image

14 Feb 2022 4:38 AM GMT

Lifestyle

പ്രണയദിനം ആഘോഷിക്കാം, പോക്കറ്റ് കാലിയാവാതെ

Aswathi Kunnoth

പ്രണയദിനം ആഘോഷിക്കാം, പോക്കറ്റ് കാലിയാവാതെ
X

Summary

ഒരു ദിവസത്തേക്ക് വിലയേറിയ റോസാപ്പൂവും ബൊക്കയുമൊക്കെ കൊടുത്ത് കാശ് കളയുന്നതിനേക്കാള്‍ വീട്ടിനകത്ത് വയ്ക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റ്‌സ് നല്ലൊരു ആശയമാണ്


സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ? കാലങ്ങളായി വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഈ കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രണയ ദിനത്തില്‍ ഒരു സമ്മാനം കൊടുക്കാന്‍ വല്ല പരിപാടിയുമുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

ഗിഫ്റ്റ് നല്‍കാം, ഹോം മെയ്ഡായി

വിലകൂടിയ ഡാര്‍ക്ക് ചോക്ലേറ്റിന്റേയും, ഫോട്ടോ ഫ്രെയിമിന്റേയുമൊക്കെ കാലം കഴിഞ്ഞു. ഇനിയല്‍പ്പം മാറി ചിന്തിക്കാം. ഹോം മെയ്ഡ് ഗിഫ്റ്റുകള്‍ക്ക് വമ്പിച്ച ഡിമാന്‍ഡ് ആണിന്ന്. വ്യത്യത്ഥമായ ആശയങ്ങള്‍ക്കൊപ്പം ക്ഷമയുണ്ടെങ്കില്‍ നിങ്ങളുടെ കൈകൊണ്ടു തന്നെ ഒരു സമ്മാനം ഉണ്ടാക്കി നല്‍കുകയും ചെയ്യാം. ഇത് നമ്മുടെ ചെലവ് വല്ലാതെ കുറയ്ക്കും. ഇനി ചോക്ലേറ്റോ, കേക്കോ ആണ് പങ്കാളിക്കിഷ്ടമെങ്കില്‍ അതും ഹോം മെയ്ഡായി തന്നെ ആവട്ടെ. നിങ്ങളുടെ സ്‌നേഹം പോലെ കലര്‍പ്പില്ലാത്ത സമ്മാനം കൊടുക്കുന്നതോടൊപ്പം നികുതിയും മറ്റു ചാര്‍ജുകളും ഒഴിവാക്കുകയും ചെയ്യാം. അവര്‍ക്കിഷ്ടമുള്ള രുചിയില്‍ മധുരം കൂട്ടിയോ കുറച്ചോ സമ്മാനിക്കാം.

സ്‌ക്രാപ്പ് ബുക്ക്: നിങ്ങളുടെ പങ്കാളിയോടൊപ്പമുള്ള ഒരു ദിവസമോ, യാത്രയോ, ആഘോഷങ്ങളോ പറയുന്ന ഒരു സ്‌ക്രാപ്പ് ബുക്ക് എങ്ങനെയുണ്ടാകും? കുറച്ചു സമയം ചെലവിട്ട് സര്‍ഗ്ഗാത്മകത ഉപയോഗിച്ച് മികച്ച ചിത്രങ്ങളൊക്കെ ചേര്‍ത്താല്‍ സംഗതി ഉഷാര്‍. വാങ്ങുന്ന ഫോട്ടോഫ്രെയ്മുകളേക്കാള്‍ എത്രയോ മികച്ചതല്ലേ ഈ സമ്മാനം.

വാള്‍ ആര്‍ട്ട് : ചുമരിലെ അലങ്കാര പണികള്‍ക്ക് ഇന്ന് നല്ല ഡിമാന്‍ഡാണ്. മനോഹരമായ ഒരു ദൃശ്യാവിഷ്‌കാരത്തിനായി നിങ്ങള്‍ ഒരു ചിത്രകാരനാകണമെന്നില്ല. ഒരു ഒറിഗാമി പെയിന്റിംഗു പോലെ ലളിതമായി നിങ്ങളുടെ പങ്കാളിയോടൊപ്പം പകര്‍ത്തിയ ഓരോ മനോഹര നിമിഷത്തിന്റെയും ഫോട്ടോഗ്രാഫുകളുടെ ഒരു കൊളാഷ് ഉണ്ടാക്കാം. കൂടാതെ, കണ്ണാടി വര്‍ക്കുകളും കല്ലുകളും കൊണ്ട് അലങ്കരിച്ച് ഭിത്തിയിലെ ഹാംഗിംഗുകളും അടിപൊളി തന്നെ.

ചെടികള്‍ : ഒരു ദിവസത്തേക്ക് വിലയേറിയ റോസാപ്പൂവും ബൊക്കയുമൊക്കെ കൊടുത്ത് കാശ് കളയുന്നതിനേക്കാള്‍ വീട്ടിനകത്ത് വയ്ക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റ്‌സ് നല്ലൊരു ആശയമാണ്. പ്രത്യേക ചെലവുകള്‍ ഇതിനാവശ്യമില്ലാത്തതു കൊണ്ടും കുറേക്കാലം നില്‍ക്കുന്നതു കൊണ്ടും ചെടികളെ സ്‌നേഹിക്കുന്നവര്‍ക്കായി ഇതിലും നല്ല സമ്മാനമെന്താണുള്ളത്?

