image

17 May 2022 9:07 AM GMT

Technology

കോഫിയിൽ മുക്കിയ ലേഡിഫിംഗറുകൾ - ആൻഡ്രോയിഡ് 13 വരുമ്പോൾ!

Karthika

കോഫിയിൽ മുക്കിയ ലേഡിഫിംഗറുകൾ - ആൻഡ്രോയിഡ് 13 വരുമ്പോൾ!
X

Summary

ആൻഡ്രോയിഡ് പതിപ്പുകൾക്ക് മധുരപലഹാരങ്ങളുടെ പേരിട്ടിരുന്ന കാലം ഓർക്കുന്നുണ്ടോ? ജെല്ലിബീൻ, കിറ്റ്-കാറ്റ് മുതലായവ? 2018-ൽ പൊതു റിലീസുകൾക്ക് ആൻഡ്രോയിഡ് 9 അല്ലെങ്കിൽ 'ആൻഡ്രോയിഡ് പൈ' എന്നതിന് ശേഷം ഡെസേർട്ടുകളുടെ പേരിടുന്നത് നിർത്തി. അതിനുശേഷം, OS റിലീസുകൾക്കുള്ള പേരിടൽ പരിപാടിയിൽ ഗൂഗിൾ പിന്നോട്ട് പോയി. പക്ഷേ, അവയ്ക്ക് അപ്പോഴും "മധുരമായ" കോഡ് പേരുകൾ ഉണ്ടായിരുന്നു: ആൻഡ്രോയിഡ് 10-നെ ക്വിൻസ് ടാർട്ട് എന്നും 11-നെ റെഡ് വെൽവെറ്റ് കേക്ക് എന്നും ടെക് ലോകം കാത്തിരിക്കുന്ന ആൻഡ്രോയിഡ് 13-നെ ടിറാമിസു എന്നും വിളിക്കുന്നു. […]


ആൻഡ്രോയിഡ് പതിപ്പുകൾക്ക് മധുരപലഹാരങ്ങളുടെ പേരിട്ടിരുന്ന കാലം ഓർക്കുന്നുണ്ടോ?

ജെല്ലിബീൻ, കിറ്റ്-കാറ്റ് മുതലായവ? 2018-ൽ പൊതു റിലീസുകൾക്ക് ആൻഡ്രോയിഡ് 9 അല്ലെങ്കിൽ 'ആൻഡ്രോയിഡ് പൈ' എന്നതിന് ശേഷം ഡെസേർട്ടുകളുടെ പേരിടുന്നത് നിർത്തി. അതിനുശേഷം, OS റിലീസുകൾക്കുള്ള പേരിടൽ പരിപാടിയിൽ ഗൂഗിൾ പിന്നോട്ട് പോയി. പക്ഷേ, അവയ്ക്ക് അപ്പോഴും "മധുരമായ" കോഡ് പേരുകൾ ഉണ്ടായിരുന്നു: ആൻഡ്രോയിഡ് 10-നെ ക്വിൻസ് ടാർട്ട് എന്നും 11-നെ റെഡ് വെൽവെറ്റ് കേക്ക് എന്നും ടെക് ലോകം കാത്തിരിക്കുന്ന ആൻഡ്രോയിഡ് 13-നെ ടിറാമിസു എന്നും വിളിക്കുന്നു.
കാപ്പിയുടെ രുചിയുള്ള ഇറ്റാലിയൻ പലഹാരമാണ് ടിറാമിസു. കോഫിയിൽ മുക്കിയ ലേഡിഫിംഗറുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളിൽ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലുള്ള ഷോർലൈൻ ആംഫി തിയേറ്ററിൽ, ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 13 (ടിറാമിസു)-ന്റെ അടുത്ത പതിപ്പ് പ്രഖ്യാപിക്കും.

ആൻഡ്രോയിഡ് 13 ൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങളും പുതിയ ഫീച്ചറുകളും ആളുകളുടെ ഗാഡ്ജെറ്റ് ഉപയോഗത്തിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്നതാണ്.

