image

8 July 2022 3:01 AM GMT

People

'ഒടിടിയ്ക്ക് സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കാനാവില്ല, തിയേറ്ററുകൾക്കേ കഴിയൂ'

Bijith R

Summary

കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ ഏറ്റവുമധികം ആഘാതമേല്പിച്ച ഒരു വിഭാഗമാണ് എന്റർടൈൻമെന്റ് വ്യവസായം. കുറച്ചു കാലത്തേക്ക് സിനിമ തിയേറ്ററുകൾ പൂർണമായും അടച്ചിട്ടത് വിനോദ മേഖലയിൽ, മൾട്ടിപ്ലെക്സ് ഓപ്പറേറ്റർമാർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത സാഹചര്യത്തിൽ, ഈ മേഖലയിൽ സുപ്രധാനമായ എന്തു മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും, പ്രധാന ട്രെൻഡുകൾ എന്തൊക്കെയാണെന്നും പ്രമുഖ മൾട്ടിപ്ലെക്സ് ഓപ്പറേറ്ററായ മിറാജ് സിനിമാസിന്റെ എംഡി അമിത് ശർമ മൈഫിൻ ഗ്ലോബലിനോട് സംസാരിക്കുന്നു:   കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനു ശേഷം […]


കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ ഏറ്റവുമധികം ആഘാതമേല്പിച്ച ഒരു വിഭാഗമാണ് എന്റർടൈൻമെന്റ് വ്യവസായം. കുറച്ചു കാലത്തേക്ക് സിനിമ തിയേറ്ററുകൾ പൂർണമായും അടച്ചിട്ടത് വിനോദ മേഖലയിൽ, മൾട്ടിപ്ലെക്സ് ഓപ്പറേറ്റർമാർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത സാഹചര്യത്തിൽ, ഈ മേഖലയിൽ സുപ്രധാനമായ എന്തു മാറ്റങ്ങളാണ് ഉണ്ടാവുന്നതെന്നും, പ്രധാന ട്രെൻഡുകൾ എന്തൊക്കെയാണെന്നും പ്രമുഖ മൾട്ടിപ്ലെക്സ് ഓപ്പറേറ്ററായ മിറാജ് സിനിമാസിന്റെ എംഡി അമിത് ശർമ മൈഫിൻ ഗ്ലോബലിനോട് സംസാരിക്കുന്നു:

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനു ശേഷം പ്രേക്ഷകരുടെ വരവ് പാൻഡെമിക്നു മുമ്പുള്ള നിലയിലേക്ക് വന്നു തുടങ്ങിയോ?

രണ്ടു വർഷത്തെ പൂർണ്ണ അടച്ചിടലിനു ശേഷം ഇന്ത്യയിൽ മുഴുവനും തിയേറ്ററുകൾ സാധരണ നിലയിലേക്ക് വന്നിട്ടുണ്ട്. എങ്കിലും ചില മേഖലകളിൽ ഇപ്പോഴും പൂർണ്ണമായും തിരിച്ചു വന്നുവെന്നു പറയാറായിട്ടില്ല. പ്രത്യേകിച്ച് ഹിന്ദി മേഖലയിൽ. ഇന്ത്യ മുഴുവനായി നോക്കുകയാണെങ്കിൽ, പഴയ സ്ഥിതിയിലേക്ക് എത്തിയെന്നു പറയാം. ചില ഭാഗങ്ങളിൽ കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുമുണ്ട്. എന്നാൽ ആ സ്ഥിതിയിലേക്ക് ഇനിയും എത്തിച്ചേരാത്ത മേഖലകളുമുണ്ട്.

ശരാശരി ടിക്കറ്റ് വിലയും, ഒരു വ്യക്തി ശരാശരി ചെലവാക്കുന്ന തുകയും സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടോ?

ശരാശരി ടിക്കറ്റ് വില പാൻഡെമിക് ഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ മികച്ച നിലയിലാണ്. പണപ്പെരുപ്പം നേരിടാനുള്ള വില വർധനയല്ല ഞങ്ങൾ നടപ്പിലാക്കിയത്. തെലുങ്കാനയിലും, ആന്ധ്ര പ്രദേശിലും ടിക്കറ്റ് വില നിയന്ത്രിക്കുന്നത് ഗവൺമെന്റാണ്. മൾട്ടിപ്ലെക്സുകളിലെ ടിക്കറ്റ് വില 150 രൂപയിൽനിന്നു 300 ആക്കി ഉയർത്തിയിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലായി 20 സ്ക്രീനുകൾ ഞങ്ങൾക്കുണ്ട്. അതിനാൽ രണ്ടു സംസ്ഥാനങ്ങളിലുണ്ടായ ഈ വർദ്ധനവ് ശരാശരി ടിക്കറ്റ് വിലയിൽ വലിയൊരു വർദ്ധനവിന് കാരണമായി. ഇത് ശരാശരി ടിക്കറ്റ് വിലയിൽ നിർണായകമായ വളർച്ചയുണ്ടാവുന്നതിനു സഹായിച്ചു. മറ്റൊരു സുപ്രധാന മേഖല ഫുഡ് ആൻഡ് ബീവറേജ് വിഭാഗമാണ്. ഇവിടെ വലിയൊരു പുരോഗതിയാണ് ഞങ്ങൾ കാണുന്നത്. ഒരു വ്യക്തിയുടെ ചെലവഴിക്കലിൽ 30-35 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് മൊത്തത്തിലുള്ള വ്യവസായത്തിന് വലിയ പ്രചോദനമാണ്.

കോവിഡിന് മുൻപ് ഇന്ത്യയിലുടനീളം വലിയൊരു വിപുലീകരണത്തിന് പദ്ധതിയിട്ടിരുന്നല്ലോ. ഇപ്പോൾ നിയന്ത്രണങ്ങൾ നീങ്ങിയ സാഹചര്യത്തിൽ, അതുമായി മുന്നോട്ട് പോകുമോ?

തീർച്ചയായും. ഞങ്ങൾ ആ പദ്ധതിയുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. നിലവിൽ ഞങ്ങൾക്ക് 14 സംസ്ഥാനങ്ങളിലായി 38 സിറ്റികളിൽ, 165 സ്‌ക്രീനുകളും, 57 മൾട്ടിപ്ളെക്സുകളും ഉണ്ട്. ഒക്ടോബർ ആവുമ്പോഴേക്കും, പാൻ ഇന്ത്യ അടിസ്ഥാനത്തിൽ, 200 സ്ക്രീനുകളിൽ എത്തിച്ചേരാനുള്ള പദ്ധതിയിലാണ് ഞങ്ങൾ.

ഗുണനിലവാരമുള്ള കണ്ടെന്റുകളടങ്ങിയ ഒടിടി പ്ലാറ്റുഫോമുകളിൽ നിന്ന് മൾട്ടിപ്ളെക്സുകൾ കടുത്ത മത്സരം നേരിടുന്നുണ്ട്. ഒടിടി പ്ലാറ്റുഫോമുകൾ മൾട്ടിപ്ളെക്സുകൾക്കു വെല്ലുവിളിയാണോ?

സത്യത്തിൽ ഒടിടി ഞങ്ങളുമായി മത്സരിക്കുകയല്ല, മറിച്ച് കൺസ്യൂമർ ബേസ് വളരാൻ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഒടിടിയും, തീയറ്റർ അനുഭവവും രണ്ടും രണ്ടാണ്. ഒടിടി വെബ്സീരീസ് പോലുള്ള ദൈർഘ്യമുള്ള കണ്ടെന്റുകൾ കാണാൻ അനുയോജ്യമായ പ്ലാറ്റ്ഫോമാണ്. നേരെ മറിച്ച്, തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് നിശ്ചിത സമയത്തേക്ക് കാണാൻ പറ്റുന്ന ഫീച്ചർ സിനിമകളാണ്. നിങ്ങൾ സുഹൃത്തുക്കളെയോ, സഹപ്രവർത്തകരെയോ കാണുമ്പോൾ അവരോട് ഒടിടിയിൽ ആ സിനിമ കണ്ടോ എന്നല്ല ചോദിക്കുക, ആ വെബ്സീരീസ് കണ്ടോ എന്നായിരിക്കും. ഇതാണ് വ്യത്യാസം.