ക്രെഡിറ്റ് കാര്‍ഡുണെങ്കില്‍

നിങ്ങളുടെ കയ്യില്‍ ക്രെഡിറ്റ് കാര്‍ഡുണ്ടോ? കാര്‍ഡുപയോഗിച്ച് ഷോപ്പിങ് നടത്താറുണ്ടോ? എങ്കില്‍ റിവാര്‍ഡ് പോയിന്റ് മറക്കണ്ട. പ്രണയ ദിനത്തിലെ സമ്മാനത്തിനായി അധിക ചെലവ് കാണേണ്ടതില്ല. നിങ്ങളുടെ ഉപയോഗത്തിനനുസരിച്ചുള്ള അത്രയും റിവാര്‍ഡ് പോയിന്റുകള്‍ വാങ്ങുന്ന സാധനത്തിനനുസരിച്ച് റെഡീം ചെയ്യാം.

ഇ എം ഐ: കയ്യിലുള്ള പണം മുഴുവനായി എടുത്തുപയോഗിക്കാന്‍ വരട്ടെ. മാസം മുഴുവനോടാന്‍ കയ്യിലെന്തെങ്കിലും വേണ്ടേ? അതുകൊണ്ട് കുറച്ചു നല്ല തുക സമ്മാനത്തിനു വരുന്നുണ്ടെങ്കില്‍ തിരിച്ചടവ് ഇ എം ഐ ആക്കിക്കൊള്ളു. ചുരുങ്ങിയത് മൂന്നു മാസത്തെ സാവകാശം ലഭിക്കും, പോക്കറ്റും കീറില്ല.

കല്യാണം കഴിഞ്ഞോ?

കഴിഞ്ഞവരാണ് നിങ്ങളെങ്കില്‍ പ്രണയ ദിനത്തില്‍ പങ്കാളിക്കായി നല്‍കാന്‍ കുറച്ചു നല്ല സമ്പാദ്യ പദ്ധതികളും കൂടി അറിഞ്ഞോളൂ.

ടേം ലൈഫ് ഇന്‍ഷുറന്‍സ്

അത്രമേല്‍ ഇഷ്ടപെടുന്ന പങ്കാളിക്ക് ജീവിതത്തില്‍ താങ്ങാവുന്ന ഒരു സമ്മാനം തന്നെ നല്‍കാം. ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ ജീവിത നിലവാരം നിലനിര്‍ത്താനും വായ്പകളുടെ തിരിച്ചടവിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ ട്രാക്കിലാക്കാനും സഹായിക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യമാണ് സമ്പത്ത് എന്നത് ഒരു പഴഞ്ചൊല്ലാണെങ്കിലും അതിലൊരു കാര്യമുണ്ട്. കൊറോണ വന്നതോടെ ആരോഗ്യം എത്ര പ്രധാനമാണെന്ന് എല്ലാവരും മനസ്സിലാക്കി.
ഇത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിക്ക് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ സമ്മാനിക്കുന്നത് സാമ്പത്തിക ഭാരം ലഘൂകരിക്കുക മാത്രമല്ല, നിങ്ങളവരുടെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധാലുവാണെന്ന് കാണിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങള്‍ക്കും കവറേജ് നല്‍കുന്ന ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനും പരിഗണിക്കാം. ഒരു ടേം പോളിസി വാങ്ങുന്നത് പോലെ, ഇന്‍ഷുറന്‍സ് കമ്പനികളിലുടനീളം പ്ലാനുകള്‍ താരതമ്യം ചെയ്യുക, നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

വൈകാരിക മൂല്യമുള്ള കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്നതില്‍ സ്വര്‍ണ്ണത്തിന് വലിയ പങ്കുണ്ട്. അപ്പൊൾ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ് ജി ബികള്‍) വഴി ഈ ദിവസം നിങ്ങളുടെ പങ്കാളിക്കൊരു സമ്മാനമായാലോ?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) 1 ഗ്രാമിലും അതിന്റെ ഗുണിതങ്ങളിലും ഇഷ്യൂ ചെയ്യുന്ന എസ് ജി ബികള്‍ക്ക് 2.5% പലിശ നിരക്ക് നല്‍കുന്നു. ഇത് കൊണ്ടു മാത്രമല്ല, അവര്‍ക്ക് സൂക്ഷിച്ചു വയ്ക്കുന്നതിനെ പറ്റിയും സ്വര്‍ണ്ണത്തിന്റെ ശുദ്ധതയും സംബന്ധിച്ച് ആകുലതപ്പെടണ്ട. കൈവശം വയ്ക്കാനുള്ള ചെലവും കുറവാണ്. ആവശ്യമുള്ള സമയങ്ങളില്‍, എസ് ജി ബികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം ചെയ്യാവുന്നതിനാല്‍ എളുപ്പത്തില്‍ ലിക്വിഡേറ്റ് ചെയ്യാവുന്നതുമാണ്.

അപ്പോൾ ഈ പ്രണയ ദിനത്തില്‍ എന്താണ് നിങ്ങളുടെ ചോയ്‌സ്?