image

21 Sep 2022 7:35 AM GMT

Automobile

പിന്നിലിരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റില്ലേല്‍ ഇനി അലാം 'വിവരമറിയിക്കും',വിജ്ഞാപനമായി

MyFin Desk

പിന്നിലിരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റില്ലേല്‍ ഇനി അലാം വിവരമറിയിക്കും,വിജ്ഞാപനമായി
X

Summary

  പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ മറന്നാല്‍ അക്കാര്യം ഇനി വാഹനത്തിലെ അലാം ഓര്‍മ്മിപ്പിക്കും. വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധമാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി പുതിയ കരട് വിജ്ഞാപനം ഇറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് പ്രകാരം ഓട്ടോമൊബൈല്‍ കമ്പനികള്‍ വാഹനങ്ങളില്‍ പ്രത്യേക അലാം സജ്ജീകരിക്കണം. പിന്‍സീറ്റില്‍ ഇരിക്കുന്നവരുള്‍പ്പടെ സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ അലാം തുടര്‍ച്ചയായി ശബ്ദിക്കും. എം, എന്‍ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് വിജ്ഞാപനം ഇറക്കുന്നതെന്നും ഒക്ടോബര്‍ അഞ്ചു വരെ ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടുമെന്നും കേന്ദ്ര […]


പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടാന്‍ മറന്നാല്‍ അക്കാര്യം ഇനി വാഹനത്തിലെ അലാം ഓര്‍മ്മിപ്പിക്കും. വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗം നിര്‍ബന്ധമാക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി പുതിയ കരട് വിജ്ഞാപനം ഇറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് പ്രകാരം ഓട്ടോമൊബൈല്‍ കമ്പനികള്‍ വാഹനങ്ങളില്‍ പ്രത്യേക അലാം സജ്ജീകരിക്കണം. പിന്‍സീറ്റില്‍ ഇരിക്കുന്നവരുള്‍പ്പടെ സീറ്റ്ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ അലാം തുടര്‍ച്ചയായി ശബ്ദിക്കും. എം, എന്‍ കാറ്റഗറിയിലുള്ള വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് വിജ്ഞാപനം ഇറക്കുന്നതെന്നും ഒക്ടോബര്‍ അഞ്ചു വരെ ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്. ലൈറ്റ് ഡ്യൂട്ടി വാഹനങ്ങളായ പാസഞ്ചര്‍ കാറുകളും വാനുകളും എം കാറ്റഗറിയിലും, ഹെവി ഡ്യൂട്ടി വാഹനങ്ങളായ ട്രക്ക്, ബസ്, കോച്ചുകള്‍ എന്നിവ് എന്‍ കാറ്റഗറിയിലും ഉള്‍പ്പെടുന്നു.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പിന്‍സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്ന തരത്തിലുള്ള ചര്‍ച്ച രാജ്യത്ത് ഉയര്‍ന്നിരുന്നു. കേന്ദ്ര ഉപരിത മന്ത്രാലയം തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ പൊതുജനങ്ങളുടെ അഭിപ്രായമാരായാന്‍ കരട് ഇറക്കിയിരിക്കുന്നത്.

ഡ്രൈവര്‍ സീറ്റുള്‍പ്പടെ എട്ട് സീറ്റില്‍ കവിയാത്ത വാഹനങ്ങളില്‍ ഓവര്‍ സ്പീഡ് ഡ്രൈവറെ അറിയിക്കുന്ന സ്പീഡ് അലര്‍ട്ട് സിസ്റ്റം, സേഫ്റ്റി ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം മാനുവലായി തുറക്കാനുള്ള സംവിധാനം, ഡ്രൈവര്‍ക്കും ഒപ്പമിരിക്കുന്നയാള്‍ക്കും പ്രത്യേക എയര്‍ബാഗ് തുടങ്ങിയവയൊക്കെ സജ്ജീകരിച്ചിരിക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്.

സൈറസ് മിസ്ത്രി കാറിന്റെ പിന്‍ സീറ്റിലിരുന്നാണ് യാത്ര ചെയ്തതെന്നും, അദ്ദേഹം സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പടെ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ഇത് പാലിക്കാത്തവരില്‍ നിന്നും 1,000 രൂപ പിഴയീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഇക്കഴിഞ്ഞ നാലിനാണ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചത്. അദ്ദേഹം സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.