image

22 Aug 2022 11:30 PM GMT

Banking

ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധന നിയന്ത്രിച്ചേക്കും: ഡ്യൂഷെ ബാങ്ക്

Mohan Kakanadan

Repo Rate
X

Summary

ഡെല്‍ഹി: ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ സമിതി റിപ്പോ നിരക്കിന്റെ വേഗത കുറച്ചേയ്ക്കുമെന്ന് ജർമ്മൻ ബാങ്ക് ആയ ഡ്യൂഷെ (Deutsche Bank) റിപ്പോര്‍ട്ട്.


ഡെല്‍ഹി: ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ സമിതി റിപ്പോ നിരക്കിന്റെ വേഗത കുറച്ചേയ്ക്കുമെന്ന് ജർമ്മൻ ബാങ്ക് ആയ ഡ്യൂഷെ (Deutsche Bank) റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ മാസം ആര്‍ബിഐ റിപ്പോ നിരക്കില്‍ 0.25 ശതമാനം മാത്രമേ വര്‍ധനവ് വരുത്തുകയുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇക്കഴിഞ്ഞ മെയ് മുതല്‍ മൂന്ന് തവണയായി ആര്‍ബിഐ റിപ്പോ നിരക്ക് 1.40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

പണനയ കമ്മിറ്റിയുടെ അവസാന ചര്‍ച്ചയുടെ മിനിറ്റ്‌സിന്റെ അടിസ്ഥാനത്തില്‍ മന്ദഗതിയിലുള്ള നിരക്ക് വര്‍ധനയോടെയാകും ആര്‍ബിഐ ഇനി മുന്നോട്ട് പോകുക എന്നാണ് ഡച്ച് ബാങ്ക് ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എംപിസി അംഗം കൂടിയായ ആര്‍ബിഐയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് രഞ്ജനും ഇതു തന്നെ അഭിപ്രായപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമ്മർദ്ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ ഈ മാസവും റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന വരുത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. അതായത് കൊവിഡിന് മുമ്പുള്ള അതേ നിലവാരത്തിലേക്ക് റിപ്പോ ഉയര്‍ത്തി.

ജിഡിപി വളര്‍ച്ചാ അനുമാനം 7.2 ശതമാനം ആണ്. ഓഹരി വിപണിയില്‍ പലിശനിരക്ക് വര്‍ധന കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിലേക്ക് എത്തുമെന്ന് പണനയ അവലോകന സമിതി വിലയിരുത്തി.

മേയില്‍ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമായി. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവുകളിലും പ്രതിഫലിച്ചു. ഇപ്പോള്‍ തുടര്‍ച്ചയായി റിപ്പോ പരിഷ്‌കരിച്ചതിന് മുമ്പ് 2018 ലാണ് ഇതില്‍ വര്‍ധന വരുത്തിയിരുന്നത്. പിന്നീട് കൊവിഡിന്റെ പിടിയിലേക്ക് രാജ്യം വീഴുകയായിരുന്നു. മേയ് മാസത്തിലെ വര്‍ധനയെ തുടര്‍ന്ന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും പലിശ നിരക്ക് 0.40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

ജൂണില്‍ റിപ്പോ വര്‍ധന 50 ബേസിസ് പോയിന്റ് (0.50 ശതമാനം) ആയിരുന്നു. ആഗസ്റ്റിലും 50 ബേസിസ് പോയിന്റ് (0.50 ശതമാനം)ഉയർത്തി.

അതേസമയം റിപ്പോ വര്‍ധന നിക്ഷേപകര്‍ക്ക് ഗുണകരമാകും.