'മെറ്റീരിയൽ യു' തീമുകൾ (Material You)

ആൻഡ്രോയിഡ് ഗാഡ്‌ജെറ്റുകളുടെ, പ്രത്യേകിച്ചും ഫോണുകളുടെ തീമുകൾ, ആപ്പ് ഐക്കണുകൾ, ലോഗോകൾ, മെനു, വോളിയം / ബ്രൈറ്റ്‌നസ് സ്ലൈഡറുകൾ തുടങ്ങിയവയുടെ നിറവും സ്റ്റൈലും ഉപഭോകതാവ് തിരഞ്ഞെടുത്ത വാൾപേപ്പറിനെ അടിസ്ഥാനമാക്കി ക്രമീകരിക്കപ്പെടും. "വൈബ്രന്റ്", "എക്‌സ്‌പ്രസീവ്", കൂടാതെ ഡിസാച്ചുറേറ്റഡ്, മോണോക്രോമാറ്റിക് "സ്പ്രിറ്റ്സ്" തുടങ്ങിയ കളർ പാറ്റേണുകൾ തങ്ങൾക്ക് അനുകൂലമായി ഡിസ്‌പ്ലൈ ക്രമീകരിക്കുന്നതിന് ഉപഭോക്താവിനെ കൂടുതൽ സഹായിക്കും.

ഗൂഗിൾ ഫോട്ടോകളിലെ സിനിമാറ്റിക് ഇമേജുകൾക്ക് സമാനമായ "സിനിമാറ്റിക്" വാൾപേപ്പറുകൾ ആൻഡ്രോയിഡ് 13-ലും വരുന്നുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇത് ഒരു ഉപയോക്താവിന്റെ ഫോട്ടോ ലൈബ്രറിയിൽ നിന്നുള്ള ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇഷ്‌ടാനുസൃത "തത്സമയ" വാൾപേപ്പറുകൾ പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ഒരു സവിശേഷതയാണ്.

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC)

"ടാപ്പ് ടു ട്രാൻസ്ഫർ" എന്ന ആശയം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സോഫ്ട്‍വെയറുകളിൽ പുതുക്കപ്പെടാറുണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളെ ഫിസിക്കൽ ടാപ്പിലൂടെ ഫയലുകളും ലിങ്കുകളും മറ്റും കൈമാറാൻ അനുവദിക്കുന്ന നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ എൻഎഫ്‌സി അവതരിപ്പിച്ചത് അതിന്റെ ഭാഗമായിട്ടാണ്. പക്ഷേ എല്ലായ്‌പോഴും അത് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചില്ല. വർഷങ്ങളായി നിലവിലുള്ള ബ്ലൂടൂത്ത്, വൈ-ഫൈ - ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള എയർഡ്രോപ്പ് എന്നിവ പോലുള്ള കൂടുതൽ വിശ്വസനീയമായ ഫയൽ ട്രാൻസ്ഫർ സാങ്കേതികവിദ്യകൾ നിലവിലുള്ളപ്പോൾ ആര് എൻഎഫ്‌സി ഉപയോഗിക്കാനാണ്!

ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ 'മീഡിയ ടാപ് ടു ട്രാൻസ്ഫർ ' എന്ന പുതിയ സാങ്കേതിക വിദ്യ ആൻഡ്രോയിഡ് 13 ൽ ഉണ്ടാകും എന്നാണ് സൂചന. ഗൂഗിളിന്റെ ഓപ്പറേറ്റിങ് സോഫ്ട്‍വെയറുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഹോം ഉപകരണങ്ങളും നിയന്ത്രിക്കാനാകാവുന്ന നിലയിലേക്ക് ആ ടെക്‌നോളജി വളർത്താനാണ് ഗൂഗിൾ ശ്രമിക്കുന്നത്.

