image

17 Aug 2022 12:05 AM GMT

Technology

ഇ വേസ്റ്റ് കുറയ്ക്കാം, വീട്ടില്‍ ഇനി 'ഒറ്റ ചാര്‍ജര്‍'

MyFin Desk

ഇ വേസ്റ്റ് കുറയ്ക്കാം, വീട്ടില്‍ ഇനി ഒറ്റ ചാര്‍ജര്‍
X

Summary

സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് എന്നിവ മുതല്‍ പവര്‍ ബാങ്കുകള്‍ക്ക് വരെ വെവ്വേറെ ചാര്‍ജ്ജര്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇവയ്ക്കെല്ലാം കൂടി ഒറ്റ ചാര്‍ജറാണെങ്കിലോ ? ഇ വേസ്റ്റ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ ചുവടുവെപ്പ് ആദ്യം അത്ര എളുപ്പം നടപ്പാക്കാന്‍ സാധിക്കില്ലെങ്കിലും ഘട്ടം ഘട്ടമായി ഇത് ഫലത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രം. 'പൊതു ചാര്‍ജര്‍' എന്ന ആശയം നടപ്പിലാക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇപ്പോള്‍ വ്യവസായ പങ്കാളികളുമായി ചര്‍ച്ച തുടരുകയാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുന്‍ നിര സ്മാര്‍ട്ട് […]


സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ് എന്നിവ മുതല്‍ പവര്‍ ബാങ്കുകള്‍ക്ക് വരെ വെവ്വേറെ ചാര്‍ജ്ജര്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഇവയ്ക്കെല്ലാം കൂടി ഒറ്റ ചാര്‍ജറാണെങ്കിലോ ? ഇ വേസ്റ്റ് കുറയ്ക്കാനുള്ള സര്‍ക്കാര്‍ ചുവടുവെപ്പ് ആദ്യം അത്ര എളുപ്പം നടപ്പാക്കാന്‍ സാധിക്കില്ലെങ്കിലും ഘട്ടം ഘട്ടമായി ഇത് ഫലത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രം.

'പൊതു ചാര്‍ജര്‍' എന്ന ആശയം നടപ്പിലാക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇപ്പോള്‍ വ്യവസായ പങ്കാളികളുമായി ചര്‍ച്ച തുടരുകയാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുന്‍ നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളേയും മന്ത്രാലയം ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സാംസങ്, ഷവോമി, വിവോ തുടങ്ങി പല മുന്‍നിര ബ്രാന്‍ഡുകളുടേയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

വ്യത്യസ്ത ചാര്‍ജ്ജറുകള്‍ തലവേദന

നിലവില്‍ രാജ്യത്തെ നല്ലൊരു വിഭാഗം ആളുകളും പല തരത്തിലുള്ള ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവയ്ക്ക് എല്ലാം വ്യത്യസ്ത തരത്തിലുള്ള ചാര്‍ജറുകളും ഉപയോഗിക്കുന്നുണ്ട്. ഇത് മിക്കവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. പുതിയതായി ഒരു ഗാഡ്ജറ്റ് വാങ്ങിയാല്‍ അതിനൊപ്പം ചാര്‍ജ്ജര്‍ ഉള്‍പ്പടെ ലഭിക്കുന്നതിനാല്‍ പഴയത് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇ വേസ്റ്റിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കാണുന്നത്.

പുത്തന്‍ ആശയം അവതരിപ്പിക്കുന്നതിനായി രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇലക്ട്രോണിക്സ് പ്രോഡക്ട്സ് ഇന്നവേഷന്‍ കണ്‍സോര്‍ഷ്യം (ഇപിഐസി) ഫൗണ്ടേഷന്‍, അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചാം) ഉള്‍പ്പടെയുള്ള പങ്കാളികളെയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനും ഇതേ പാതയില്‍

എല്ലാ ഗാഡ്ജറ്റുകള്‍ക്കുമായി ഒരു ചാര്‍ജര്‍ എന്ന ആശയം നേരത്തെ തന്നെ പല രാജ്യങ്ങളും മുന്നോട്ട് വെച്ച ഒന്നാണ്. ഇക്കഴിഞ്ഞ ജൂണില്‍ 'എല്ലാ ഗാഡ്ജറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍' എന്ന ആശയം യൂറോപ്യന്‍ യൂണിയും മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നിയമനിര്‍മ്മാണം ആവശ്യമായതിനാലാണ് ഒറ്റ ചാര്‍ജര്‍ എന്ന ആശയം നടപ്പാകാത്തത്.

നിയമം പാസായി കഴിഞ്ഞാല്‍ ഇതുമായി പൊരുത്തപ്പെട്ട് നിര്‍മ്മാണ രീതിയില്‍ മാറ്റം വരുത്തുന്നതിന് 24 മാസത്തെ ഗ്രേസ് പിരീഡ് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ലാപ്ടോപ് നിര്‍മ്മാതാക്കളുടെ കാര്യത്തില്‍ ഈ സമയം പരിധി 40 മാസം വരെയായി നീണ്ടേക്കും. 2024 ആകുമ്പോഴേയ്ക്കും യൂറോപ്യന്‍ യൂണിയനില്‍ 'ഒറ്റ ചാര്‍ജര്‍' എന്ന ആശയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.