image

24 Sep 2022 6:23 AM GMT

Banking

ലിംഗസമത്വം സംരംഭകത്വ പുരോഗതിയുടെ താക്കോല്‍: വീണാജോര്‍ജ്

MyFin Bureau

ലിംഗസമത്വം സംരംഭകത്വ പുരോഗതിയുടെ താക്കോല്‍: വീണാജോര്‍ജ്
X

Summary

ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരളം ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യു എം) നേതൃത്വത്തിലുള്ള ദ്വിദിന വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 4.0,2022 ന്‍റെ സമാപനദിവസം വീഡിയോ കോൺഫ്രൻസിലൂടെ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതകളെ കൂടുതല്‍ മികച്ച രീതിയില്‍ സംരംഭകത്വത്തിലേക്കു പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ നിര്‍ബന്ധമായും നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ കാഴ്ചപ്പാടും നയവുമാണ്. വനിതാ സംരംഭകര്‍ക്ക് മികച്ച സാഹചര്യം സൃഷ്ടിക്കാനാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നതെന്നും മന്ത്രി […]


ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരളം ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യു എം) നേതൃത്വത്തിലുള്ള ദ്വിദിന വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 4.0,2022 ന്‍റെ സമാപനദിവസം വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതകളെ കൂടുതല്‍ മികച്ച രീതിയില്‍ സംരംഭകത്വത്തിലേക്കു പ്രവേശിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ നിര്‍ബന്ധമായും നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ കാഴ്ചപ്പാടും നയവുമാണ്. വനിതാ സംരംഭകര്‍ക്ക് മികച്ച സാഹചര്യം സൃഷ്ടിക്കാനാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംരംഭകത്വത്തില്‍ ലിംഗ നിഷ്പക്ഷത കൈവരിക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കാനും വനിതകള്‍ സ്ഥാപകരായിട്ടുള്ള കമ്പനികളിലെ സ്ത്രീ പങ്കാളിത്തം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുമാണ് കെ എസ് യു എം വളരെക്കാലമായി പ്രവര്‍ത്തിക്കുന്നെന്നും വീഡിയോ സന്ദേശത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.

വിമന്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ 30 തത്സമയ സെഷനുകളിലായി 80 ലേറെ പേര്‍ സംസാരിച്ചു. 500 ലധികം പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ 100 ലേറെ ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. കളമശ്ശേരിയിലെ കെഎസ് യു എം ന്‍റെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ മാസ്റ്റര്‍ക്ലാസ് ഇവന്‍റ്, പരിശീലന കളരികള്‍, പിച്ച് ഫെസ്റ്റ്, ഷീ ലവ്സ്ടെക്, ഇന്‍വസ്റ്റര്‍ കഫെ എന്നിവയും ഇതിനോടനുബന്ധിച്ച് നടന്നു. നിരവധി കമ്പനികളുടെ സ്ഥാപകരും മാനേജ്മെന്‍റ് പങ്കാളികളും പങ്കെടുത്ത സമ്മേളനത്തില്‍ ഭൂരിഭാഗവും സ്ത്രീ പ്രഭാഷകരായിരുന്നു. വനിതാ സംരംഭകരുടെ മികച്ച ആശയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും വിധമുള്ള ചര്‍ച്ചകള്‍് സമ്മേളനത്തിന്‍റെ ഭാഗമായി നടന്നു.

സമാപനദിവസത്തെ ഉദ്ഘാടന ചടങ്ങില്‍ നടിയും നര്‍ത്തകിയുമായ രമ്യ നമ്പീശനും പങ്കെടുത്തു. സംരംഭകരാകുന്നതില്‍ നിന്ന് സ്ത്രീകളെ തടയാന്‍ പരമ്പരാഗത ലിംഗ പക്ഷപാതത്തിനു സാധിക്കില്ലെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. കലാമേഖലയിലെ സ്ത്രീകളുടെ സ്ത്രീത്വത്തെയും അവരുടെ കഴിവുകളെയും ആഘോഷിക്കുമ്പോള്‍ പോലും ചലച്ചിത്ര വ്യവസായത്തില്‍ 20 ശതമാനം സ്ത്രീ സാന്നിധ്യം മാത്രമാണ് ഉള്ളത്. ഓരോ വ്യക്തിക്കും അവരവരുടേതായ കഴിവുകളുണ്ട്. നമ്മള്‍ ഈ വസ്തുത തിരിച്ചറിയുക മാത്രമല്ല അതിനെ ബഹുമാനിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ 60 ശതമാനവും വയോജനങ്ങളാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പുതിയ ആശയങ്ങള്‍ സംരംഭകരില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. കേരളത്തിലെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും സംരംഭക പ്രതിഭകളെ കണ്ടെത്താനായി ഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി ഇന്നൊവേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ കെ എസ് യു എം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്‍ആര്‍ഐ കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം പ്രധാനമായും നാല് പാനല്‍ ചര്‍ച്ചകളാണ് നടന്നത്. ഉച്ചകഴിഞ്ഞുള്ള സെഷനുകളില്‍ വിമണ്‍ പുള്ളിങ്ങ് ദി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സിസ്റ്റം എന്ന വിഷയത്തിലെ സംവാദത്തിന് ശേഷം ബില്‍ഡിങ് ഫ്യൂച്ചര്‍ ഇന്ത്യ ത്രൂ സ്റ്റാർട്ടപ്പസ് എന്ന വിഷയത്തിലെ ഒരു പാനല്‍ ചര്‍ച്ചയും നടന്നു. ലീഡേഴ്സ് ഓഫ് ടുമോറോ ഓവര്‍വ്യൂ എബൗട്ട് കെ എസ് യു എം സസ്റ്റെയ്നബിള്‍ ഫ്യൂച്ചര്‍ ഇന്‍ ബിസിനസ് , റോള്‍ ഓഫ് മീഡിയ ഇന്‍ വിമണ്‍ എംപവര്‍മെന്‍റ്എന്നീ വിഷയങ്ങളിലും സെഷനുകള്‍ നടന്നു.

ഉച്ചകോടിയുടെ ആദ്യ ദിവസം സുപ്രധാനമായ ഷീ ലവ്സ് ടെക് ഇന്ത്യ 2022 നടന്നു. ഏറ്റവും വലിയ ആക്സിലറേറ്റര്‍ പ്ലാറ്റ്ഫോമിന്‍റെ സഹസ്ഥാപകനായ ലിയാന്‍ റോബേഴ്സ് ആണ് ഷീ ലവ്സ് ടെക് ഇന്ത്യയെ അഭിസംബോധന ചെയ്തത്. വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്‍റിന്‍റെ പിച്ചിംഗ് സെഷനും ഈ ദിവസം സംഘടിപ്പിച്ചു. സ്ത്രീകള്‍ക്ക് പകുതിയിലധികം ഓഹരി ഉടമസ്ഥതയുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെയാണ് ഇതിനായി പരിഗണിച്ചത്. വിജയികള്‍ക്ക് 12 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. അര്‍ഹരായ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സോഫ്റ്റ് ലോണ്‍ വിഭാഗത്തില്‍ ആറു ശതമാനം പലിശനിരക്കില്‍ 15 ലക്ഷം രൂപവരെ ലഭിക്കും. ഇതുകൂടാതെ സീഡ് ഫണ്ടും ലഭ്യമാകും.