Summary
ധനനയം വിലയിരുത്തുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ആശങ്കകൾക്ക് ഇടമില്ല എന്ന് തോന്നാം. എന്നാൽ യുഎസ് - ഇറാൻ - ഇസ്രേയേൽ യുദ്ധം സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്നു എന്ന യാഥാർഥ്യം ബാക്കി നിൽക്കുകയാണ്.
രാജ്യാന്തര സാഹചര്യങ്ങൾ പ്രവചനാതീതമായി നിലനിൽക്കുമ്പോഴും, യുദ്ധവും ഊർജ പ്രതിസന്ധിയും വലിയ വെല്ലുവിളികൾ ഉയർത്തുമ്പോഴും പോളിസി നിരക്കുകൾ മാറ്റമില്ലാതെ തുടരുവാൻ ഉള്ള തീരുമാനം ഐക്യകണ്ഠേന കൈകൊള്ളുവാൻ ധനനയ അവലോകന സമിതിയെ ശക്തിപ്പെടുത്തിയത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്തായി തന്നെ കാണാം. ചുരുക്കം ചില മേഖലകളിൽ ഒഴിച്ച്, ആഭ്യന്തര ഡിമാൻഡ് ഇപ്പോഴും ശക്തമാണ് എന്ന് ഗവർണ്ണർ വിലയിരുത്തുന്നു.
നിരക്കുകളിൽ മാറ്റമില്ല
റീപോ നിരക്കിൽ മാറ്റമില്ല. അത് 5.25 ശതമാനമായി തുടരും. പോളിസി നിലപാട് (stance) ന്യൂട്രൽ ആയി നില നിർത്തി. സാമ്പത്തിക മേഖലയിൽ ആവശ്യത്തിന് ലിക്വിഡിറ്റി ഉണ്ട്. പണലഭ്യത നിലനിർത്തുവാൻ വേണ്ട ഇടക്കാല - ദീർഘകാല നടപടികൾ തുടർന്നും കൈക്കൊള്ളും. വിലക്കയറ്റം നേരത്തെ കണക്കാക്കിയിരുന്നതിൽ നിന്നും 50 ബേസിസ് പോയിന്റുകൾ ഉയർന്ന് ഈ വർഷാവസാനം 5.1 ശതമാനത്തിൽ എത്തും. അപ്പോഴും കേന്ദ്ര ബാങ്കിന്റെ ഗൈഡൻസ് നിരക്കായ +/- 4 ശതമാനത്തിന് ഉള്ളിലാണ് .
രാജ്യത്തെ ആഭ്യന്തര ഉത്പാദന വളർച്ച 6.6 ശതമാനമായി കുറയും. ഇത് നേരത്തെ കരുതിയിരുന്ന 6.9 ശതമാനത്തിൽ നിന്നും 30 ബേസിസ് പോയിന്റുകൾ കുറവാണ്. എങ്കിലും മറ്റു വലിയ സമ്പദ് വ്യവസ്ഥകളേക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ് ഇത്. അന്തർദേശീയ തലത്തിൽ ഇത്രമാത്രം അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ഈ വളർച്ച നിരക്ക് നമുക്ക് അഭിമാനകരമാണ്.
2.63 ലക്ഷം കോടിയുടെ അധിക പണ ലഭ്യത ശരാശരി കണക്കിൽ ഉള്ളത് വളർച്ചയെ തുടർന്നും സഹായിക്കും. മാത്രമല്ല, ആവശ്യത്തിനനുസരിച്ച് ഹ്രസ്വകാല - ദീർഘകാല നടപടികളിലൂടെ പണലഭ്യത തുടർന്നും ലഭ്യമാക്കും. വരാനിരിക്കുന്ന വിളവെടുപ്പ് സമയത്ത് ബാങ്കുകളിലേക്ക് വായ്പ തുക തിരിച്ചെത്തുമെന്നും അത് ബാങ്കുകളുടെ പണലഭ്യത വർധിപ്പിക്കുമെന്നും സമിതി വിലയിരുത്തുന്നു. 2026 സാമ്പത്തിക വർഷത്തിൽ ആകെ വായ്പ വളർച്ച 15.4 ശതമായിരുന്നു. ഇത് മുൻ വർഷത്തേക്കാൾ (12.1 ശതമാനം) കൂടുതലാണ്. ബാങ്ക് വായ്പകൾ മാത്രമെടുത്താലും വളർച്ചാ നിരക്ക് 16 ശതമാനത്തിന് മുകളിലാണെന്ന് കാണാം. ജൂൺ മാസം 3 ആം തിയതി റിസർവ് ബാങ്ക് ഓഫർ ചെയ്ത 75000 കോടിയുടെ വിആർആർ ലേലത്തിൽ ബാങ്കുകൾ എടുത്തത് 17445 കോടി മാത്രമാണ്. ഇത് കാണിക്കുന്നത് ബാങ്കിങ് സംവിധാനത്തിൽ ആവശ്യത്തിന് പണം ഉണ്ട് എന്നാണ്. അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ട.