അതുകൊണ്ട് വെബ്സീരീസ് പോലുള്ള ഗുണനിലവാരമുള്ള കണ്ടന്റ് കാണുന്നതിന് മികച്ച അവസരമാണ് ഒടിടിയിൽ. ഇനി കണ്ടെ​ന്റ് നിർമ്മിക്കുന്നവരുടെ ഭാഗത്തു നിന്ന് നോക്കുകയാണെങ്കിൽ, ഒടിടി വരുന്നതിന് മുൻപ് അവരുടെ വരുമാനത്തി​ന്റെ 25-30 ശതമാനം വരെ നോൺ- തീയറ്റ്രിക്കൽ ബിസിനസ്സിൽ നിന്നുമാണ് ലഭിച്ചിരുന്നത്. 70-75 ശതമാനം തീയറ്റ്രിക്കൽ ബിസിനസ്സിൽ നിന്നും. എന്നാൽ ഒടിടി വന്നതിനു ശേഷം നോൺ-തീയറ്റ്രിക്കൽ ബിസിനസ്സിൽ നിന്നുള്ള വരുമാനം 40-45 ശതമാനമായി ഉയർന്നു. ചെറിയ സിനിമകളിൽ ഇത് 50-60 ശതമാനമായി.

ഇന്ന് സിനിമാ നിർമ്മാണം എന്നത് തീയറ്ററുകളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നതിനേക്കാൾ വലിയ ബിസിനസ്സ് ആണ്. കണ്ടെ​ന്റ് നിർമ്മാതാക്കൾക്ക് ഇത് വലിയൊരു പ്രചോദനമാണ്. അതിനാൽ, സാങ്കേതികമായി പറയുകയാണെങ്കിൽ, ഒടിടി പ്ലാറ്റ്ഫോം കണ്ടെ​ന്റ് നിർമ്മാതാക്കൾക്ക് കൂടുതൽ ലാഭം നൽകുന്നു. കൂടുതൽ കണ്ടെന്റുകൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

ഒടിടിയും സിനിമ തിയേറ്ററും തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ, സിനിമ തിയേറ്ററുകൾക്കാണ് മറ്റേതു പ്ലാറ്റ്ഫോമുകളെക്കാളും മികച്ച കാഴ്ചാനുഭവം നല്കാൻ കഴിയുക. നമ്മൾ അംഗീകരിക്കേണ്ട കാര്യം, 270 കോടി രൂപയുടെ വരുമാനം 'കാശ്മീർ ഫയൽസ്'നു തിയേറ്ററിൽ റിലീസ് ചെയ്തില്ലായിരുന്നെങ്കിൽ ഒരിക്കലും കിട്ടില്ലായിരുന്നു. അത് പോലെ 'കെജിഎഫി'നാണെങ്കിലും, 'പുഷപ'ക്കും 'ആർആർ ആർ'നുമെല്ലാം 1,000 കോടി ക്ലബ്ബിലെത്താൻ സാധിച്ചത് തിയേറ്ററിൽ റിലീസായത് കൊണ്ടു മാത്രമാണ്. ഒരു നടനെ താരമാക്കുന്നത് 70 എംഎം സ്‌ക്രീനാണ്. എന്നാൽ ഒടിടി, നിർമ്മാണ ചെലവിന്റെ 10-20 ശതമാനം ലാഭം മാത്രമേ നൽകൂ. ഒരു നിർമ്മാതാവിനെ അല്ലെങ്കിൽ താരത്തെ സംബന്ധിച്ച് അഞ്ചിരട്ടിയോ, പത്തിരട്ടിയോ വരുമാനം തിയേറ്ററുകളിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.