ഓരോ ആപ്പിനും ഓരോ ഭാഷ (‘multilingual’ per-app language settings)

പൊതുവെ ഓപ്പറേറ്റിങ് സോഫ്ട്‍വെയറിൽ നമ്മൾ തിരഞ്ഞെടുത്തിരിക്കുന്ന ഭാഷയിൽ തന്നെയാണ് ഓരോ ആപ്പുകളും നമുക്ക് ലഭ്യമാകുക.ആൻഡ്രോയിഡ് 13 ഉപയോക്താക്കൾക്ക് ഓരോ ആപ്ലിക്കേഷനും ഓരോ ഭാഷ സജ്ജീകരിക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യും, ഇത് ഇന്ത്യ പോലെ ഒന്നിലധികം ഭാഷ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ ആളുകൾക്ക് പ്രയോജനകരമാകും.

ഓപ്റ്റ്-ഇൻ നോട്ടിഫിക്കേഷൻ

ആപ്പിളിന്റെ പ്ലേ ബുക്കിന്റേതിന് സമാനമായ രീതിയിൽ ഇനി പുതുതായി ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ഓരോ ആപ്പുകളുടെയും നോട്ടിഫിക്കേഷൻ വേണോ വേണ്ടയോ എന്ന ചോദ്യം ഉണ്ടാകും. 'യെസ്,നോ' എന്നീ ഓപ്ഷൻസ് ആണ് ആൻഡ്രോയിഡ് 13 ബീറ്റാ വേർഷനുകളിൽ ഉള്ളതെങ്കിലും ചെറു അപ്‌ഡേറ്റുകളിലൂടെ കൂടുതൽ ഓപ്‌ഷനുകൾ നോട്ടിഫിക്കേഷൻ കാര്യത്തിൽ ഉണ്ടാകും. നിലവിൽ നോട്ടിഫിക്കേഷനുകളോട് പ്രതികരിക്കാൻ ആപ്പുകളിലേക്ക് പോകാതെ നോട്ടിഫിക്കേഷൻ ബാനർ തന്നെ മതിയാകുന്ന രീതിയിലാണ് ആൻഡ്രോയിഡ് ക്രമീകരിച്ചിരിക്കുന്നത്.

ഉയർന്ന ബാറ്ററി ലൈഫ്

സ്മാർട്ഫോണുകളിലെയും ഗാഡ്‌ജെറ്റുകളിലെയും ബാറ്ററി ചോർച്ചയുടെ കാരണം ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകളും,ഓപ്പറേറ്റിങ് സോഫ്ട്‍വെയർ പ്രവർത്തനങ്ങളുമാണ്. ആൻഡ്രോയിഡ് 12 ൽ ആപ്പുകളുടെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനം നിയന്ത്രിക്കാൻ ഓപ്‌ഷൻ ഉണ്ടായിരുന്നെങ്കിലും അത് പലപ്പോഴും ആപ്പുകളുടെ പെർഫോമൻസിനെ ബാധിച്ചിരുന്നു. മാത്രമല്ല ആ ഓപ്‌ഷൻ കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടുമായിരുന്നു. അതുകൊണ്ടു തന്നെ നോട്ടിഫിക്കേഷൻ ബാറിന് ഒപ്പമുള്ള ടോഗിൾ സ്വിച്ചുകളിൽ ഒന്നായി ആ ഓപ്‌ഷൻ അവതരിപ്പിച്ചേക്കും.അനുവാദമില്ലാതെ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകളെ കണ്ടെത്തും, ബാക്ക്ഗ്രൗണ്ട് പ്രവർത്തനം ആവശ്യമുണ്ട് എന്ന് തോന്നുന്ന ആളുകൾക്ക് ഉപഭോക്താവിന്റെ നിർദേശപ്രകാരം അനുവാദം നൽകും, അങ്ങനെ ബാറ്ററി ചോർച്ചയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണുവാനാകും.

ഗെയിമിംഗ്

റിപ്പോർട്ടുകൾ അനുസരിച്ച്, ആൻഡ്രോയിഡ് 13 ന് സിപിയു വേഗത താൽക്കാലികമായി വർദ്ധിപ്പിക്കുന്ന ഒരു ഓപ്ഷൻ ഉണ്ടായിരിക്കും, ഇത് ഗെയിമുകൾ വേഗത്തിൽ സമാരംഭിക്കാൻ അനുവദിക്കുന്നു.

