4 Nov 2022 4:36 AM GMT
Summary
ഡെല്‍ഹി: റെയ്മണ്ടിന്റെ ബിസിനസ് വിഭാഗങ്ങളിലെ മെച്ചപ്പെട്ട വളര്‍ച്ചയെത്തുടര്‍ന്ന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 161.95 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 56.15 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 1,551.32 കോടി രൂപയില്‍ നിന്ന് 39.76 ശതമാനം ഉയര്‍ന്ന് 2,168.24 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,488.64 കോടിയില്‍ നിന്ന് അവലോകന […]
ഡെല്‍ഹി: റെയ്മണ്ടിന്റെ ബിസിനസ് വിഭാഗങ്ങളിലെ മെച്ചപ്പെട്ട വളര്‍ച്ചയെത്തുടര്‍ന്ന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 161.95 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 56.15 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 1,551.32 കോടി രൂപയില്‍ നിന്ന് 39.76 ശതമാനം ഉയര്‍ന്ന് 2,168.24 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 1,488.64 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 31.27 ശതമാനം ഉയര്‍ന്ന് 1,954.18 കോടി രൂപയായി.
ടെക്സ്റ്റൈല്‍, അപ്പാരല്‍, കണ്‍സ്യൂമര്‍ കെയര്‍, റിയാലിറ്റി, എഞ്ചിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളിലെല്ലാം കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. വസ്ത്ര കയറ്റുമതി ബിസിനസില്‍ കുറവുണ്ടായെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വളര്‍ച്ചയുണ്ടായി. 2022 സെപ്റ്റംബര്‍ 30 ആയപ്പോഴേക്കും റെയ്മണ്ടിന്റെ മൊത്തം കടം 1,286 കോടി രൂപയായി കുറഞ്ഞു. ഗ്രൂപ്പിന്റെ ബിസിനസുകള്‍ പാദ അടിസ്ഥാനത്തില്‍ വരുമാനത്തിലും ലാഭത്തിലും സ്ഥിരമായ വളര്‍ച്ചയാണ് കാണിക്കുന്നതെന്ന് റെയ്മണ്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ടെക്സ്റ്റൈല്‍സില്‍ നിന്നുള്ള റെയ്മണ്ടിന്റെ വരുമാനം 911.80 കോടി രൂപയും, ഷര്‍ട്ടിംഗ് വിഭാഗത്തില്‍ നിന്ന് 210.52 കോടി രൂപയുമാണ്. അപ്പാരല്‍ വിഭാഗത്തില്‍ നിന്ന് 370 കോടി രൂപയും, വസ്ത്രനിര്‍മ്മാണ വിഭാഗത്തില്‍ നിന്ന് 265.51 കോടി രൂപയും വരുമാനം ലഭിച്ചു. ടൂള്‍സ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ നിന്നുള്ള വരുമാനം 132.33 കോടി രൂപയും ഓട്ടോ ഘടകങ്ങളില്‍ നിന്നുള്ള വരുമാനം 95.34 കോടി രൂപയുമാണ്. റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി വിഭാഗത്തിന്റെ വരുമാനം മുന്‍ വര്‍ഷത്തെ 81.11 കോടി രൂപയില്‍ നിന്ന് മൂന്ന് മടങ്ങ് വര്‍ധിച്ച് 247.45 കോടി രൂപയായി.