image

3 Oct 2022 1:33 AM GMT

Technology

ചെറുഫോണിന്റെ വിലയില്‍ ലാപ്‌ടോപ്പ്: രണ്ടും കല്‍പിച്ച് ജിയോ

MyFin Desk

ചെറുഫോണിന്റെ വിലയില്‍ ലാപ്‌ടോപ്പ്: രണ്ടും കല്‍പിച്ച് ജിയോ
X

Summary

4ജി താരിഫില്‍ ഫ്രീ കോള്‍ മുതല്‍ അവിശ്വസീനയമായ നിരക്കില്‍ ഓഫറുകള്‍ വരെ നല്‍കി മാര്‍ക്കറ്റ് പിടിച്ചെടുത്ത റിലയന്‍സ് ജിയോയ്ക്ക് പിന്നീട് ലഭിച്ചത് ശതകോടികളുടെ ലാഭവും ഒപ്പം മികച്ച ഉപഭോക്തൃ അടിത്തറയുമായിരുന്നു. കമ്പനി ഇറക്കിയ ജിയോ ഫൈബര്‍ മുതല്‍ കുറഞ്ഞ വിലയ്ക്ക് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ജിയോഫോണ്‍ എന്ന 4ജി സ്മാര്‍ട്ട് ഫോണിന് വരെ മികച്ച ജനപ്രീതി കിട്ടി. 12,000 രൂപ വിലയില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ കമ്പനി ചുവടുവെപ്പുകള്‍ നടത്തുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 15,000 രൂപയ്ക്ക് […]


4ജി താരിഫില്‍ ഫ്രീ കോള്‍ മുതല്‍ അവിശ്വസീനയമായ നിരക്കില്‍ ഓഫറുകള്‍ വരെ നല്‍കി മാര്‍ക്കറ്റ് പിടിച്ചെടുത്ത റിലയന്‍സ് ജിയോയ്ക്ക് പിന്നീട് ലഭിച്ചത് ശതകോടികളുടെ ലാഭവും ഒപ്പം മികച്ച ഉപഭോക്തൃ അടിത്തറയുമായിരുന്നു. കമ്പനി ഇറക്കിയ ജിയോ ഫൈബര്‍ മുതല്‍ കുറഞ്ഞ വിലയ്ക്ക് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ജിയോഫോണ്‍ എന്ന 4ജി സ്മാര്‍ട്ട് ഫോണിന് വരെ മികച്ച ജനപ്രീതി കിട്ടി.

12,000 രൂപ വിലയില്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ കമ്പനി ചുവടുവെപ്പുകള്‍ നടത്തുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 15,000 രൂപയ്ക്ക് 4ജി ലാപ്‌ടോപ് ഇറക്കിയേക്കുമെന്ന സൂചനയും ലഭിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

ജിയോയുടെ ലാപ്‌ടോപ്

ലാപ്‌ടോപ് നിര്‍മ്മാണത്തിനായി ആഗോള ടെക്ക് കമ്പനികളായ ക്വാല്‍കോമുമായും മൈക്രോസോഫ്റ്റുമായും റിലയന്‍സ് ധാരണയിലെത്തിയെന്നാണ് വിവരം. ജിയോബുക്ക് എന്നാകും ലാപ്‌ടോപിന്റെ പേര്. വിന്‍ഡോസ് ഒഎസിന്റെ സപ്പോര്‍ട്ടാകും ലാപ്‌ടോപ്പിനുണ്ടാകുക. എന്നാല്‍ ജിയോയുടെ 'ജിയോ ഒഎസ്' എനേബിള്‍ഡായ മോഡലുകളും കമ്പനി ഇറക്കിയേക്കും.

സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധമുള്ള രൂപകല്‍പനയാകും (ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍) ലാപ്‌ടോപ്പിന് നല്‍കുക. ലാപ്‌ടോപ്പിന്റെ ഘടകങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ഫ്‌ളെക്‌സ് എന്ന കരാര്‍ കമ്പനിയുമായി സഹകരിച്ച് പ്രാദേശികമായി ലാപ്‌ടോപ്പ് നിര്‍മ്മിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. ലാപ്‌ടോപ്പില്‍ 4ജി സിം ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വ്യാപനം ശക്തമായിരുന്ന 2020 മുതല്‍ ആഗോളതലത്തില്‍ ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആവശ്യക്കാര്‍ ഏറിയിരുന്നു. കോവിഡ് പ്രതിസന്ധി ഏറെക്കുറേ ശമിച്ചിട്ടും ഗാഡ്ജറ്റ് വില്‍പനയില്‍ കുറവ് വന്നിട്ടില്ല. ജനപ്രിയ ലാപ്‌ടോപ് ബ്രാന്‍ഡുകളായ എച്ച്പി, ലെനോവോ, ഡെല്‍, ഏയ്‌സര്‍ എന്നിവയ്‌ക്കെല്ലാം ഇപ്പോഴും മാര്‍ക്കറ്റില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

എച്ച്പിയുടെ ക്രോം ബുക്ക് ഉള്‍പ്പടെയുള്ള ബജറ്റ് ലാപ്‌ടോപ്പുകളും വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ക്രോം ബുക്കിന് സമാനമായി മിക്ക കമ്പനികളും കുറഞ്ഞ കോണ്‍ഫിഗറേഷന്‍ ഉള്ള ലാപ്‌ടോപ്പുകള്‍ ഇറക്കുന്നുണ്ട്. ഇത്തരം മോഡലുകള്‍ക്കൊപ്പം ജിയോബുക്കും വിപണിയില്‍ മികച്ച വില്‍പന നേടിയേക്കുമെന്ന് ടെക്ക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ജിയോയുടെ 5ജി ഫോണും ഉടന്‍

12,000 രൂപയില്‍ താഴെ വിലയുള്ള 5ജി ഫോണ്‍ ഇറക്കുമെന്ന് ഏതാനും ആഴ്ച്ച മുന്‍പാണ് റിലയന്‍സ് അറിയിച്ചത്. രാജ്യത്ത് കമ്പനിയുടെ 5ജി സേവനം വ്യാപിപ്പിച്ചതിന് ശേഷമാകും കുറഞ്ഞ നിരക്കിലുള്ള 5ജി ഫോണ്‍ ഇറക്കുക എന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 4ജി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെയെല്ലാം പുതിയ 5ജി ഫോണിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

5ജി സേവനം വ്യാപിപ്പിക്കാന്‍ ഇനിയും കുറച്ച് മാസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ 2024 ആരംഭത്തോടെ മാത്രമേ ജിയോയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെക്കൂ എന്നാണ് സൂചന. പുതിയ ജിയോ ഫോണ്‍ നിര്‍മ്മിക്കുന്നതിനായി റിലയന്‍സ് ജിയോയും ക്വാല്‍കോമും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.

കൊറിയന്‍ ഇലക്ട്രോണിക്സ് നിര്‍മ്മാണ കമ്പനിയായ എസ്‌കെ ഹൈനിക്സ് ഫോണിന്റെ ക്യാമറയും, ചൈനീസ് കമ്പനിയായ ഗ്വാങ്ഡോങ് ഫെന്‍ഗ്യുവാ ന്യു എനര്‍ജി ബാറ്ററിയും അനുബന്ധ സാമഗ്രികളും നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് സെമികണ്ടക്ടര്‍ നിര്‍മ്മാതാവായ ക്വാല്‍കോമാണ് ഫോണിന്റെ പ്രോസസ്സര്‍ നിര്‍മ്മിക്കുക.

2023 ഡിസംബറോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും താലൂക്കുകളിലും 5ജി സേവനം എത്തിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. രാജ്യവ്യാപകമായി 5ജി നെറ്റ് വര്‍ക്ക് കൊണ്ടുവരുന്നതിന് രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപം നടത്തുക.