ബ്ലൂടൂത്ത് ലോ-എനർജി ഓഡിയോ

ആൻഡ്രോയിഡ് 13-ന് ബ്ലൂടൂത്ത് ലോ-എനർജി ഓഡിയോ അവതരിപ്പിക്കാനാകും, അത് ഓഡിയോ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കുറഞ്ഞ ബാറ്ററി ചാർജിൽ, ഒന്നിലധികം ഹെഡ്‌ഫോണുകൾ/സ്പീക്കറുകൾ, ശ്രവണസഹായി ഉപകരണങ്ങൾ എന്നിവയുമായി ഒരേ സമയം കണക്ട് ചെയുവാനാകും.

സ്പേഷ്യൽ ഓഡിയോ

ആൻഡ്രോയിഡ് 13 ബീറ്റ 1 സ്‌പേഷ്യലൈസർ ഇഫക്റ്റ് നൽകുന്നുണ്ട്., ഇത് iPhone-ന്റെ സ്പേഷ്യൽ ഓഡിയോ സവിശേഷതയുടെ Google-ന്റെ പതിപ്പായി മാറിയേക്കാം. ആപ്പിളിന്റെ സ്പേഷ്യൽ ഓഡിയോ ഫീച്ചർ 360-ഡിഗ്രിയിൽ ഓഡിയോ ആസ്വദിക്കാനാകുന്ന സാങ്കേതിക വിദ്യയാണ്.

2016-ൽ പിക്‌സൽ ലൈനപ്പ് അരങ്ങേറ്റം കുറിച്ചത് മുതൽ എല്ലാ വർഷവും സംഭവിക്കുന്നതുപോലെ, ഗൂഗിളിന്റെ സ്വന്തം സ്‌മാർട്ട്‌ഫോണുകൾക്കാണ് ആൻഡ്രോയിഡ് 13 ആദ്യം ലഭിക്കുന്നത്, അതിനു ശേഷം മറ്റു സ്മാർട്ഫോൺ നിർമാതാക്കളിലേക്കും എത്തും.

ഓരോ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കും ആൻഡ്രോയിഡ് ഓപ്പൺ സോഴ്‌സ് പ്രോജക്‌റ്റിൽ നിന്ന് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ആക്‌സസ് ലഭിക്കുന്നു, അതിനുശേഷം അവർ തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളുടെ രൂപത്തിനും ഭാവത്തിനും അനുയോജ്യമായ രീതിയിൽ OS മാറ്റങ്ങൾ വരുത്തുന്നുണ്ട്. സാംസങ്ങിന് അതിന്റെ വൺ യുഐ ഉണ്ട്, ഷവോമിക്ക് എംഐയുഐ ഉണ്ട്, വൺപ്ലസിന് ഓക്സിജൻ ഒഎസ് ഉണ്ടായിരുന്നു, എന്നാൽ ഓക്സിജൻ ഒഎസിന്റെയും സഹോദര കമ്പനിയായ ഓപ്പോയുടെ കളർ OSന്റെയും കോഡ്ബേസുകൾ ലയിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
"സ്‌കിന്നിംഗ്" എന്ന് വിളിക്കപ്പെടുന്ന ഈ മാറ്റങ്ങൾ മറ്റ് സ്മാർട്ഫോൺ (പിക്സെൽ ഒഴികെയുള്ളത്,ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്നവ ) ബ്രാൻഡുകളുടെ ആൻഡ്രോയിഡ് റിലീസുകൾ താമസിപ്പിക്കാൻ കാരണമാകുന്നുണ്ട്.അങ്ങനെയെങ്കിൽ പിക്സെൽ ഒഴികെയുള്ള മറ്റ് ആൻഡ്രോയിഡ് അധിഷ്ഠിത ഗാഡ്‌ജെറ്റുകളിൽ ആൻഡ്രോയിഡ് 13 എത്താൻ സമയം ഇനിയും എടുക്കും.