image

14 March 2022 8:10 AM GMT

Banking

ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് രൂപ 76.55-ല്‍ എത്തി

MyFin Desk

ഡോളറിനെതിരെ 11 പൈസ ഇടിഞ്ഞ് രൂപ 76.55-ല്‍ എത്തി
X

Summary

മുംബൈ: അസംസ്‌കൃത എണ്ണ വില കുറഞ്ഞതും, വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും കാരണം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 76.55 എന്ന നിലയിലെത്തി. ഉയര്‍ന്ന പണപ്പെരുപ്പവും വിപണിയെ ബാധിച്ചെങ്കിലും ഇക്വിറ്റി വിപണികളിലെ മുന്നേറ്റം രൂപയുടെ മൂല്യത്തകര്‍ച്ചയെ നിയന്ത്രിച്ചതായി ഫോറെക്‌സ് ഡീലര്‍മാര്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.63 എന്ന നിലയിലാണ് ആരംഭിച്ചത്. സെഷനില്‍ നഷ്ടപ്പെട്ട നില കുറച്ച് തിരിച്ചുപിടിച്ചെങ്കിലും നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിഞ്ഞതിനാല്‍ നില […]


മുംബൈ: അസംസ്‌കൃത എണ്ണ വില കുറഞ്ഞതും, വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും കാരണം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 76.55 എന്ന നിലയിലെത്തി. ഉയര്‍ന്ന പണപ്പെരുപ്പവും വിപണിയെ ബാധിച്ചെങ്കിലും ഇക്വിറ്റി വിപണികളിലെ മുന്നേറ്റം രൂപയുടെ മൂല്യത്തകര്‍ച്ചയെ നിയന്ത്രിച്ചതായി ഫോറെക്‌സ് ഡീലര്‍മാര്‍ പറഞ്ഞു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.63 എന്ന നിലയിലാണ് ആരംഭിച്ചത്. സെഷനില്‍ നഷ്ടപ്പെട്ട നില കുറച്ച് തിരിച്ചുപിടിച്ചെങ്കിലും നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിഞ്ഞതിനാല്‍ നില താഴ്ന്ന തന്നെ തുടര്‍ന്നു. ഇത് ഉയര്‍ന്ന് 76.52 നും താഴ്ന്ന് 76.69 നും ഇടയിലാണ് നിന്നത്. ഒടുവില്‍ ഡോളറിനെതിരെ 11 പൈസ കുറഞ്ഞു 76.55 ല്‍ സ്ഥിരത കൈവരിച്ചു.

യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടര്‍ച്ചയായി ഉയര്‍ന്ന പണപ്പെരുപ്പവും നിക്ഷേപകരെ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്ന് അകറ്റിനിര്‍ത്തിയതായി വ്യാപാരികള്‍ പറഞ്ഞു. അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യേതര ഇനങ്ങളുടെയും വില വര്‍ധിച്ചതിനാല്‍ ഫെബ്രുവരിയിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയര്‍ന്നു.

രണ്ട് മാസത്തെ നേരിയ കുറവിന് ശേഷം ഫെബ്രുവരിയില്‍ ഹോള്‍സെയില്‍ പണപ്പെരുപ്പം വര്‍ധിക്കുകയും 2021 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി 11-ാം മാസവും ഇരട്ട അക്കത്തില്‍ തുടരുകയും ചെയ്തു. ആഭ്യന്തര ഇക്വിറ്റി വിപണിയില്‍, സെന്‍സെക്‌സ് 935.72 പോയിന്റ് അല്ലെങ്കില്‍ 1.68 ശതമാനം ഉയര്‍ന്ന് 56,486.02 ലും, എന്‍എസ്ഇ നിഫ്റ്റി 240.85 പോയിന്റ് അല്ലെങ്കില്‍ 1.45 ശതമാനം ഉയര്‍ന്ന് 16,871.30 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 3.28 ശതമാനം ഇടിഞ്ഞ് 108.97 യുഎസ് ഡോളറിലെത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ 2,263.90 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതിനാല്‍ വില്‍പ്പന കുതിച്ചുയര്‍ന്നു.