image

19 Sep 2022 11:20 PM GMT

Crude

വിന്‍ഡ്‌ഫോള്‍ നികുതി: പുന:പരിശോധന വേണമെന്ന് പെട്രോളിയം മന്ത്രാലയം

MyFin Bureau

വിന്‍ഡ്‌ഫോള്‍ നികുതി: പുന:പരിശോധന വേണമെന്ന് പെട്രോളിയം മന്ത്രാലയം
X

Summary

ഡെല്‍ഹി: ഇന്ത്യന്‍ എണ്ണ ഉത്പാദക കമ്പനികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത നികുതി (വിന്‍ഡ്ഫോള്‍ ടാക്സ്) സംബന്ധിച്ച് പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇത് എണ്ണ കണ്ടെത്തുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള കരാറുകളില്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സ്ഥിരത എന്ന തത്വത്തിന് എതിരാണെന്നും മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്. പ്രൊഡക്ഷന്‍ ഷെയറിംഗ് കോണ്‍ട്രാക്ട് (പിഎസ്സി), റവന്യൂ ഷെയറിംഗ് കോണ്‍ട്രാക്ട് (ആര്‍എസ്സി) എന്നിവയ്ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് ലേലം ചെയ്ത ഫീല്‍ഡുകള്‍, ബ്ലോക്കുകള്‍ എന്നിവയെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. […]


ഡെല്‍ഹി: ഇന്ത്യന്‍ എണ്ണ ഉത്പാദക കമ്പനികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത നികുതി (വിന്‍ഡ്ഫോള്‍ ടാക്സ്) സംബന്ധിച്ച് പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം.

ഇത് എണ്ണ കണ്ടെത്തുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള കരാറുകളില്‍ നല്‍കിയിട്ടുള്ള സാമ്പത്തിക സ്ഥിരത എന്ന തത്വത്തിന് എതിരാണെന്നും മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്. പ്രൊഡക്ഷന്‍ ഷെയറിംഗ് കോണ്‍ട്രാക്ട് (പിഎസ്സി), റവന്യൂ ഷെയറിംഗ് കോണ്‍ട്രാക്ട് (ആര്‍എസ്സി) എന്നിവയ്ക്ക് കീഴിലുള്ള കമ്പനികള്‍ക്ക് ലേലം ചെയ്ത ഫീല്‍ഡുകള്‍, ബ്ലോക്കുകള്‍ എന്നിവയെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

1990 മുതല്‍ കമ്പനികള്‍ക്ക് വിവിധ കരാര്‍ വ്യവസ്ഥകള്‍ക്ക് കീഴില്‍ എണ്ണ, പ്രകൃതി വാതകം എന്നിവ സംബന്ധിച്ച പര്യവേക്ഷണം നടത്തുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനുമായി പ്രത്യേക ബ്ലോക്കുകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും അതില്‍ റോയല്‍റ്റിയും സെസും ഈടാക്കുകയും ലാഭത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച ശതമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നുണ്ടെന്നും അറിയിപ്പിലുണ്ട്.

ആഗോള-ആഭ്യന്തര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അപ്രതീക്ഷിത നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്ഫോള്‍ ടാക്സ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് വില വന്‍ തോതില്‍ ഉയരുകയാണ്. വലിയ തുക നികുതി അടയ്ക്കേണ്ടി വന്നാല്‍ അത് കമ്പനികളുടെ വരുമാനത്തെ ബാധിക്കും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 40 ഡോളറിലെത്തിയാല്‍ മാത്രമേ വിന്‍ഡ്ഫാള്‍ ടാക്സ് ഒഴിവാക്കുകയുള്ളൂവെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് നേരത്തെ അറിയിച്ചിരുന്നു.

പ്രാദേശിക തലത്തില്‍ ഇന്ധനവിലയില്‍ വിലയില്‍ ഇത് കൊണ്ട് വര്‍ധനവുണ്ടാവില്ലെന്നും ധനകാര്യ മന്ത്രാലയം അന്ന് ഉറപ്പ് നല്‍കിയിരുന്നു. 2021-22 സാമ്പത്തികവര്‍ഷം 29.7 മില്യണ്‍ ടണ്‍ എണ്ണ ഉത്പാദനമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്.

ഈ കണക്ക് പരിഗണിച്ചാണ് സര്‍ക്കാരിന് ലഭിക്കുന്ന തുക കണക്കാക്കിയത്. ക്രൂഡ് ഓയിലിനുള്ള വിന്‍ഡ്ഫോള്‍ ടാക്സിന് പുറമെ ഡീസല്‍-പെട്രോള്‍ കയറ്റുമതിക്കും സര്‍ക്കാര്‍ സെസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് സെസ് ഇനത്തില്‍ കമ്പനികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടത്. വിമാന-ജെറ്റ് ഇന്ധനങ്ങളുടെ കയറ്റുമതി തീരുവയും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തര ഇന്ധന ലഭ്യത വര്‍ധിപ്പിക്കുകയാണ് നികുതി വര്‍ധിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലധികം വര്‍ധിച്ചത് കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഓയില്‍, വാതക കമ്പനികള്‍ക്ക് 25 ശതമാനം വിന്‍ഡ്ഫാള്‍ ടാക്സാണ് പ്രഖ്യാപിച്ചത്.