പുതിയ സമീപനങ്ങൾ
രാജ്യാന്തര വ്യാപാരത്തിൽ വരുന്ന സാമ്പത്തിക വെല്ലുവിളികളെ, വിശേഷിച്ചു ബാലൻസ് ഓഫ് പേയ്‌മെന്റിൽ വരുന്ന ബുദ്ധിമുട്ടുകളെ, നേരിടാൻ വേണ്ട ചില മാർഗ്ഗങ്ങൾ ഇത്തവണ കേന്ദ്ര ബാങ്ക് മുന്നോട്ട് വെച്ചിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട ഒന്ന്. അന്താരാഷ്‌ട്ര വ്യാപാര രംഗത്ത് കൂടുതൽ രാജ്യങ്ങളെ പങ്കാളികളാക്കിയിരിക്കുന്നു എന്നതാണ് അതിലൊന്ന്. ഇൻഷുറൻസ് രംഗത്ത് 100 ശതമാനം നിക്ഷേപം നടത്തുവാൻ (എഫ്ഡിഐ) നൽകിയിരിക്കുന്ന അനുവാദം ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുമെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു.
രൂപയെ ശക്തിപ്പെടുത്താൻ ഉള്ള നടപടികൾ എന്തൊക്കെ?
ഗവണ്മെന്റ് സെക്യൂരിറ്റികളിൽ (FAR) 40വർഷം വരെ നിക്ഷേപം നടത്താം, പോർട്ടഫോളിയോ നിക്ഷേപങ്ങളിൽ നിയന്ത്രണമില്ലാതെ നിക്ഷേപിക്കാം, അവക്കുള്ള നികുതികളിൽ ഇളവ്, വിദേശ ഇന്ത്യക്കാർക്ക് (NRIs, OCIs, PROIs) ഇക്വിറ്റി നിക്ഷേപങ്ങൾക്ക് കൂടുതൽ അവസരങ്ങൾ, ബാങ്കുകൾ സ്വീകരിക്കുന്ന പുതിയ എഫ്സിഎൻആർ (B) നിക്ഷേപങ്ങൾക്കുള്ള ഹെഡ്ജിങ് ചെലവ് സെപ്റ്റംബർ മാസം വരെ പൂർണ്ണമായും വഹിക്കുവാനുള്ള ഫെസിലിറ്റി, ഫോറെക്സ് സ്വാപ്പ് ഫെസിലിറ്റി സെപ്തംബര് വരെ നീട്ടുക, കയറ്റുമതി തുക ഇന്ത്യയിലേക്ക് എത്താനുള്ള കാലതാമസം 9 മാസമായി കുറക്കുക എന്നിങ്ങനെയുള്ള തീരുമാനങ്ങൾ വഴിയും വിദേശത്തു നിന്നുള്ള റെമിറ്റൻസ് വർദ്ധിപ്പിക്കാമെന്നും അത് വഴി ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തി ബാലൻസ് ഓഫ് പേയ്മെന്റ് വെല്ലുവിളി നേരിടാമെന്നും റിസർവ് ബാങ്ക് കരുതുന്നു.
സാധാരണക്കാർക്ക് എന്ത് ലഭിച്ചു?
ധനനയം വിലയിരുത്തുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ആശങ്കകൾക്ക് ഇടമില്ല എന്ന് തോന്നാം. എന്നാൽ യുഎസ് - ഇറാൻ - ഇസ്രേയേൽ യുദ്ധം സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിക്കുന്നു എന്ന യാഥാർഥ്യം ബാക്കി നിൽക്കുകയാണ്. എൽനിനോ സാഹചര്യവും മൺസൂൺ മഴയിൽ കുറവുണ്ടായേക്കാം എന്ന റിപ്പോർട്ടും ഈ അവസ്ഥയെ കൂടുതൽ സങ്കീർണമാക്കും. ഇനി, എണ്ണയുടെ ഉത്പാദനത്തിലും വിതരണത്തിലും ഗതാഗതത്തിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധി കേവലം എണ്ണയുടെ ലഭ്യതയിലും വിലയിലും മാത്രം ഒതുങ്ങി നില്കുന്നതാണോ? ഉപ്പുമുതൽ കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നു. യാത്രാച്ചിലവുകൾ ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. യാത്രകൾ മാത്രമല്ല, മറ്റു ഒട്ടനവധി ദൈനംദിന പ്രവർത്തനങ്ങൾ ഒഴിവാക്കാനോ കുറക്കുവാനോ പ്രധാനമന്ത്രി തന്നെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. കോവിഡ് കാലത്തേക്കാൾ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് സാധാരണക്കാർ ഇന്ന് കടന്നു പോകുന്നത്. ഈ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുവാൻ ജൂൺ 5 ലെ ധനനയ അവലോകന തീരുമാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
(ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനുമാണ്. )
പഠിക്കാം & സമ്പാദിക്കാം
Home
