image

18 July 2022 12:04 AM GMT

Banking

കേരളത്തിലേക്കുള്ള ഗള്‍ഫ് പണമൊഴുക്ക് കുറയുന്നു: ആര്‍ബിഐ സര്‍വേ

MyFin Desk

കേരളത്തിലേക്കുള്ള ഗള്‍ഫ് പണമൊഴുക്ക് കുറയുന്നു: ആര്‍ബിഐ സര്‍വേ
X

Summary

ഡെല്‍ഹി: ഗള്‍ഫില്‍ നിന്നും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ ഇടിവുണ്ടായെന്ന് വ്യക്തമാക്കി ആര്‍ബിഐ സര്‍വേ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം 2020-21 കാലയളവിലാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണമൊഴുക്കില്‍ സാരമായ ഇടിവ് സംഭവിച്ചത്. എന്നാല്‍ യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ട്. 2020-21 കാലയളവില്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയയ്ച്ച പണത്തിന്റെ 36 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2016-17 കാലയളവില്‍ ഗള്‍ഫ് മേഖലയില്‍ […]


ഡെല്‍ഹി: ഗള്‍ഫില്‍ നിന്നും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവില്‍ ഇടിവുണ്ടായെന്ന് വ്യക്തമാക്കി ആര്‍ബിഐ സര്‍വേ. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മൂലം 2020-21 കാലയളവിലാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണമൊഴുക്കില്‍ സാരമായ ഇടിവ് സംഭവിച്ചത്. എന്നാല്‍ യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ധനയുണ്ട്. 2020-21 കാലയളവില്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയയ്ച്ച പണത്തിന്റെ 36 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

2016-17 കാലയളവില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും പ്രവാസികള്‍ അയയ്ച്ച പണത്തിന്റെ അളവുമായി താരതമ്യം ചെയ്താല്‍ 50 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കണക്കുകള്‍ നോക്കിയാല്‍ പ്രവാസി മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നും ആര്‍ബിഐ സര്‍വേ വ്യക്തമാക്കുന്നൂ. 2016-17ല്‍ ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21ല്‍ മഹാരാഷ്ട്ര മറികടന്നു.

5 വര്‍ഷം മുന്‍പ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി വളര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേര്‍ത്താല്‍ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ല്‍ ഇത് 42 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

2020ല്‍ ഗള്‍ഫ് മേഖലയിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആര്‍ബിഐ ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വര്‍ധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍, കുടിയേറ്റ രീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആര്‍ബിഐയിലെ ഗവേഷകരുടെ നിഗമനം.

14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയതെന്ന് നോര്‍ക്കയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഇതില്‍ 59 ശതമാനവും യുഎഇയില്‍ നിന്നായിരുന്നു. പ്രവാസികള്‍ പണമയയ്ക്കാന്‍ സ്വകാര്യ ബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.