image

5 Feb 2022 4:07 AM GMT

Banking

വസ്തു വില്‍ക്കുമ്പോള്‍ എന്‍ ആര്‍ ഐ കള്‍ നൽകേണ്ട നികുതികൾ ഏതൊക്കെ?

MyFin Desk

വസ്തു വില്‍ക്കുമ്പോള്‍ എന്‍ ആര്‍ ഐ കള്‍ നൽകേണ്ട നികുതികൾ ഏതൊക്കെ?
X

Summary

ഇന്ത്യയിലെ വസ്തു വില്‍ക്കുന്ന വേളയില്‍ എന്‍ ആര്‍ ഐ കള്‍ക്ക് ഒട്ടേറെ നൂലാമാലകള്‍ നേരിടേണ്ടതുണ്ട്. അതില്‍ മുഖ്യമായ ഒന്നാണ് സ്ഥലം വില്‍ക്കുമ്പോള്‍ അടയ്‌ക്കേണ്ട നികുതി. വീടോ മറ്റ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ എന്‍ ആര്‍ ഐകള്‍ക്ക് തടസമില്ല. എന്നാല്‍ കൃഷിഭൂമി സംബന്ധിച്ച ഇടപാടുകള്‍ നടത്തണമെങ്കില്‍ ആര്‍ ബി ഐ യുടെ അനുമതി കൂടിയെ തീരൂ. ഇന്ത്യയിലുള്ള വസ്തു വില്‍ക്കുന്ന വേളയില്‍ എന്‍ ആര്‍ ഐ കള്‍ മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതുണ്ട്. ഹ്രസ്വകാല-ദീര്‍ഘകാല മൂലധന നേട്ടം […]


ഇന്ത്യയിലെ വസ്തു വില്‍ക്കുന്ന വേളയില്‍ എന്‍ ആര്‍ ഐ കള്‍ക്ക് ഒട്ടേറെ നൂലാമാലകള്‍ നേരിടേണ്ടതുണ്ട്. അതില്‍ മുഖ്യമായ ഒന്നാണ് സ്ഥലം...

ഇന്ത്യയിലെ വസ്തു വില്‍ക്കുന്ന വേളയില്‍ എന്‍ ആര്‍ ഐ കള്‍ക്ക് ഒട്ടേറെ നൂലാമാലകള്‍ നേരിടേണ്ടതുണ്ട്. അതില്‍ മുഖ്യമായ ഒന്നാണ് സ്ഥലം വില്‍ക്കുമ്പോള്‍ അടയ്‌ക്കേണ്ട നികുതി. വീടോ മറ്റ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനോ, വില്‍ക്കുന്നതിനോ എന്‍ ആര്‍ ഐകള്‍ക്ക് തടസമില്ല. എന്നാല്‍ കൃഷിഭൂമി സംബന്ധിച്ച ഇടപാടുകള്‍ നടത്തണമെങ്കില്‍ ആര്‍ ബി ഐ യുടെ അനുമതി കൂടിയെ തീരൂ. ഇന്ത്യയിലുള്ള വസ്തു വില്‍ക്കുന്ന വേളയില്‍ എന്‍ ആര്‍ ഐ കള്‍ മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതുണ്ട്. ഹ്രസ്വകാല-ദീര്‍ഘകാല മൂലധന നേട്ടം കണക്കാക്കിയാണ് അടക്കേണ്ട നികുതിയും നിശ്ചയിക്കുക. വസ്തു വാങ്ങി രണ്ട് വര്‍ഷം കഴിഞ്ഞാണ് വില്‍പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമാണുണ്ടാകുന്നത്. രണ്ടു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ അത് ഹ്രസ്വകാല മൂലധന നേട്ടമാണ്. പാരമ്പര്യമായി കിട്ടിയ വസ്തുവാണെങ്കിലും നികുതി ചുമതപ്പെടും.

എത്രത്തോളം നികുതി ഈടാക്കും? ടിഡിഎസ് ബാധകമോ?

ദീര്‍ഘകാല മൂലധന നേട്ടമുണ്ടാകുമ്പോള്‍ 20 ശതമാനം നികുതിയായി നല്‍കണം. എന്നാല്‍ ഹ്രസ്വകാല മൂലധന നേട്ടത്തിന് എന്‍ ആര്‍ ഐ കള്‍ക്കുള്ള ആദായ നികുതി സ്ലാബ് നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് നികുതി കണക്കാക്കുക. എന്‍ ആര്‍ ഐ ഒരു വസ്തു വില്‍ക്കുമ്പോള്‍ അത് വാങ്ങുന്നയാള്‍ 20 ശതമാനം ടിഡിഎസ് അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. എന്‍ ആര്‍ ഐ വസ്തു വാങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പാണ് വില്‍ക്കുന്നതെങ്കില്‍ 30 ശതമാനം ടിഡിഎസ്സാണ് അടയ്‌ക്കേണ്ടത്.

