസ്സമായിരിക്കുന്നു. വാസ്തവത്തിൽ, ഇന്ത്യൻ ബാങ്കുകൾ മറ്റു വിദേശ ബാങ്കുകളെ അപേക്ഷിച്ച് സ്ഥിരമായും മൊത്തമായും ഉദ്ദേശിച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ഒരു പ്രധാന ഘടകം നിഷ്ക്രിയ വായ്പകളുടെയും ആസ്തികളുടെയും കാര്യത്തിലാണ്. 2019 ൽ രേഖപ്പെടുത്തിയ കഴിഞ്ഞ ദശകത്തിലെ ട്രെൻഡുകൾ കാണിക്കുന്നത് മൊത്ത വായ്പകളുമായുള്ള നിഷ്‌ക്രിയ വായ്പകളുടെ അനുപാതം ഇന്ത്യയിൽ ശരാശരി 6.1% ആണെങ്കിൽ ചൈനയിൽ 1.4%, ബ്രസീലിൽ 3.3%, ദക്ഷിണാഫ്രിക്കയിൽ 3.8%, റഷ്യയിൽ 8.1% എന്നിങ്ങനെയാണ്. വികസിത സമ്പദ്‌വ്യവസ്ഥകളുള്ള ദക്ഷിണ കൊറിയയിൽ (0.5%), സ്വിറ്റ്‌സർലൻഡ് (0.7%), സ്വീഡൻ (0.8%), സിംഗപ്പൂർ (1.4%), ജപ്പാൻ (1.8%), യുഎസ് (2.1%), ജർമ്മനി എന്നിവിടങ്ങളിൽ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ അനുപാതം.

ആയതിനാൽ, ഡിജിറ്റൽ ബാങ്കുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ അവസരത്തിലെങ്കിലും ഇന്ത്യൻ ബാങ്കിംഗ് മേഖലയെ തളർത്തുന്ന ഇത്തരം പ്രധാന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാരും സെൻട്രൽ ബാങ്കും കൂടുതൽ ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

അവലംബം: ഇക്കോണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി (EPW ), ദി ഇക്കൊണോമിൿ റിവ്യൂ, Inc42.