image

28 Jan 2022 12:36 AM GMT

Banking

യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ബ്രിട്ടന്‍

MyFin Desk

യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ബ്രിട്ടന്‍
X

Summary

ഫെബ്രുവരി മുതല്‍ ബ്രിട്ടനിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. യാത്രാ നിയന്ത്രണങ്ങളില്‍ തത്കാലം ബ്രിട്ടണ്‍ മാറ്റം വരുത്തി.


ഫെബ്രുവരി മുതല്‍ ബ്രിട്ടനിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. യാത്രാ നിയന്ത്രണങ്ങളില്‍ തത്കാലം ബ്രിട്ടണ്‍ മാറ്റം വരുത്തി. അടുത്ത മാസം മുതല്‍ ബ്രിട്ടനിലേക്കെത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് 19 പരിശോധനാ നടപടികളില്‍ മാറ്റമുണ്ടാവും. പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തവര്‍ക്ക് എല്ലാ പരിശോധനകളും ഒഴിവാക്കും. ഫെബ്രുവരി 11 ന് പുലര്‍ച്ചെ 4 മണി മുതലാണ് പുതുക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക. വാക്സിനേഷന്‍ മുഴുവന്‍ ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് ഇനി രാജ്യത്ത് പ്രവേശിക്കാന്‍ മറ്റ് പരിശോധനകളൊന്നും നടത്തേണ്ടതില്ല. എന്നാല്‍ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം (പി എല്‍ എഫ്) എന്ന ഫോം അവര്‍ പൂരിപ്പിക്കേണ്ടി വരും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫെബ്രുവരി ടേമിന് മുന്നോടിയായാണ് യാത്രാ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. ബ്രിട്ടന്‍ നടത്തിയ ബൂസ്റ്റര്‍ പ്രോഗ്രാമിന്റെ വിജയത്തെ തുടര്‍ന്നാണിതെന്ന് യു കെ സര്‍ക്കാര്‍ പ്രസ്താവിച്ചു. യു കെയില്‍ എത്തുന്ന പൂര്‍ണ്ണ വാക്സിനേഷന്‍ ലഭിച്ച യാത്രക്കാര്‍ക്കുള്ള എല്ലാ പരിശോധനാ നടപടികളും ഫെബ്രുവരി 11 ന് പുലര്‍ച്ചെ 4 മണി മുതല്‍ നീക്കം ചെയ്യുമെന്ന് ജനുവരി 24 ന് നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

ഫെബ്രുവരി അവസാനത്തിനു മുന്‍പ് ബ്രിട്ടനിലെത്തുന്ന പൂര്‍ണ്ണമായി വാക്സിനേഷന്‍ ലഭിച്ചവര്‍ പി എല്‍ എഫ് പൂരിപ്പിച്ചാല്‍ മതിയാകും. എളുപ്പത്തില്‍ ചെയ്യാവുന്ന ഈ പ്രക്രിയയിലൂടെ യാത്രക്കാരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ്, യാത്രാ ചരിത്രം, കോണ്‍ടാക്ട് ഡീറ്റെയില്‍സ് എന്നിവ ഉറപ്പു വരുത്താം. 18 വയസ്സിനു താഴെയുള്ള എല്ലാവരെയും പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തതായി പരിഗണിക്കും. പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്കും യാത്രാ വ്യവസായത്തിനും സ്ഥിരത നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല കോവിഡ് ടെസ്റ്റ് നീക്കം ചെയ്യുന്നതിലൂടെ ഒരു കുടുംബത്തിന് 100 പൗണ്ട് ലാഭിക്കാമെന്നും വൃത്തങ്ങള്‍ പറയുന്നു.

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങളിലും യു കെ അയവു വരുത്തും. ഫെബ്രുവരി 11 മുതല്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുക്കാത്ത വ്യക്തികള്‍ രാജ്യത്ത് എത്തിയതിനു രണ്ട് ദിവസങ്ങള്‍ക്കുള്ളിലുള്ള പി സി ആര്‍ ടെസ്റ്റ് നടത്തി പോസിറ്റീവ് ഫലം ലഭിച്ചാല്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതി.