image

10 May 2022 2:24 AM GMT

Banking

കോവിഡ്: നാട്ടിൽ വരുമാനം നിലച്ചു, പ്രവാസികൾ മടങ്ങുന്നു   

James Paul

കോവിഡ്: നാട്ടിൽ വരുമാനം നിലച്ചു, പ്രവാസികൾ മടങ്ങുന്നു   
X

Summary

കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ബഹുഭൂരിപക്ഷം മലയാളികളും വരുമാനമോ ജോലിയോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ പറയുന്നു. കേരള സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊ. ബി എ പ്രകാശാണ് പഠനം നടത്തിയത്. “കേരളത്തിൻറെ വിവിധ ജില്ലകളിലായി, ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വന്നവരുമായി നേരിട്ട് സംസാരിച്ചാണ് പഠനം തയ്യാറാക്കിയത്. കോവിഡിനെ തുടർന്ന് മടങ്ങി വന്നവരിൽ 70 ശതമാനവും പേരും തിരികെ പോകാൻ […]


കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ബഹുഭൂരിപക്ഷം മലയാളികളും വരുമാനമോ ജോലിയോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ പറയുന്നു. കേരള സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊ. ബി എ പ്രകാശാണ് പഠനം നടത്തിയത്.

“കേരളത്തിൻറെ വിവിധ ജില്ലകളിലായി, ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വന്നവരുമായി നേരിട്ട് സംസാരിച്ചാണ് പഠനം തയ്യാറാക്കിയത്. കോവിഡിനെ തുടർന്ന് മടങ്ങി വന്നവരിൽ 70 ശതമാനവും പേരും തിരികെ പോകാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക് ഇവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. തൊഴിലും വരുമാനവും കണ്ടെത്താൻ അവരിൽ പലർക്കും കഴിഞ്ഞിട്ടില്ല. പക്ഷെ സൌദി അറേബ്യയിൽ നിന്ന് വന്നവർക്ക് തിരികെ പോകാൻ കഴിയാത്ത സാഹചര്യമാണ്. അവിടെ സ്വദേശീവൽക്കരണ നയങ്ങളെ അടിസ്ഥാനമാക്കി നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ്. വർക്ക് പെർമിറ്റ് ഫീസ്, റെസിഡൻസ് ഫീസ് തുടങ്ങിയെല്ലാം വൻ തോതിൽ വർദ്ധിപ്പിച്ചു,” അദ്ദേഹം പറഞ്ഞു.

മടങ്ങിയെത്തുന്നവരെ സഹായിക്കുന്നതിനായി ബാങ്ക് വായ്പ, രോഗികളായവർക്ക് പ്രത്യേക പെൻഷൻ, റേഷൻ കാർഡ് നില എപിഎൽ (ദാരിദ്ര്യരേഖയ്ക്ക് മുകളിൽ) നിന്ന് ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) മാറ്റുക തുടങ്ങിയ നിർദ്ദേശങ്ങൾ പഠനത്തിലുണ്ട്.

“തിരിച്ചുവരുന്നതിന് മുമ്പ് ജിസിസിയിൽ (പശ്ചിമേഷ്യൻ രാജ്യങ്ങൾ) സ്ഥിരമായി ജോലി ചെയ്തിരുന്നവരും മാസ വേതനം നേടിയവരുമായ മടങ്ങിയെത്തിയവർ കേരളത്തിലെ തൊഴിൽ സാഹചര്യത്തെക്കുറിച്ച് നിരാശരാണ്. കേരളത്തിൽ ജോലി കണ്ടെത്തുന്നതിനേക്കാൾ നല്ലത് മടങ്ങി പോകുന്നതാണെന്ന് അവർ വിശ്വസിക്കുന്നു,” പഠനം പറയുന്നു.

അവരുടെ മടങ്ങിവരവ് കാരണം ഗൾഫ് പണത്തിൻറെ വരവ് നിലച്ചു, അതിനെ ആശ്രയിച്ചിരുന്ന എല്ലാ കുടുംബങ്ങളുടെയും സാമ്പത്തികസ്ഥിതി തകർന്നു. 2021 ജൂലായ് മുതൽ 2021 നവംബർ വരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും അഞ്ച് മുനിസിപ്പാലിറ്റികളിലെയും 404 പ്രവാസി തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. പതിനൊന്ന് തദ്ദേശ സ്ഥാപനങ്ങളിലെ 306 വാർഡുകളിൽ നിന്നുള്ളവരെയും പഠനത്തിനായി തിരഞ്ഞെടുത്തു. 2019 ഡിസംബറിനും 2021 ജൂലൈയ്ക്കും ഇടയിൽ കേരളത്തിൽ തിരിച്ചെത്തിയവരാണിവർ.

ആകെ മടങ്ങിയെത്തിയ 14.71 ലക്ഷം പേരിൽ ഒട്ടേറെ പേർ പഠനം നടക്കുന്ന കാലയളവിൽ തന്നെ തിരികെ പോയിരുന്നുവെന്ന് പ്രകാശ് പറഞ്ഞു. സംസ്ഥാനത്ത് ശേഷിക്കുന്നവരും തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു. ”സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയവർ കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത് ഞങ്ങൾ കണ്ടു. വിദേശ തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്ന ആ രാജ്യത്തിന്റെ നയം കാരണം റസിഡന്റ് പെർമിറ്റ്, വർക്ക് പെർമിറ്റ്, റസിഡന്റ് പുതുക്കൽ ഫീസ് തുടങ്ങിയവയുടെ ഫീസ് വർധിച്ചതാണ് ഇതിന് കാരണം, ”അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളികളുടെ ആകെ എണ്ണം നേരത്തെ മനസ്സിലാക്കിയതിനേക്കാൾ വളരെ കൂടുതലാണ് എന്നതാണ് “ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കേരളീയ കുടിയേറ്റ തൊഴിലാളികളുടെ കോവിഡ് 19 പകർച്ചവ്യാധിയും പലായനവും: മടങ്ങിവരാനുള്ള കാരണങ്ങൾ, മടങ്ങിയെത്തിയവരുടെ പ്രവർത്തന നില, സാമ്പത്തിക ആഘാതം”. (COVID-19 Pandemic and Exodus of Keralite Emigrant Workers from GCC Countries: Causes of Return, Activity Status of Returnees and Economic Impact) എന്ന പഠനത്തിൻറെ പ്രധാന കണ്ടെത്തൽ.

മടങ്ങി വരവിൻറെ കാരണങ്ങൾ

കോവിഡിനെ തുടർന്നാണ് ഭൂരിപക്ഷം പേരും മടങ്ങി വന്നതെങ്കിലും എണ്ണവിലയിൽ ഉണ്ടായ ഇടിവും പ്രവാസികളുടെ മടങ്ങി വരവിന് ആക്കം കൂട്ടി.

എണ്ണവില ഇടിവ് 2020ൽ ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് വിദേശ തൊഴിലാളികളുടെ വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിലും കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിലും കലാശിച്ചു.

സ്വദേശികൾക്ക് അനുകൂലമായി ചില രാജ്യങ്ങൾ അവരുടെ തൊഴിൽ നയങ്ങളിൽ മാറ്റം വരുത്തിയതും പ്രവാസികളുടെ മടങ്ങി വരവിനുള്ള കാരണമാണ്. ഇതിൻറെ ഭാഗമായി ബഹ്‌റൈൻ 2020-ൽ 47,000 ഫ്ലെക്‌സി പെർമിറ്റുകൾ 24,000 ആയി കുറച്ചു.

ഗൾഫിൽ നിന്നുള്ള പണത്തിന്റെ ഒഴുക്ക്

2017ൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കേരളീയ പ്രവാസികൾ അയച്ചത് 85,092 കോടി രൂപയായിരുന്നു. ബാങ്കുകൾ, എക്സ്ചേഞ്ചുകൾ തുടങ്ങിയ അംഗീകൃത ഡീലർമാർ വഴിയാണ് വിദേശ ഇന്ത്യാക്കാർ നാട്ടിലേക്ക് പണം അയയ്ക്കുന്നത്.

കേരളത്തിലേക്കെത്തുന്ന വിദേശ പണത്തിൻറെ 53 ശതമാനം, യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിൽ നിന്നാണ്.

“ഞങ്ങളുടെ കണക്കനുസരിച്ച്, 2020 പകുതിയോടെ ജിസിസി രാജ്യങ്ങളിലെ മൊത്തം കേരളീയ പ്രവാസികളുടെ എണ്ണം ഇന്ത്യൻ പ്രവാസികളുടെ (95.68 ലക്ഷം) 25-30% ആയിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഏകദേശം 23.9 ലക്ഷം മലയാളികളും ലോകമെമ്പാടുമായി 28.7 ലക്ഷം മലയാളികളും ഉണ്ടായിരുന്നു. 2018-ൽ കേരള പ്രവാസികളുടെ ആകെ എണ്ണം 21 ലക്ഷമായി കണക്കാക്കിയ സിഡിഎസ് നടത്തിയ കേരള മൈഗ്രേഷൻ സർവേയിലെ കണക്കിനേക്കാൾ വളരെ കൂടുതലാണിത്. മടങ്ങിയെത്തിയ 404 കുടുംബങ്ങളിൽ 398 പേർക്ക് (98%) കടമുണ്ട്. വീട് നിർമാണം, വാഹനങ്ങളും സ്ഥലവും വാങ്ങൽ, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയായിരുന്നു കടം വാങ്ങുന്നതിന്റെ പ്രധാന ലക്ഷ്യം” അദ്ദേഹം പറഞ്ഞു.