image

30 May 2022 7:05 AM GMT

Banking

കോവിഡിൽ കുതിച്ച് കേരളത്തിലെ ആയുർവേദ വിപണി, വർദ്ധന 20%

James Paul

കോവിഡിൽ കുതിച്ച് കേരളത്തിലെ ആയുർവേദ വിപണി, വർദ്ധന 20%
X

Summary

കോവിഡിന് ശേഷം ആയുർവേദ വിപണിയിൽ റിക്കോർഡ് വിൽപ്പന. കേരളത്തിലെ ആയുർവേദ മരുന്നുകളുടെ വിൽപ്പന 20 ശതമാനം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്ന് വൻതോതിൽ മരുന്നുകൾ വാങ്ങിയതും, ആയുർവേദ മരുന്ന് നിർമ്മാതാക്കൾ ഓൺലൈൻ വിൽപ്പനയെ പ്രോത്സാഹിപ്പിച്ചതും വിപണിയുടെ വളർച്ചക്ക് സഹായകമായി. 2019-2020 ലെ ആയുർവേദ ഉൽപ്പന്നങ്ങളുടെ മാത്രം വിറ്റുവരവ് കേരളത്തിൽ 500 കോടി രൂപയിലധികമാണ്. ഉൽപന്നങ്ങളും ആശുപത്രി ചികിത്സയും ഉൾപ്പെടെ കേരളത്തിന്റെ ആയുർവേദ വിപണിക്ക് പ്രതിവർഷം 800 കോടിയിലധികം രൂപയുടെ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു. ആയുർവേദ […]


കോവിഡിന് ശേഷം ആയുർവേദ വിപണിയിൽ റിക്കോർഡ് വിൽപ്പന. കേരളത്തിലെ ആയുർവേദ മരുന്നുകളുടെ വിൽപ്പന 20 ശതമാനം വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്ന് വൻതോതിൽ മരുന്നുകൾ വാങ്ങിയതും, ആയുർവേദ മരുന്ന് നിർമ്മാതാക്കൾ ഓൺലൈൻ വിൽപ്പനയെ പ്രോത്സാഹിപ്പിച്ചതും വിപണിയുടെ വളർച്ചക്ക് സഹായകമായി.

2019-2020 ലെ ആയുർവേദ ഉൽപ്പന്നങ്ങളുടെ മാത്രം വിറ്റുവരവ് കേരളത്തിൽ 500 കോടി രൂപയിലധികമാണ്. ഉൽപന്നങ്ങളും ആശുപത്രി ചികിത്സയും ഉൾപ്പെടെ കേരളത്തിന്റെ ആയുർവേദ വിപണിക്ക് പ്രതിവർഷം 800 കോടിയിലധികം രൂപയുടെ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു.

ആയുർവേദ മരുന്നുകളുടെ കയറ്റുമതിയിലും വൻ തോതിലുള്ള വർദ്ധനയുണ്ടായി. ആയുർവേദ, ഹെർബൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി മൂല്യം 2021 സാമ്പത്തിക വർഷത്തിൽ ഏകദേശം 539 ദശലക്ഷം യുഎസ് ഡോളറാണ്. 2015 സാമ്പത്തിക വർഷം മുതൽ 2019 വരെ കയറ്റുമതി മൂല്യത്തിൽ സ്ഥിരമായ വർദ്ധനവുണ്ടായി. ആയുർവേദ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ, എഫ്എംസിജി കമ്പനികളുടെ വിറ്റുവരവ് കേവിഡിന് ശേഷം ഗണ്യമായി വർധിച്ചു. കേരളത്തിൽ 700 ഓളം സ്ഥാപനങ്ങൾക്ക് ആയുർവേദ മരുന്ന് നിർമ്മാണത്തിനുള്ള ലൈസൻസുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആയുർവേദവ മരുന്നുകളെ പ്രോത്സാഹിപ്പിച്ചത് വിൽപ്പനയെ വളരെയേറെ സഹായിച്ചതായി ആയുർവേദ ഔഷധ നിർമ്മാതാക്കളുടെ സംഘടനയായ ആയുർവേദിക്ക് മാന്യുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ പ്രസിഡന് ഡോ. പി.രാംകുമാർ പറഞ്ഞു.

“കോവിഡിനെ തുടർന്ന് പ്രതിരോധ ശേഷി വർപ്പിക്കുന്ന ആയുർവേദ മരുന്നുകൾ കേരള സർക്കാർ വിതരണം ചെയ്തു. ഇത് ആയുർവേദ മരുന്ന് നിർമ്മാതാക്കൾക്ക് വലിയ പ്രോത്സാഹനമായിരുന്നു. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ നിർമ്മാതാക്കൾക്ക് ഇത് വലിയ ആശ്വാസമായി,” അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ കേരളാ ഗവൺമെൻറ് ആയർവേദ മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ നടപടികൾ സ്വീകരിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ലെന്ന് ഓർഗനൈസേഷൻറെ സെക്രട്ടറി ഡോ. ഡി. രാമനാഥൻ പറഞ്ഞു.

“മറ്റ് സംസ്ഥാനങ്ങൾ ഈ സമയത്ത് കേരളത്തിൽ നിന്ന് ആയുർവേദ മരുന്നുകൾ ധാരാളമായി വാങ്ങി. കേരളത്തെക്കാൾ കൂടുതൽ ആയുർവേദത്തിൻറെ പ്രയോജനം ലഭിച്ചത് അന്യസംസ്ഥാനങ്ങൾക്കാണ്. കേരളത്തിൽ ആയുർവേദത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് സംഘടിതമായ ആക്രമണങ്ങളുണ്ടാകുന്നുണ്ട്. അത് വിൽപ്പനയെ ബാധിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

ഉയർന്ന ഡിമാൻഡും വിൽപ്പനയും

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻറെ കണക്കനുസരിച്ച് ആയുർവേദ ഉൽപന്നങ്ങളുടെ വിൽപ്പന മുൻ വർഷങ്ങളിലെ 10-15 ശതമാനത്തിൽ നിന്ന് 20% വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്.

കോവിഡിന് ശേഷം വിൽപ്പന വർദ്ധിച്ച ജനപ്രിയ ഉൽപ്പന്നങ്ങളിൽ ഹെർബൽ മാസ്കുകൾ, ഹെർബൽ ഹാൻഡ് വാഷ്, ഹെർബൽ സാനിറ്റൈസറുകൾ, ഹെർബൽ സോപ്പുകൾ, 'പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന' ന്യൂട്രാസ്യൂട്ടിക്കൽസ് എന്നിവ ഉൾപ്പെടുന്നു.

സർക്കാർ സംരംഭവും ആയുർവേദ, യുനാനി മരുന്നുകളുടെ നിർമ്മാതാക്കളുമായ ഇന്ത്യൻ മെഡിസിൻസ് ഫാർമസ്യൂട്ടിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡിൻറെ (IMPCL) കണക്കനുസരിച്ച് കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ആയുർവേദ മരുന്നുകളുടേയും ഉൽപ്പന്നങ്ങളുടേയും ഉപഭോഗം വർദ്ധിച്ചു. 2020 ഓഗസ്റ്റ് വരെ 69.60 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇതിൽ IMPCL, രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങൾക്ക് ഏകദേശം ₹30 കോടിയോളം രൂപയുടെ കോവിഡ് മരുന്നുകൾ വിറ്റഴിച്ചിട്ടുണ്ട്.