image

1 Feb 2022 4:58 AM GMT1 Feb 2022 4:58 AM GMT

Middleeast

എന്‍ആര്‍ഐകള്‍ക്ക് സൗദിയില്‍ ഭൂമി വാങ്ങാം, പ്രീമിയം ഇഖാമ ആനുകൂല്യങ്ങള്‍ അറിയൂ

Myfin Desk

എന്‍ആര്‍ഐകള്‍ക്ക് സൗദിയില്‍ ഭൂമി വാങ്ങാം, പ്രീമിയം ഇഖാമ ആനുകൂല്യങ്ങള്‍ അറിയൂ
X

Summary

  റിയാദ്: സൗദി സര്‍ക്കാരിന്റെ പുതിയ ചുവടുവെപ്പ് എന്‍ആര്‍ഐകള്‍ക്കുള്‍പ്പടെ പ്രതീക്ഷ നല്‍കുകയാണ്. ഇതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. മാത്രമല്ല വിദേശികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലും പ്രത്യേക ആനുകൂല്യം ഇതുവഴി ലഭ്യമാകും. സൗദിയില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് രാജ്യത്തെ ഭൂമിയും വസ്തുവകകളും വാങ്ങാനുള്ള ആനുകൂല്യങ്ങള്‍ നേരത്തെ പ്രാബല്യത്തില്‍ വന്നിരുന്നു. സൗദി ദേശീയപരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടാണ് […]


റിയാദ്: സൗദി സര്‍ക്കാരിന്റെ പുതിയ ചുവടുവെപ്പ് എന്‍ആര്‍ഐകള്‍ക്കുള്‍പ്പടെ പ്രതീക്ഷ നല്‍കുകയാണ്. ഇതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ 'പ്രീമിയം...

 

റിയാദ്: സൗദി സര്‍ക്കാരിന്റെ പുതിയ ചുവടുവെപ്പ് എന്‍ആര്‍ഐകള്‍ക്കുള്‍പ്പടെ പ്രതീക്ഷ നല്‍കുകയാണ്. ഇതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. മാത്രമല്ല വിദേശികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലും പ്രത്യേക ആനുകൂല്യം ഇതുവഴി ലഭ്യമാകും. സൗദിയില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് രാജ്യത്തെ ഭൂമിയും വസ്തുവകകളും വാങ്ങാനുള്ള ആനുകൂല്യങ്ങള്‍ നേരത്തെ പ്രാബല്യത്തില്‍ വന്നിരുന്നു.

സൗദി ദേശീയപരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത്തരത്തില്‍ പ്രീമിയം ഇഖാമ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്താനുള്ള നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടേയും വിദഗ്ധരുടേയും അഭിപ്രായവും നിര്‍ദ്ദേശവും ആവശ്യമാണ്. അതിനായി ഇത് സംബന്ധിച്ച കരട് പദ്ധതി പ്രീമിയം ഇഖാമ സെന്റര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ കോംപറ്റിറ്റീവ്‌നെസ് സെന്ററിന് കീഴിലെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലാണ് പദ്ധതിയുടെ കരട് രേഖ പരസ്യപ്പെടുത്തിയത്.

ഭേദഗതിയിലൂടെ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും സാധ്യതയുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരെയും പ്രതിഭകളെയും സൗദിയ്ക്ക് ആവശ്യമുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പ്രീമിയം ഇഖാമകള്‍ അനുവദിക്കാനും ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ശ്രമം നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്ത് തുടങ്ങി മുന്‍പ് യാത്രാവിലക്ക് നിലനിന്നിരുന്ന 18 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കിയിരുന്നു.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

സൗദി സ്വദേശികള്‍ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം ഇഖാമ നേടുന്ന വിദേശിക്കും ലഭ്യമാകുന്നതാണ്. മറ്റ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും മാര്‍ച്ച് 31 വരെ സൗജന്യമായി പുതുക്കി നല്‍കാനും ഉത്തരവുണ്ട്. രേഖകള്‍ സൗജന്യമായി പുതുക്കുന്നതിന്റെ കാലാവധി ജനുവരി 31 വരെ നീട്ടി നല്‍കിയിരുന്നു. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം റീഎന്‍ട്രി വിസയില്‍ അവധിക്ക് പോയി മടങ്ങി വരാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ഗുണങ്ങള്‍ എങ്ങനെ ?

കുടുംബാംഗങ്ങള്‍ക്കൊപ്പം സൗദിയില്‍ എത്ര ദിവസം വേണമെങ്കിലും താമസിക്കാന്‍ സാധിക്കും. ബന്ധുക്കള്‍ക്ക് വേണ്ടി സന്ദര്‍ശന വിസ ഏര്‍പ്പാട് ചെയ്യാം. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ള ഭാര്യമാര്‍ക്കും ആണ്‍-പെണ്‍ മക്കള്‍ക്കും ആശ്രിത ലെവിയില്ല. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും സാധിക്കും. മക്ക, മദീന എന്നീ പുണ്യനഗരങ്ങള്‍ ഒഴികെ രാജ്യത്തെവിടെയും പാര്‍പ്പിട, വാണിജ്യ,വ്യവസായിക ആവശ്യങ്ങള്‍ക്കായി റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍ സ്വന്തമാക്കാന്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് സാധിക്കും. 99 വര്‍ഷം വരെ മക്കയിലും മദീനയിലുമുള്ള റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകളില്‍ നിക്ഷേപിക്കാം. സൗദിയിലെ ഏത് സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യാം. സൗദി പൗരന്മാര്‍ക്ക് മാത്ര അനുവദിച്ചിട്ടുള്ള ജോലികള്‍ ഒഴികെ സ്വതന്ത്രമായി ജോലി ചെയ്യാനും സാധിക്കും.

നിബന്ധനകള്‍ ഇങ്ങനെ

പ്രീമിയം ഇഖാമയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സാധുവായ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം അപേക്ഷകന്‍ സാമ്പത്തികമായി നല്ല സ്ഥിതിയാണെന്ന് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണം. 21 വയസ്സാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം സാധുതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അപേക്ഷകന് ഉണ്ടായിരിക്കണം

ഏറ്റവും അടുത്ത് ലഭിച്ച ആരോഗ്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റിന് 6 മാസത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അപേക്ഷകന്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നല്‍കണം.അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ച് 30 ദിവസത്തിനകം പ്രീമിയം ഇഖാമയ്ക്ക് വേണ്ട ഫീസ് അടയ്ക്കണം.
അപേക്ഷകന്‍ സൗദിയില്‍ താമസിക്കുന്നയാളാണെങ്കില്‍ ഇഖാമ സാധുവായിരിക്കണം.

പ്രീമിയം ഇഖാമ റദ്ദാക്കപ്പെട്ടേയ്ക്കും

ഇഖാമ ഉടമയെ കോടതി ഉത്തരവ് പ്രകാരം സൗദിയില്‍ നിന്നും നാട് കടത്തേണ്ടി വന്നാല്‍ ഇഖാമ റദ്ദാക്കപ്പെടും. ഇഖാമയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന വിവരങ്ങളില്‍ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഇകാമ റദ്ദാകും. 100,000 റിയാല്‍ പിഴയോ 60 ദിവസത്തെ തടവോ ലഭിക്കാവുന്ന കേസില്‍ ഇഖാമ ഉടമ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പ്രീമിയം ഇഖാമ റദ്ദാക്കപ്പെടും. പ്രീമിയം ഇഖാമ ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ റെസിഡന്‍സി സ്റ്റാറ്റസ് റദ്ദാക്കാനും സാധിക്കും.