മൂലധന നേട്ടത്തിന്മേലുള്ള നികുതി എങ്ങനെ ലാഭിക്കാം?

സെക്ഷന്‍ 54, സെക്ഷന്‍ 54ഇസി എന്നിവ പ്രകാരം ഇന്ത്യയിലെ വസ്തു വില്‍പനയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തില്‍ നിന്നും ഇളവുകള്‍ ക്ലെയിം ചെയ്യാന്‍ എന്‍ ആര്‍ ഐ കള്‍ക്ക് അനുവാദമുണ്ട്.

സെക്ഷന്‍ 54

വസ്തു വില്‍പനയില്‍ ദീര്‍ഘകാല മൂലധന നേട്ടമുണ്ടാകുമ്പോള്‍ ഈ സെക്ഷന്‍ പ്രകാരമുള്ള ഇളവുകള്‍ ലഭ്യമാകും. ഈ സെക്ഷന്‍ പ്രകാരം ഇളവ് ലഭിക്കാന്‍ മുഴുവന്‍ വില്‍പന രസീതിന് പകരം മൂലധന നേട്ടത്തില്‍ ലഭിച്ച തുകയുടെ കണക്ക് സമര്‍പ്പിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ ലഭിക്കുന്ന നേട്ടം കെട്ടിട നിര്‍മ്മാണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. എന്നാല്‍ വസ്തു വില്‍പന നടന്ന് മൂന്ന് വര്‍ഷത്തിനകം ഇത്തരം കെട്ടിട നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണം.

സെക്ഷന്‍ 54 പ്രകാരമുള്ള ഇളവുകള്‍ ഇന്ത്യയ്ക്ക് പുറത്തുള്ള വസ്തുവിനോ, കെട്ടിടത്തിനോ ലഭ്യമല്ല. വസ്തു വാങ്ങി മൂന്നു വര്‍ഷത്തിനുള്ളിലാണ് നിങ്ങള്‍ക്ക് വില്‍പന നടത്താന്‍ സാധിച്ചതെങ്കില്‍ സെക്ഷന്‍ 54 പ്രകാരമുള്ള ഇളവുകള്‍ ലഭിക്കില്ല. മൂലധന നേട്ടമായി ലഭിച്ച പണം അതാത് സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതിയ്ക്കുള്ളില്‍ നിക്ഷേപമാക്കി മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ ഏതെങ്കിലും പൊതുമേഖലാ ബാങ്കില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും (ക്യാപ്പിറ്റല്‍ ഗെയിന്‍സ് അക്കൗണ്ട് സ്‌കീം, 1988).

സെക്ഷന്‍ 54 എഫ്

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി അല്ലാത്ത ആസ്തി വില്‍പന നടത്തുമ്പോള്‍ ലഭിക്കുന്ന ദീര്‍ഘകാല മൂലധന നിക്ഷേപത്തിന് ഈ സെക്ഷന്‍ പ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. ഇളവ് ക്ലെയിം ചെയ്യാനായി എന്‍ ആര്‍ ഐ ഏതെങ്കിലും ഒരു വസ്തു (വീട്) ഇടപാട് തുക ട്രാന്‍സ്ഫര്‍ ചെയ്യ്ത തീയതിയ്ക്ക് ഒരു വര്‍ഷം മുന്‍പെങ്കിലും വാങ്ങിയിരിക്കണം. അല്ലെങ്കില്‍ മൂലധന ആസ്തി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു വീട് നിര്‍മ്മിച്ചിരിക്കുകയോ ചെയ്തിരിക്കണം. ഈ വീട് ഇന്ത്യയ്ക്കുള്ളില്‍ ആയിരിക്കണമെന്നും, നിര്‍മ്മാണം ആരംഭിച്ച തീയതി മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വില്‍ക്കാന്‍ പാടില്ല എന്നും നിബന്ധനയുണ്ട്. പുതിയ വീടിന് പുറമേ മറ്റ് കെട്ടിടം (വീട്) എന്‍ ആര്‍ ഐ യുടെ ഉടമസ്ഥതയില്‍ ഉണ്ടായിരിക്കാനും പാടില്ല.

സെക്ഷന്‍ 54 ഇസി

ചില ബോണ്ടുകളില്‍ നിക്ഷേപം നടത്തിയും എന്‍ ആര്‍ ഐ കള്‍ക്ക് നികുതി ലാഭിക്കുവാന്‍ സാധിക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ബോണ്ടുകള്‍ ഇതിന് പറ്റിയവയാണ്. നിക്ഷേപം നടത്തി അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപിച്ച തുക തിരിച്ചെടുക്കാന്‍ സാധിക്കും. നികുതി ഇളവ് ലഭിക്കണമെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തീയതിയ്ക്ക് മുന്‍പ് തന്നെ ബോണ്ടുകളില്‍ നിക്ഷേപം നടത്തണം.