image

30 April 2022 2:10 AM GMT

News

കോവി‍ഡിൻറെ നഷ്ടം ചെറുതല്ല, നികത്താൻ 12 വർഷമെടുക്കും

MyFin Bureau

കോവി‍ഡിൻറെ നഷ്ടം ചെറുതല്ല, നികത്താൻ 12 വർഷമെടുക്കും
X

Summary

കോവിഡ്-19 ലോക സാമ്പത്തിക രം​ഗത്തുണ്ടാക്കിയ മാറ്റം ചെറുതല്ല. ഇന്ത്യൻ സാമ്പത്തിക രം​ഗം കോവി‍ഡിന് ശേഷം ഉണർവിന്റെ പാതയിലാണ്. കാർഷിക- ഉത്പാദന മേഖല കോവി‍ഡിന് ശേഷം സജീവമായത് രാ‍ജ്യത്തിന് നേട്ടമായി. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക മേഖല  9.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 7.3 ശതമാനമായിരുന്നു ഇത്. കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്. എന്നാൽ കഴിഞ്ഞ ദിവസം ആർബിഐ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയിൽ‌ കോവിഡ് ഉണ്ടാക്കിയ നഷ്ടം […]


കോവിഡ്-19 ലോക സാമ്പത്തിക രം​ഗത്തുണ്ടാക്കിയ മാറ്റം ചെറുതല്ല. ഇന്ത്യൻ സാമ്പത്തിക രം​ഗം കോവി‍ഡിന് ശേഷം ഉണർവിന്റെ പാതയിലാണ്. കാർഷിക- ഉത്പാദന മേഖല കോവി‍ഡിന് ശേഷം സജീവമായത് രാ‍ജ്യത്തിന് നേട്ടമായി. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക മേഖല 9.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം 7.3 ശതമാനമായിരുന്നു ഇത്. കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്. എന്നാൽ കഴിഞ്ഞ ദിവസം ആർബിഐ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്, ഇന്ത്യയിൽ‌ കോവിഡ് ഉണ്ടാക്കിയ നഷ്ടം നികത്താൻ ചുരുങ്ങിയത് 12 വർഷമെടുക്കും എന്നാണ്.
പണപ്പെരുപ്പവും (ഇൻഫ്ലേഷൻ) പണച്ചുരുക്കവും (ഡിഫ്ലേഷൻ) ഏറ്റവും കുറച്ച് സന്തുലിതാവസ്ഥ കൈവരിച്ചാൽ മാത്രമെ അടുത്ത 12 വർഷത്തിൽ ഈ മാറ്റം സാധ്യമാകുകയുള്ളൂ. കറൻസിയുടെ മൂല്യം ഇടിയുന്നതിന്റെ ഫലമായി ഒരു സമ്പദ്‌വ്യവസ്ഥയിൽ ദീർഘകാലത്തേക്ക് ചരക്കുകളുടെയും സേവനങ്ങളുടെയും പൊതുവില നിലവാരത്തിൽ സംഭവിക്കാവുന്ന വർദ്ധനവാണ് പണപ്പെരുപ്പം. എന്നാൽ ഇതിന്റെ നേർ വിപരീതമാണ് പണച്ചുരുക്കം. പണപ്പെരുപ്പ നിരക്ക് 0% ത്തിൽ താഴെയാകുമ്പോൾ പണച്ചുരുക്കം സംഭവിക്കുന്നു. ദീർഘ കാലം വിപണിയിൽ വില സ്ഥിരത (പ്രൈസ് സ്റ്റബിലിറ്റി) നിലനിർത്തുകയാണ് സാമ്പത്തിക രം​ഗം മെച്ചപ്പെടുത്താനുള്ള ഒരു വഴി.
2021-22 വർഷത്തേക്കുള്ള കറൻസി ആൻഡ് ഫിനാൻസ് (ആർ‌സി‌എഫ്) റിപ്പോർട്ടിൽ, ഉത്പാദനം, ജീവിത നിലവാരം, ഉപജീവനമാർഗങ്ങൾ എന്നിവയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ 'പാൻഡെമിക്-ഇൻഡ്യൂസ്ഡ്' നഷ്‌ടങ്ങൾ നേരിട്ട രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്നാണ് ആർ‌ബി‌ഐ റിപ്പോർട്ടിൽ പറയുന്നത്. ഇത് വീണ്ടെടുക്കാൻ വർഷങ്ങളെടുത്തേക്കാം. രണ്ട് വർഷത്തിന് ശേഷവും സാമ്പത്തിക പ്രവർത്തനങ്ങൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നും കേന്ദ്ര ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.
റഷ്യ-യുക്രെയ്ൻ സംഘർഷം സാമ്പത്തിക രം​ഗം വീണ്ടെടുക്കലിന്റെ വേഗത വീണ്ടും കുറച്ചു. ഇതേ തുടർന്ന് ചരക്ക് വില ഉയരാനും, ആഗോള വിപണിയിലെ അസന്തുലിതാവസ്ഥ ഇന്ത്യൻ വിപണിയെയും കൂടുതൽ ദുർബലമാക്കാനും കാരണമായി. ഡി-​ഗ്ലോബലൈസേഷൻ ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, മൂലധന ഒഴുക്ക്, വിതരണ ശൃംഖലയിലെ തടസം എന്നിവയിലൊക്കെ അനിശ്ചിതത്വം വർധിപ്പിച്ചതായി ആർബിഐ സൂചിപ്പിച്ചു.
റിസർവ് ബാങ്ക് റിപ്പോർട്ടനുസരിച്ച് ഇ-കൊമേഴ്‌സ്, സ്റ്റാർട്ടപ്പുകൾ, റിന്യൂവബിൾസ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്നതോടൊപ്പം ഡിജിറ്റലൈസേഷനിലേക്ക് പുതിയ നിക്ഷേപത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നത് സമ്പദ്മേഖലയ്ക്ക് ​ഗുണകരമാകും. സർക്കാറിന്റെ മൂലധന ചെലവുകളിൽ ഇത്തരം കാര്യങ്ങൾക്ക് മുൻ​ഗണന നൽകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡിന് മുമ്പുള്ള വളർച്ചാ നിരക്ക് 6.6% (2012-13 മുതൽ 2019-20 വരെയുള്ള സിഎജിആർ), 7.1% (2012-13 മുതൽ 2016-17 വരെയുള്ള CAGR) വും , 2020-21-ലെ വളർച്ചാ നിരക്ക് (-) 6.6% വും 2021-22-ലേത് 8.9% വുമാണ്. 2022-23-ൽ 7.2 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിലും 7.5% വരെ എത്തിയേക്കാം. ഈ വളർച്ചാ നിരക്ക് പിന്തുടരുമ്പോൾ 2034-35 ആവുമ്പോഴേക്കും കോവി‍ഡ് ഉണ്ടാക്കിയ നഷ്ടം മറികടക്കാൻ സാധിക്കും എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.