image

30 July 2022 12:39 AM GMT

Market

മെറ്റൽ, ധനകാര്യ, ഐ ടി ഓഹരികളുടെ പിൻബലത്തിൽ വിപണി മുന്നേറി

Bijith R

മെറ്റൽ, ധനകാര്യ, ഐ ടി ഓഹരികളുടെ പിൻബലത്തിൽ വിപണി മുന്നേറി
X

Summary

ഇന്ത്യൻ വിപണി അവരുടെ ഏഷ്യൻ കൂട്ടാളികളെ പിന്നിട്ടു മുന്നേറിയ ഒരാഴ്ചയാണ് കടന്നു പോയത്. തുടർച്ചയായ രണ്ടാം ആഴ്ചയിലും മികച്ച മുന്നേറ്റമാണ് വിപണിയിൽ പ്രകടമായത്. സൂചികയിലെ പ്രധാന ഓഹരികളുടെ മികച്ച ജൂൺ പാദ ഫലങ്ങളും, ചരക്ക് വിപണിയിലുണ്ടായ വിലക്കുറവും കൂടുതൽ ഓഹരികൾ വാങ്ങുന്നതിനു കാരണമായി. നാലു പതിറ്റാണ്ടിനിടയിലെ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പത്തിനിടയിലും യു എസ് ഫെഡ് മുൻപ് ഉദ്ദേശിച്ചത് പോലെ 75 ബേസിസ് പോയിന്റ് നിർക്കുയർത്തിയതും വിപണികളിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കി. സെൻസെക്സ് ഈ ആഴ്ചയിൽ മാത്രം 2.67 ശതമാനവും […]


ഇന്ത്യൻ വിപണി അവരുടെ ഏഷ്യൻ കൂട്ടാളികളെ പിന്നിട്ടു മുന്നേറിയ ഒരാഴ്ചയാണ് കടന്നു പോയത്. തുടർച്ചയായ രണ്ടാം ആഴ്ചയിലും മികച്ച മുന്നേറ്റമാണ് വിപണിയിൽ പ്രകടമായത്. സൂചികയിലെ പ്രധാന ഓഹരികളുടെ മികച്ച ജൂൺ പാദ ഫലങ്ങളും, ചരക്ക് വിപണിയിലുണ്ടായ വിലക്കുറവും കൂടുതൽ ഓഹരികൾ വാങ്ങുന്നതിനു കാരണമായി. നാലു പതിറ്റാണ്ടിനിടയിലെ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പത്തിനിടയിലും യു എസ് ഫെഡ് മുൻപ് ഉദ്ദേശിച്ചത് പോലെ 75 ബേസിസ് പോയിന്റ് നിർക്കുയർത്തിയതും വിപണികളിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കി.

സെൻസെക്സ് ഈ ആഴ്ചയിൽ മാത്രം 2.67 ശതമാനവും നിഫ്റ്റി 2.62 ശതമാനവും നേട്ടമുണ്ടാക്കി.

ജൂലൈ മാസത്തിൽ സെൻസെക്‌സും നിഫ്റ്റിയും യഥാക്രമം 8.81 ശതമാനവും, 8.93 ശതമാനവും ഉയർന്നു. 2021 അഗസ്റ്റിന് ശേഷമുണ്ടായ ഏറ്റവും ഉയർന്ന മുന്നേറ്റമാണിത്. ആഗോള തലത്തിലെ പ്രധാന സൂചികകളിൽ, ജൂലൈ മാസത്തിലെ മികച്ച പ്രകടനത്തിൽ, നാസ്ഡാക് 11.37 ശതമാനം നേട്ടത്തിൽ ഒന്നാമതെത്തിയപ്പോൾ ഇന്ത്യൻ വിപണി രണ്ടാം സ്ഥാനത്തെത്തി.

പണമിടപാട് കർശനമാകുന്നത് മൂലം സാമ്പത്തിക വളർച്ചയിലുണ്ടായേക്കാവുന്ന നഷ്ട സാധ്യത കണക്കിലെടുത്തുകൊണ്ടുള്ള യു എസ് ഫെഡിന്റെ അഭിപ്രായ പ്രകടനം, വരും മാസങ്ങളിൽ നിരക്ക് വർധനയുടെ വേഗത കുറയുമെന്ന പ്രതീക്ഷക്ക് ആക്കം കൂട്ടി. ഇത് ഇന്ത്യൻ വിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൊണ്ടുവരുന്നതിന് സഹായിച്ചു.

നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കു പ്രകാരം, കഴിഞ്ഞ ആഴ്ചയിൽ മാത്രം ജൂലൈ 28 വരെ വിദേശ നിക്ഷേപകർ അഭ്യന്തര വിപണിയിലെ 4,500 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. അതിനു തൊട്ടുമുൻപുള്ള ആഴ്ചയിൽ 10,000 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച മാത്രം 1,046 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.

മെറ്റൽ, ധനകാര്യ, ഐ ടി ഓഹരികളാണ് കഴിഞ്ഞ ആഴ്ചയിൽ വലിയ നേട്ടമുണ്ടാക്കിയത്. ഇവ യഥാക്രമം 7.68 ശതമാനവും, 3.68 ശതമാനവും, 3.48 ശതമാനവും വർധിച്ചു.

സെൻസെക്സിലെ മുൻനിര ഓഹരികളിൽ ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ് എന്നിവയ്ക്കാണ് ഏറ്റവും മികച്ച മുന്നേറ്റമുണ്ടായത്. ബജാജ് ഫിൻസേർവ് 18 ശതമാനവും, ബജാജ് ഫിനാൻസ് 15.23 ശതമാനവും ഉയർന്നു.

ടാറ്റ സ്റ്റീൽ 15 ശതമാനവും, ഇൻഡസ് ഇൻഡ് ബാങ്ക് 10.65 ശതമാനവും നേട്ടമുണ്ടാക്കി. ഐ ടി ഓഹരികളിലും കഴിഞ്ഞ ആഴ്ചയിൽ വാങ്ങലുകാരുണ്ടായി. ടി സി എസ് 4 ശതമാനവും, വിപ്രോ 3.14 ശതമാനവും, എച് സി എൽ ടെക് 3.13 ശതമാനവും, ഇൻഫോസിസ് 2.87 ശതമാനവും, ടെക് മഹിന്ദ്ര 2 ശതമാനവും ഉയർന്നിരുന്നു.

എങ്കിലും എഫ് എം സി ജി, ഓട്ടോ മൊബൈൽ മേഖലയിലെ ഓഹരികളിൽ ലാഭമെടുപ്പുണ്ടായി.

ഡെറിവേറ്റീവ് വിപണിയിൽ ട്രേഡർമാർ, നിഫ്റ്റിയിലെയും, സെൻസെക്സിലേയും ബെയറിഷ് ബെറ്റ് (ഷോർട് പൊസിഷൻ) അവസാനിപ്പിച്ചു പുതിയ ബുള്ളിഷ് ബെറ്റ് (ലോങ്ങ് പൊസിഷൻ) എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ വോലറ്റിലിറ്റി ഇൻഡക്സ് 24 .50 ശതമാനത്തിൽ നിന്നും 16.55 ശതമാനമായി കുറഞ്ഞു. ഇത് വിപണിയുടെ മികച്ച മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.