image

26 Aug 2022 4:45 AM GMT

Business

അദാനി തുറമുഖം: ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

MyFin Desk

അദാനി തുറമുഖം: ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം
X

Summary

കൊച്ചി: അദാനി തുറമുഖത്തിന്റെ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖ പദ്ധതി പ്രദേശമായ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പോലീസിന് ഹൈക്കോടതി നിർദേശം നൽകി. അശാസ്ത്രീയ നിർമാണം ആരോപിച്ച് മത്സ്യത്തൊഴിലാളികൾ ഇവിടെ സമരം നടത്തി വരികയാണ്. തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്‌സ് നൽകിയ ഹർജിയിൽ, സമരക്കാർക്ക് കോടതി നോട്ടീസ് അയച്ചു. പ്രദേശത്ത് ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി. വിഷയം പരിഗണിച്ചപ്പോൾ, പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കേണ്ടതില്ലെന്ന് സംസ്ഥാന […]


കൊച്ചി: അദാനി തുറമുഖത്തിന്റെ ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖ പദ്ധതി പ്രദേശമായ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാന പോലീസിന് ഹൈക്കോടതി നിർദേശം നൽകി. അശാസ്ത്രീയ നിർമാണം ആരോപിച്ച് മത്സ്യത്തൊഴിലാളികൾ ഇവിടെ സമരം നടത്തി വരികയാണ്.

തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്‌സ് നൽകിയ ഹർജിയിൽ, സമരക്കാർക്ക് കോടതി നോട്ടീസ് അയച്ചു.

പ്രദേശത്ത് ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി. വിഷയം പരിഗണിച്ചപ്പോൾ, പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ആവശ്യമായ നടപടികൾ വിവിധ തലങ്ങളിൽ സ്വീകരിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു.

മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ജീവനക്കാരുടെ ജീവന് ഭീഷണിയാണെന്നും നിവേദനം നൽകിയിട്ടും സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രദേശത്ത് ക്രമസമാധാന നില തകരാറിലാണെന്ന അദാനി തുറമുഖത്തിന്റെ അവകാശവാദം സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപതയുടെ പ്രതിനിധി തള്ളി.

സമരക്കാരുടെ ആവശ്യത്തിൽ അദാനി തുറമുഖത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിൽ വ്യത്യാസമില്ലെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുക, തീരദേശ ആഘാത പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞയാഴ്ച മുതൽ മുള്ളൂരിന് സമീപം സ്ഥിതിചെയ്യുന്ന തുറമുഖത്തിന്റെ പ്രധാന കവാടത്തിന് പുറത്ത് നിരവധി മത്സ്യത്തൊഴിലാളികൾ സമരം നടത്തിവരികയാണ്.

പുലിമുട്ട് എന്നറിയപ്പെടുന്ന കൃത്രിമ കടൽഭിത്തികളുടെ അശാസ്ത്രീയ നിർമാണമാണ് ജില്ലയിൽ വർധിച്ചുവരുന്ന തീരദേശ ശോഷണത്തിന് കാരണമെന്ന് സമരക്കാർ ആരോപിച്ചു.