image

31 July 2022 5:59 AM GMT

Banking

ഐടിആര്‍: അവസാന ദിനം ഉച്ചവരെയെത്തിയത് 19 ലക്ഷം റിട്ടേണുകള്‍

MyFin Desk

ഐടിആര്‍: അവസാന ദിനം ഉച്ചവരെയെത്തിയത് 19 ലക്ഷം റിട്ടേണുകള്‍
X

Summary

ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴകൂടാതെ അടയ്‌ക്കേണ്ട അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ 19 ലക്ഷം ഐടിആര്‍ ഫയലിംഗ് നടന്നുവെന്ന് ട്വീറ്റ് ചെയ്ത് ആദായ നികുതി വകുപ്പ്. വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നാലു കോടി ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 4.09 കോടി ഐടിആറുകള്‍ ലഭിച്ചുവെന്നും 28ാം തീയതി മാത്രം 36 ലക്ഷം റിട്ടേണുകള്‍ […]


ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴകൂടാതെ അടയ്‌ക്കേണ്ട അവസാന ദിനമായ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ 19 ലക്ഷം ഐടിആര്‍ ഫയലിംഗ് നടന്നുവെന്ന് ട്വീറ്റ് ചെയ്ത് ആദായ നികുതി വകുപ്പ്.
വെള്ളിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി നാലു കോടി ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. ജൂലൈ 28 വരെയുള്ള കണക്കുകള്‍ പ്രകാരം 4.09 കോടി ഐടിആറുകള്‍ ലഭിച്ചുവെന്നും 28ാം തീയതി മാത്രം 36 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തുവെന്നും ആദായ നികുതി വകുപ്പ് ട്വീറ്റ് വഴി വ്യക്തമാക്കി.
ലേറ്റ് ഫീ ഒഴിവാക്കുവാനായി ഐടിആര്‍ നേരത്തെ തന്നെ ഫയല്‍ ചെയ്യണമെന്നും ട്വീറ്റിലുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ആദായ നികുതി ചട്ടം അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 234 എയിലെ വ്യവസ്ഥകള്‍ അനുസരിച്ച്, മറ്റ് പിഴകള്‍ക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂലൈ 31ന് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യുന്നവര്‍ പിഴയടയ്ക്കേണ്ടി വരും. പിഴയോടു കൂടി ഡിസംബര്‍ 31 വരെ ഐടിആര്‍ ഫയല്‍ ചെയ്യാം. നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നത് ജൂലൈ 31ന് ശേഷവും ഡിസംബര്‍ 31നു് മുന്‍പുമാണെങ്കില്‍ 5000 രൂപ വരെയാണ് പിഴയടയ്ക്കേണ്ടി വരിക (ആകെ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍). ആകെ വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപയാണ് പിഴ. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് (ജൂലൈ 31) ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്നും നോട്ടീസ് അയയ്ക്കുമെന്നും അറിയിപ്പുണ്ട്.