image

14 Jun 2022 12:02 AM GMT

Personal Identification

പാൻ വിവരങ്ങൾ പങ്കു വയ്ക്കരുത്, ഫിഷിംഗ് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

MyFin Desk

പാൻ വിവരങ്ങൾ പങ്കു വയ്ക്കരുത്, ഫിഷിംഗ് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്
X

Summary

  ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോഗം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകളും പെരുകുകയാണ്. പാന്‍ കാര്‍ഡ് വിവരങ്ങള്‍  നേടിയെടുത്ത് തട്ടിപ്പ് നടത്തുന്നുവെന്നും ഉപഭോക്താക്കള്‍ ഇത് ശ്രദ്ധിക്കണമെന്നും അറിയിച്ചിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ്, ഇ-മെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി സന്ദേശങ്ങള്‍ വന്നിരുന്നു. ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന വെബ് പേജ് എച്ച്ഡിഎഫ്സി ബാങ്കിന് സമാനമായി കാണപ്പെടുന്നതിനാല്‍ മിക്കവരും പേജില്‍ ചോദിച്ച വിവരങ്ങള്‍ കൊടുത്തു. എന്നാലിത് 'ഫിഷിംഗ്' […]


ഓണ്‍ലൈന്‍ ബാങ്കിംഗ് ഉപയോഗം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തട്ടിപ്പുകളും പെരുകുകയാണ്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ നേടിയെടുത്ത് തട്ടിപ്പ് നടത്തുന്നുവെന്നും ഉപഭോക്താക്കള്‍ ഇത് ശ്രദ്ധിക്കണമെന്നും അറിയിച്ചിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എംഎസ്, ഇ-മെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി സന്ദേശങ്ങള്‍ വന്നിരുന്നു. ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന വെബ് പേജ് എച്ച്ഡിഎഫ്സി ബാങ്കിന് സമാനമായി കാണപ്പെടുന്നതിനാല്‍ മിക്കവരും പേജില്‍ ചോദിച്ച വിവരങ്ങള്‍ കൊടുത്തു. എന്നാലിത് 'ഫിഷിംഗ്' എന്ന സൈബര്‍ തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ഈ ചതിയില്‍ വീഴരുതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

സംഭവം ഇങ്ങനെ

ആളുകളിലേക്ക് എത്തുന്ന സന്ദേശത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ സാധിക്കാതിരുന്നതാണ് തിരിച്ചടിയായത്. ബാങ്കുകളുടേതിന് സമാനമായ യുആര്‍എല്‍ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍) ഉപയോഗിച്ച് മറ്റൊരു വെബ് പേജ് സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്നതാണ് ഫിഷിംഗ് എന്ന് പറയുന്നത്. ഇതില്‍ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കുമ്പോള്‍ അത് ഹാക്കര്‍മാരുടെ ഡാറ്റാ ബേസിലേക്കാണ് എത്തുക. ഇതിലൂടെ പിന്‍, ഒറ്റത്തവണ പാസ്വേര്‍ഡ്, ഒടിപി എന്നിവയെല്ലാം ഹാക്കര്‍മാര്‍ കൈക്കലാക്കും. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മുതല്‍ അക്കൗണ്ടിലുള്ള പണം വരെ ഓണ്‍ലൈനായി അപഹരിക്കുന്നതിന് കാരണമാകും.

ഫിഷിംഗിനെ തടയാം

പരിചിതമല്ലാത്ത ശ്രോതസ്സില്‍ നിന്നും വരുന്ന എസ്എംഎസുകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള മെസേജുകള്‍ എന്നിവയ്ക്ക് പ്രതികരിക്കാതിരിക്കുക. അഥവാ ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാല്‍ ബാങ്കിന്റെ ഔദ്യോഗിക കസ്്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി അപ്ഡേറ്റുകള്‍ വായിച്ചറിയുക. ബാങ്കിന്റെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ഗാഡ്ജറ്റില്‍ സുരക്ഷാ സോഫ്റ്റ് വെയറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. വ്യാജ ലിങ്കുകളില്‍ ബാങ്കിന്റെ സ്പെല്ലിംഗ് തെറ്റായിരിക്കും. ഇത് സസൂക്ഷ്മം വായിച്ച് നോക്കുക. അനാവശ്യമായി വരുന്ന ഇ-മെയില്‍ പോലുള്ളവ അണ്‍സബ്സ്‌ക്രൈബ് ചെയ്യുക.

ഡിജിറ്റല്‍ പണമിടപാടിലും നൂലാമാലകള്‍

2024 ആകുമ്പോഴേയ്ക്കും ആഗോളതലത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഉപഭോക്താക്കളുടെ എണ്ണം 360 കോടി കടക്കുമെന്ന് (ജൂണിപ്പര്‍ റിസര്‍ച്ച് 2020) കണക്കുകള്‍ പറയുന്നു. 2014ല്‍ 57 ശതമാനമായിരുന്ന ഉപഭോക്താക്കളുടെ എണ്ണം 2017 ആയപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിരുന്നു (ഫിന്‍ടെക്സ് 2017 റിപ്പോര്‍ട്ട് പ്രകാരം). ആഗോളതലത്തില്‍ 39 ശതമാനം കമ്പനികളും ഫിന്‍ടെക്ക് സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്ക് സ്ഥിതി വ്യത്യസ്തമാണ്. ഒട്ടുമിക്ക മേഖലയിലും ഡിജിറ്റല്‍ ഫിനാന്‍സ് സേവനങ്ങള്‍ നിര്‍ബന്ധിതമാക്കിയതോടെ ഒട്ടേറെ നൂലാമാലകളാണ് ഇക്കൂട്ടര്‍ അനുഭവിക്കുന്നത്.

ഡിജിറ്റല്‍ സാക്ഷരത എന്നത് പര്യാപ്തമായ അളവില്‍ ഇല്ല എന്നതാണ് പ്രാഥമികമായ പ്രശ്നം. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ (2021ല്‍ പുറത്ത് വന്നത് പ്രകാരം) നഗരപ്രദേശങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത 61 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ഇത് 25 ശതമാനവുമാണ്. ചെറുകിട വ്യാപാര രംഗം, ബാങ്ക് ഇടപാട്, ഇന്‍ഷുറന്‍സ് തുടങ്ങി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായങ്ങള്‍ക്ക് വരെ ഇപ്പോള്‍ ഡിജിറ്റല്‍ പേയ്മെന്റാണുള്ളത്. മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ തട്ടിപ്പുകളും നടക്കുന്നതിനാല്‍ ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട 'ഉപഭോക്താക്കള്‍ക്ക്' ഇത് ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.