image

31 Aug 2022 4:52 AM GMT

Banking

ഉയര്‍ന്ന ആശങ്കകള്‍ക്കിടയിലും 518 ലക്ഷം ടണ്‍ അരി സംഭരണം ലക്ഷ്യമിട്ട് കേന്ദ്രം

MyFin Desk

ഉയര്‍ന്ന ആശങ്കകള്‍ക്കിടയിലും 518 ലക്ഷം ടണ്‍ അരി സംഭരണം ലക്ഷ്യമിട്ട് കേന്ദ്രം
X

Summary

ഡെല്‍ഹി: ഉത്പാദന ആശങ്കകള്‍ക്കിടയിലും ഈ ഖാരിഫ് സീസണില്‍ 518 ലക്ഷം ടണ്‍ അരി സംഭരണം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം 1.60 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുമായും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് എസ്റ്റിമേറ്റിന് അന്തിമ രൂപം നല്‍കിയത്. ഖാരിഫ് അരി സംഭരണം സംബന്ധിച്ച് അന്തിമ രൂപം തീരുമാനമാക്കുന്നതിനും ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന […]


ഡെല്‍ഹി: ഉത്പാദന ആശങ്കകള്‍ക്കിടയിലും ഈ ഖാരിഫ് സീസണില്‍ 518 ലക്ഷം ടണ്‍ അരി സംഭരണം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം 1.60 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുമായും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് എസ്റ്റിമേറ്റിന് അന്തിമ രൂപം നല്‍കിയത്. ഖാരിഫ് അരി സംഭരണം സംബന്ധിച്ച് അന്തിമ രൂപം തീരുമാനമാക്കുന്നതിനും ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന അരി സംഭരണത്തിനുള്ള തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം ചേര്‍ന്നത്.
2021-22 ലെ ഖാരിഫ് വിള സമയത്ത് 509.82 ലക്ഷം ടണ്‍ സംഭരിച്ച സ്ഥാനത്ത് 2022-23 വര്‍ഷത്തില്‍ 518 ലക്ഷം ടണ്‍ അരിയാണ് സംഭരണത്തിനായി കണക്കാക്കിയിരിക്കുന്നതെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷം മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം കാരണം തിന സംഭരണത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുധാന്‍ഷു പാണ്ഡെ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം ഗോതമ്പിനെയും അരിയെയും പ്രതികൂലമായി ബാധിക്കുകയും അതിന്റെ ഫലമായി ഗണ്യമായ ഉത്പാദന ഇടിവ് അഭിമുഖീകരിക്കേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-23 ഖാരിഫ് വിപണന സീസണില്‍ 13.70 ലക്ഷം ടണ്‍ തനത് ധാന്യങ്ങള്‍ സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഖാരിഫ് വിപണന സീസണില്‍ ഇതുവരെ 6.30 ലക്ഷം ടണ്‍ സംഭരിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ നെല്ല് സംഭരിച്ച് മില്ലുകളില്‍ അരിയാക്കി മാറ്റുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്സിഐ) സംസ്ഥാന സംഘടനകളും എംഎസ്പി നിരക്കിലാണ് സംഭരണം ഏറ്റെടുക്കുന്നത്.
2022-23 വിപണന വര്‍ഷത്തില്‍ 'കോമണ്‍' ഗ്രേഡ് നെല്ലിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില (എംഎസ്പി) ക്വിന്റലിന് 2040 രൂപയായും 'ഗ്രേഡ് എ' ക്വിന്റലിന് 2060 രൂപയായും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡ്, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.