image

26 April 2022 1:09 AM GMT

News

ആര്‍ബിഐയ്ക്ക് ഇനിയും കാത്തിരിക്കാന്‍ വയ്യ, നിരക്ക് വര്‍ധന ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

MyFin Desk

ആര്‍ബിഐയ്ക്ക് ഇനിയും കാത്തിരിക്കാന്‍ വയ്യ, നിരക്ക് വര്‍ധന ഉടനെന്ന് റിപ്പോര്‍ട്ടുകള്‍
X

Summary

പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ റിപ്പോ നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ ആര്‍ബിഐ കാലതാമസം വരുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ സര്‍വെയില്‍ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനത്തിന് വേഗം കൂട്ടുമെന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തില്‍ തുടരുകയാണ്. ഏതാനം മാസങ്ങളായി നിരക്ക് ആര്‍ബിഐയുടെ സഹന പരിധിയ്ക്ക് മുകളിലാണ്.  നിരക്ക് വർധനയ്ക്ക് ജൂൺ വരെ കാത്തിരക്കേണ്ടി വരില്ലെന്നാണ് സൂചനകൾ. 46 സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ഇത് സംബന്ധിച്ച് […]


പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ റിപ്പോ നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ ആര്‍ബിഐ കാലതാമസം വരുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വിദഗ്ധരുടെ ഇടയില്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ സര്‍വെയില്‍ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനത്തിന് വേഗം കൂട്ടുമെന്നാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് 6.95 ശതമാനത്തില്‍ തുടരുകയാണ്. ഏതാനം മാസങ്ങളായി നിരക്ക് ആര്‍ബിഐയുടെ സഹന പരിധിയ്ക്ക് മുകളിലാണ്. നിരക്ക് വർധനയ്ക്ക് ജൂൺ വരെ കാത്തിരക്കേണ്ടി വരില്ലെന്നാണ് സൂചനകൾ.

46 സാമ്പത്തിക വിദഗ്ധരുടെ ഇടയിൽ ഇത് സംബന്ധിച്ച് നടത്തിയ സർവെയിൽ 20-25 പേരും ജൂണില്‍ തന്നെ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് വിലയിരുത്തിയത്. കാല്‍ ശതമാനം മുതല്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ച് വാര്‍ഷാവസാനത്തോടെ 4.75-5.25 ശതമാനത്തിലേക്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കാമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ആണ്. ആഗോള തലത്തില്‍ പണപ്പെരുപ്പം സമ്പദ് വ്യവസ്ഥകള്‍ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണ്. അമേരക്ക പലിശ നിരക്ക് കൂട്ടിയിരുന്നു. വര്‍ധന തുടരുമെന്ന സൂചനയാണ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തുടര്‍ന്നും നല്‍കുന്നത്. യുറോപ്പും ജപ്പാന്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളും ഇപ്പോഴും പണപ്പെരുപ്പത്തിന്റെ പിടിയാലാണ്. ആഗോള സമ്പദ് വ്യവസ്ഥകള്‍ക്ക് ചുവടു പിടിച്ച് ഇന്ത്യയും പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജൂണില്‍ തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജൂണിലും ഓഗസ്റ്റിലുമായി കാല്‍ ശതമാനം വീതം പലിശ നിരക്കില്‍ വര്‍ധന വരുത്തുമെന്നാണ് ഇതു സംബന്ധിച്ച എസ്ബി ഐ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. മൂക്കാല്‍ ശതമാനം വരെ ഇങ്ങനെ കൂട്ടിയേക്കാമെന്നും വിലയിരുത്തലുണ്ടായിരുന്നു.

രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി ഉയര്‍ന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന കാരണം. 2020 നവംബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 ജനുവരി മുതല്‍ പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 6 .01 ശതമാനമായിരുന്നു. 5 .66 ശതമാനമായിരുന്നു ഡിസംബറില്‍ ഇത്. ഏപ്രിലില്‍ ആര്‍ബി ഐ ധന നയ സമിതി ചേര്‍ന്നെങ്കിലും പലിശ നിരക്ക് അതേ പടി നിലനിര്‍ത്തുകയായിരുന്നു.

ഫെബ്രുവരിയിലും സന്തുലിതാവസ്ഥ നിലനിര്‍ത്തി. നിലവില്‍ റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമാണ്. കഴിഞ്ഞ 20 മാസമായി റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. 2020 മേയ് മാസത്തിലാണ് അവസാനമായി റിപ്പോ കുറച്ചത്. കോവിഡിനു മുമ്പേ തുടങ്ങിയ സാമ്പത്തിക തളര്‍ച്ച പരിഹരിക്കാന്‍ തുടര്‍ച്ചയായി കുറച്ചാണ് റിപ്പോ 4 ശതാനത്തില്‍ എത്തിച്ചത്. 2001 ഏപ്രില്‍ മാസത്തിലാണ് മുമ്പ് ഇതേ നിരക്കില്‍ റിപ്പോ എത്തിയത്. ഇതോടെ പലിശ നിരക്ക് രണ്ട് പതിറ്റാണ്ട് മുമ്പത്തെ താഴ്ചയിലേക്ക് പോയിരുന്നു.