image

12 Sep 2022 11:37 PM GMT

Economy

വ്യവസായ ഉത്പാദനം നാലു മാസത്തെ താഴ്ന്ന നിലയില്‍, ജൂലായില്‍ 2.4 %

MyFin Desk

വ്യവസായ ഉത്പാദനം നാലു മാസത്തെ താഴ്ന്ന നിലയില്‍, ജൂലായില്‍ 2.4 %
X

Summary

ഡെല്‍ഹി: രാജ്യത്തെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്. ജൂലൈയില്‍ വ്യവസായ ഉത്പാദന സൂചിക (ഐഐപി) 2.4 ശതമാനം മാത്രമായിരുന്നുവെന്നും നാലു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്പാദനം, ഊര്‍ജ്ജം, ഖനനം തുടങ്ങിയ മേഖലകളിലൊക്കെ വളര്‍ച്ച കുറഞ്ഞതാണ് വ്യാവസായിക ഉത്പാദനം താഴേയ്ക്ക് പോകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക ഉത്പാദനം ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തിയത് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു. മാര്‍ച്ചില്‍ 2.2 ശതമാനമായിരുന്നു രാജ്യത്തെ വ്യവസായ വളര്‍ച്ച. ഐഐപി ഏപ്രിലില്‍ […]


ഡെല്‍ഹി: രാജ്യത്തെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്. ജൂലൈയില്‍ വ്യവസായ ഉത്പാദന സൂചിക (ഐഐപി) 2.4 ശതമാനം മാത്രമായിരുന്നുവെന്നും നാലു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്പാദനം, ഊര്‍ജ്ജം, ഖനനം തുടങ്ങിയ മേഖലകളിലൊക്കെ വളര്‍ച്ച കുറഞ്ഞതാണ് വ്യാവസായിക ഉത്പാദനം താഴേയ്ക്ക് പോകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക ഉത്പാദനം ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തിയത് ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു. മാര്‍ച്ചില്‍ 2.2 ശതമാനമായിരുന്നു രാജ്യത്തെ വ്യവസായ വളര്‍ച്ച.

ഐഐപി ഏപ്രിലില്‍ 6.7 ശതമാനവും മേയില്‍ 19.6 ശതമാനവും ജൂണില്‍ 12.7 ശതമാനവുമായി വളര്‍ന്നു. ഐഐപി അടിസ്ഥാനത്തില്‍ കണക്കാക്കിയ ഫാക്ടറി ഉല്‍പ്പാദനം 2021 ജൂലൈയില്‍ 11.5 ശതമാനമാണ് വര്‍ധിച്ചത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉല്‍പ്പാദന മേഖല 2022 ജൂലൈയില്‍ 3.2 ശതമാനം മാത്രമാണ് വളര്‍ന്നത്. ജൂലൈയില്‍ 2.3 ശതമാനം വളര്‍ച്ചയാണ് ഊര്‍ജമേഖലയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലളവില്‍ 11.1 ശതമാനം വളര്‍ച്ചയാണ് മേഖലയ്ക്ക് ലഭിച്ചത്.

ഈ വര്‍ഷം ജൂലൈയില്‍ ഖനന മേഖലയിലെ വളര്‍ച്ചയില്‍ 3.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ മുന്‍വര്‍ഷം 19.5 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂലായ് മാസങ്ങളില്‍, ഐഐപി 10 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 33.9 ശതമാനം വളര്‍ച്ചയാണുണ്ടായത്.
വലിയ യന്ത്രങ്ങളിലുള്ള നിക്ഷേപം ജൂലായില്‍ 5.8 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 19.5 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക്. നിക്ഷേപത്തിന്റെ തോത് നിശ്ചയിക്കപ്പെടുന്ന പ്രധാന അളവുകോലാണ് ഇത്.

രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയിലെ 6.71 ശതമാനത്തില്‍ നിന്ന് ഓഗസ്റ്റ് മാസത്തില്‍ 7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായ എട്ടാം മാസവും ഇത് ആര്‍ബിഐയുടെ സഹന പരിധിയായ 2-6 ശതമാനത്തിന് മുകളിലാണ്. ഓഗസ്റ്റില്‍ ഭക്ഷ്യ പണപ്പെരുപ്പം മുന്‍ മാസത്തെ 6.75 ശതമാനത്തില്‍ നിന്ന് 7.62 ശതമാനത്തിലെത്തി. പച്ചക്കറികളുടെ നിരക്ക് ഓഗസ്റ്റില്‍ 13.23 ശതമാനം വര്‍ധിച്ചു. ഇന്ധന പണപ്പെരുപ്പം ജൂലൈയിലെ 11.76 ശതമാനത്തില്‍ നിന്ന് 10.78 ശതമാനമായി കുറഞ്ഞു.

ജൂണ്‍ മാസത്തെ അപേക്ഷിച്ച് ജൂലൈയില്‍ പണപ്പെരുപ്പ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വീണ്ടും നിരക്കുകയരുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ആര്‍ബിഐ പണപ്പെരുപ്പം പിടിച്ച് നിറുത്തുന്നതിനായി പലിശ നിരക്കില്‍ ഇനിയും വര്‍ധന വരുത്തിയേക്കും.