കള്ള് കച്ചവടം കൊഴുപ്പിക്കാന്‍ ആശയമുണ്ടോ? കാശുണ്ടാക്കാന്‍ ജപ്പാന്റെ 18-ാം അടവ് | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeMoreLifestyleകള്ള് കച്ചവടം കൊഴുപ്പിക്കാന്‍ ആശയമുണ്ടോ? കാശുണ്ടാക്കാന്‍ ജപ്പാന്റെ 18-ാം അടവ്

കള്ള് കച്ചവടം കൊഴുപ്പിക്കാന്‍ ആശയമുണ്ടോ? കാശുണ്ടാക്കാന്‍ ജപ്പാന്റെ 18-ാം അടവ്

 

‘കുടിച്ചില്ലേല്‍ കൈ വിറയ്ക്കും’ എന്ന ഡയലോഗ് ദിനംപ്രതി കേള്‍ക്കേണ്ടി വരുന്ന ഒട്ടേറെ ആളുകള്‍ നമുക്കിടയിലുണ്ട്. മദ്യം തൊടുന്നവര്‍ക്ക് കൈവിറയല്‍ വരുന്നത് പോലെ ഇത് ‘തൊടീക്കുന്ന’ സര്‍ക്കാരിനും ഇപ്പോള്‍ കൈയ്യല്ല ആകെ അടിമുറി വിറയ്ക്കുകയാണ്. കാരണം സിംപിള്‍.. മദ്യവില്‍പന താഴേയ്ക്ക് പോകുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മദ്യ ഔട്ട്ലെറ്റുകളിലെ വില്‍പനയില്‍ 33 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. കാരണം തേടി ബെവ്കോയും, എക്സൈസും ബാറുടമകളുമുള്‍പ്പടെ ആഴ്ച്ചകളോളം ഇരുന്ന് തല പുകച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഒരു വിധം കരകയറി വന്ന് കച്ചവടത്തിനായി ഔട്ട്ലെറ്റുകള്‍ സദാ തുറന്നിട്ടിട്ടും വില്‍പന നടക്കുന്നില്ല. കാരണമാകട്ടെ അവ്യക്തവും.

ജപ്പാന്‍ ആള് കൊള്ളാം

മദ്യത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞുവെന്ന് പിടികിട്ടിയെങ്കിലും അതിന്റെ യഥാര്‍ത്ഥ കാരണമോ, ഈ പ്രശ്നം പരിഹരിക്കാനോ ഉള്ള ‘ബമ്പര്‍ ഐഡിയ’യോ ആരുടേയും തലയില്‍ ഉദിച്ചില്ല. പക്ഷെ, ഉടന്‍ പതിവ് ആയുധമെടുത്ത് പ്രയോഗിച്ചു. വില കൂട്ടുക. അതുകൊണ്ട് എന്തു കാര്യം? കേരളം എന്ന ഇട്ടാവട്ടത്തിന്റെ കാര്യം ഇങ്ങനെയെങ്കില്‍ മദ്യപാനത്തിന്റെ മരട് വെടിക്കെട്ട് നടക്കുന്ന ജപ്പാനില്‍ എന്തായിരിക്കും അവസ്ഥ. സ്ഥിതി കേരളത്തിന് സമാനം തന്നെ. എന്നാല്‍ രസകരമായ കാര്യം മദ്യപാന ശീലം ജനങ്ങള്‍ക്കിടയില്‍ മത്സരാധിഷ്ഠിതമായി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ആ രാജ്യം.

ഈ ലക്ഷ്യം നേടിയെടുക്കാന്‍ ആളുകളില്‍ മദ്യപാന ശീലം വര്‍ധിപ്പിക്കുന്നതിനായി മികച്ച ആശയങ്ങള്‍ തേടുകയാണ് ജപ്പാന്‍. രാജ്യത്തെ നികുതി വകുപ്പിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ടാക്സ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. 20 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വീട്ടിലിരുന്നുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പ്രോഡക്ടുകളും ഡിസൈനുകളും സംബന്ധിച്ച ആശയങ്ങള്‍ അവതരിപ്പിക്കാനും ഈ ക്യാമ്പയിന്‍ വഴി സാധിക്കും. ആശങ്ങള്‍ ദീര്‍കാല ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതാണെങ്കില്‍ നല്ലത്.

മെറ്റാവേഴ്സും ആവാം

ഇതുകൊണ്ടും അവസാനിച്ചില്ല ജപ്പാനിലെ മദ്യവില്‍പന കൂട്ടാന്‍ മെറ്റാവേഴ്സിന്റെ സഹായം എങ്ങനെ തേടാം എന്നത് വരെ അധികൃതര്‍ ആലോചിക്കുകയാണ്. ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സംബന്ധിച്ചും ആശയങ്ങള്‍ സമര്‍പ്പിക്കാം. എന്നാല്‍ ഈ ‘മില്യണ്‍ ഡോളര്‍ ആശയ’ങ്ങള്‍ക്ക് എന്ത് സമ്മാനമാണ് ലഭിക്കുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല. സെപ്റ്റംബര്‍ 9 വരെ ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്. 1995ലെ കണക്കുകള്‍ പ്രകാരം ജപ്പാനില്‍ ഒരു ശരാശരി മനുഷ്യന്‍ പ്രതിവര്‍ഷം 100 ലിറ്റര്‍ മദ്യം കഴിക്കുമായിരുന്നെങ്കില്‍ 2020 ആയപ്പോഴേയ്ക്കും ഇത് 75 ലിറ്ററായി കുറഞ്ഞു.

നികുതി ഇടിവ് വില്ലന്‍

രാജ്യത്ത് ആകെ ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 5 ശതമാനം വരെ മദ്യവില്‍പനയില്‍ നിന്നുമുള്ളതായിരുന്നു. 2020 ആയപ്പോഴേയ്ക്കും ഇത് വെറും 1.5 ശതമാനമായി. അതേ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മദ്യവില്‍പന കുറഞ്ഞതോടെ 110 ബില്യണ്‍ യെന്നിന്റെ കുറവാണ് ജാപ്പനീസ് സര്‍ക്കാരിന്റെ വരുമാനത്തിലുണ്ടായത്. കഴിഞ്ഞ 31 വര്‍ഷങ്ങള്‍ക്കിടയിലെ കണക്കുകള്‍ നോക്കിയാല്‍ ഇത് വന്‍ ഇടിവാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ബിയര്‍ വ്യാപാരത്തിലും മുന്‍പന്തിയിലായിരുന്ന ജപ്പാനിപ്പോള്‍ കച്ചവടം ശക്തമാക്കാന്‍ ‘കൈകാലിട്ടടിക്കുന്ന’ അവസ്ഥയിലാണ്. എന്താണെങ്കിലും മദ്യപാനം പുനരുജ്ജീവിപ്പിക്കാനുള്ള ജപ്പാന്റെ ഈ ആശയം തേടല്‍ മറ്റ് പല രാജ്യങ്ങള്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ്. കേരളം പോലെ മദ്യവിപണിയിലൂടെ കാശുവാരിയ നാടിനും ഈ ആശയം ഒന്ന് പരീക്ഷിക്കാം. എല്ലാം ‘ആരോഗ്യകര’മായിരിക്കണമെന്ന് മാത്രം.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!