6 Jun 2026 2:19 PM IST
Summary
രൂപയെ താങ്ങിനിർത്താൻ കോടികൾ ചിലവിട്ട് വിദേശ ഡോളർ നിക്ഷേപങ്ങൾ സബ്‌സിഡൈസ് ചെയ്യുകയാണ് ആർബിഐ. നീക്കം ആഭ്യന്തര നിക്ഷേപകർക്ക് തിരിച്ചടിയാകുമോ?
രാജ്യത്ത് നാണയപ്പെരുപ്പവും വിലക്കയറ്റവും ജനങ്ങളുടെ കുടുംബ ബജറ്റ് തകർക്കുമ്പോഴും പലിശനിരക്കുകൾ കൂട്ടാതെ റിസർവ് ബാങ്ക് സ്വീകരിച്ച നിലപാട് ചർച്ചകൾക്ക് വഴിവെക്കുന്നു. വിലക്കയറ്റ ഭീഷണിയെക്കാൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 100 രൂപ കടക്കുമോ എന്ന ഭയമാണ് ആർബിഐയെ നയിക്കുന്നത്. രൂപയെ താങ്ങിനിർത്താൻ കോടികൾ ചിലവിട്ട് വിദേശ ഡോളർ നിക്ഷേപങ്ങളെ സബ്‌സിഡൈസ് ചെയ്യാനുള്ള ആർ.ബി.ഐയുടെ പുതിയ നീക്കം സാധാരണക്കാരായ ആഭ്യന്തര നിക്ഷേപകരോടുള്ള അവഗണനയാണെന്ന വിമർശനം ശക്തമാകുന്നു
വിപണിയിൽ ഇന്ധന-പച്ചക്കറി വിലകൾ കുതിച്ചുയരുകയാണ്. വിലക്കയറ്റത്തിന് സാധ്യതയുള്ള ഏഴോളം കാരണങ്ങൾ സ്വന്തം റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടും പലിശനിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താനാണ് ആർബിഐ തീരുമാനിച്ചത്. നിലവിൽ നാണയപ്പെരുപ്പം തടയുന്നതിനേക്കാൾ രൂപയുടെ തകർച്ച തടയാനാണ് കേന്ദ്രബാങ്ക് മുൻഗണന നൽകുന്നത്.
വിദേശികൾക്ക് ഇന്ത്യൻ വിപണിയിൽ നിന്ന് ലാഭം കൊയ്യാം
ഇതിനായി വിദേശ വായ്പകളുടെയും പ്രവാസി നിക്ഷേപങ്ങളുടെയും എക്സ്ചേഞ്ച് റിസ്ക് അഥവാ ഹെഡ്ജിംഗ് കോസ്റ്റ് ആർബിഐ നേരിട്ട് വഹിക്കും. ഇത് വഴി 50 ബില്യൺ ഡോളർ വരെ വിപണിയിലെത്തും.ബാങ്കുകൾക്ക് ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കുന്നതിനേക്കാൾ എളുപ്പത്തിൽ വിദേശപണം ലഭിക്കാൻ ഈ പദ്ധതി സഹായിക്കും. വിദേശികൾക്ക് ഇന്ത്യൻ വിപണിയിൽ നിന്ന് വൻ ലാഭം കൊയ്യാൻ അവസരമൊരുങ്ങുമ്പോൾ, പണപ്പെരുപ്പത്തേക്കാൾ കുറഞ്ഞ പലിശ ലഭിക്കുന്ന ഇന്ത്യൻ നിക്ഷേപകരുടെ സമ്പാദ്യത്തിന്റെ മൂല്യം ഇടിയുകയാണ്. ഉയർന്ന ഓഹരി മൂല്യനിർണ്ണയം കാരണം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്നതും വിപണിക്ക് വെല്ലുവിളിയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞാൽ ആർ.ബി.ഐയുടെ ഈ തന്ത്രം ഒരുപക്ഷേ വിജയിച്ചേക്കാം. ഇല്ലെങ്കിൽ വരും മാസങ്ങളിൽ പലിശനിരക്കുകൾ കുത്തനെ കൂട്ടാൻ ആർ.ബി.ഐ നിർബന്ധിതമാകും.
പഠിക്കാം & സമ്പാദിക്കാം
Home