ഡിസ്നി ഹോട്സ്റ്റാർ, ആമസോൺ പ്രൈം, നെറ്റ് ഫ്ലിക്സ്, എന്നീ ഒടിടി വരിക്കാരുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ക്രമാധീതമായി വർധിച്ചിട്ടുണ്ട്. മൾട്ടിപ്ളെക്സുകൾ ഇത്തരത്തിൽ പ്രേക്ഷകരെ ആകർഷിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?

ഒടിടി വരിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. കോവിഡ് കാലത്ത്, സിനിമ തിയേറ്ററുകൾ അടച്ചിട്ടിരുന്ന സമയത്ത്, മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് അതിൽ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ട കണക്കു നോക്കിയാൽ, ചരിത്രത്തിലാദ്യമായി കഴിഞ്ഞ പാദത്തിൽ അവരുടെ വരിക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇത് അവരുടെ ഓഹരി വിലയിലും 50 ശതമാനത്തിലധികം ഇടിവിനു കാരണമായി.

ഈ ഉദാഹരണം നോക്കാം, ഒരു വ്യക്തി ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ ഒരാഴ്‌ചയിൽ 5-7 മണിക്കൂർ ചെലവഴിക്കാറുണ്ടെങ്കിൽ, പാൻഡെമിക് സമയത്ത് അയാൾ ഒരു ദിവസം അത്രയും സമയം ചെലവഴിച്ചിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിന് കണ്ടെന്റുകളുടെ ലൈബ്രറിയുണ്ട്. അത് സാധാരണയായി 7-8 വർഷത്തിനുള്ളിൽ ഉപയോ​ഗിച്ചു തീരും. അവർ പുതിയ കണ്ടെ​ന്റ് ചേർത്തുകൊണ്ടിരിക്കും. ഇതാണ് രീതി. എന്നാൽ ഇപ്പോൾ അവർ പ്രതിസന്ധിയിലാണ്. അവരുടെ ലൈബ്രറിയിലെ കണ്ടന്റുകൾ പൂർണമായും തീർന്നിരിക്കുന്നു. വരിക്കാർ എല്ലാം ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നു. അവരുടെ നിലവിലെ ഉപഭോക്താക്കൾക്ക് നൽകാൻ പുതിയതോ അധികമോ ആയ കണ്ടന്റ് ലഭ്യമല്ല.

ഈയടുത്തായി, തെന്നിന്ത്യൻ സിനിമകളെല്ലാം വടക്കേ ഇന്ത്യയിലും വലിയ ഹിറ്റുകളാവുന്നുണ്ട്. എന്നാൽ ബോളിവുഡിലേക്ക് വന്നാൽ, മുൻനിര നായകന്മാർ അഭിനയിച്ച സിനിമകളെല്ലാം തെന്നിന്ത്യയിൽ അത്ര വിജയിക്കുന്നില്ല. ഇതിനെ താങ്കൾ എങ്ങിനെ വീക്ഷിക്കുന്നു?

തെന്നിന്ത്യൻ സിനിമകൾ വടക്കേ ഇന്ത്യയിലും മികച്ച കളക്ഷൻ നേടുന്നത് പോലെ, വടക്കേ ഇന്ത്യൻ സിനിമകൾ തെന്നിന്ത്യയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഇത് എത്രത്തോളം പാൻ ഇന്ത്യ സിനിമകളാണ് വരുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കെജിഎഫ്, ആർആർആർ, പുഷ്പ, ബാഹുബലി എന്നീ ചിത്രങ്ങൾ ഉദാഹരണം. ഇതെല്ലം പാൻ ഇന്ത്യ അടിസ്ഥാനത്തിൽ പ്രേക്ഷകർ സ്വീകരിച്ച ചിത്രങ്ങളാണ്.

ഭാവിയിൽ, പല പ്രദേശങ്ങളിൽ നിന്നുള്ള പ്രതിഭകളെ അണി നിരത്തുന്ന 'ക്രോസ്സ് കാസ്റ്റിംഗ്' സിനിമകൾ പുറത്തിറങ്ങും. ഇതിലും മികച്ചതും, വലുതുമായ കൊമേർഷ്യൽ പടങ്ങൾ ഭാവിയിൽ ഉണ്ടാകും.